മാത്യു ജോസ്
ഫീനിക്സ്: കേരളത്തിലെ നസ്രാണി ക്രൈസ്തവരുടെ പരമ്പരാഗത ഭക്താനുഷ്ഠാനമായ "പിണ്ടികുത്തി' തിരുനാള്‍ ഫീനിക്സ് തിരുകുടുംബ ദേവാലയത്തില്‍ ഈവര്‍ഷവും ഏറെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ഈശോ മിശിഹ സ്നാപഹ യോഹന്നാനില്‍ നിന്നും അനുതാപത്തിന്റെ മാമ്മോദീസ സ്വീകരിച്ച ദഹനാ തിരുനാളിനോടനുബന്ധിച്ചാണ് പരമ്പരാഗതമായി കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഈ തിരുനാള്‍ ആഘോഷിക്കുക. ചിലയിടങ്ങളില്‍ ഈ തിരുനാളാഘോഷം രാക്കുളി എന്നും അറിയപ്പെടുന്നു. കുത്തിനിര്‍ത്തിയ വാഴപ്പിണ്ടിയില്‍ ദീപം തെളിയിച്ച് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമിട്ടു. ദീപങ്ങളുടെ തിരുനാളാണ് പിണ്ടികുത്തി തിരുനാള്‍. ലോകത്തിന്റെ പ്രകാശമായിത്തീര്‍ന്ന ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കാനുള്ള അവസരമാണ് പിണ്ടികുത്തി തിരുനാളെന്ന് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്കിയ സന്ദേശത്തില്‍ സൂചിപ്പിച്ചു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് തിരുകര്‍മ്മങ്ങള്‍ക്കും വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ കാര്‍മികത്വം വഹിച്ചു. ട്രസ്റ്റിമാരായ ജയ്സണ്‍ വര്‍ഗീസ്, പ്രസാദ് ഫിലിപ്പ്, മനോജ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്കി. മാത്യു ജോസ് അറിയിച്ചതാണിത്.
Comments