ന്യുജേഴ്സി: തികച്ചും വ്യതസ്തമായ പരിപാടികളുമായി നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ അറിയിച്ചു. നാമത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ മാധവന് ബി നായരും പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പിയും നേതൃത്വം നല്കുന്ന അവാര്‍ഡ് നിശ, ന്യുജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ് പാലസില്‍ 2016 മാര്‍ച്ച് 19 വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെയാണ് നാമം എക്സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കുന്നത്. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ കൊമേഡിയനായ രാജീവ് സത്യാല്‍ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി അവാര്‍ഡ് നിശയിലെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും. മുന്‍ വര്ഷങ്ങളിലെന്നപോലെ ഇക്കുറിയും പ്രൊഫഷണല്‍ കലാകാരന്മാര് അവതരിപ്പിക്കുന്ന നൃത്തസംഗീത പരിപാടികള്‍ ഉണ്ടാകും. അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങി പുതുമ നിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങില്‍ വെച്ച് നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും. നാമം പ്രവര്‍ത്തകര്‍ വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
Comments