ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സുഖദു:ഖങ്ങളെ വിവിധ വാര്‍ത്താ മാധ്യമങ്ങളിലൂടെ സത്യസന്ധമായി ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥനും, സമര്‍പ്പിതനുമായ മാധ്യമ പ്രവര്ത്തകന് ശ്രീ ജോയിച്ചന്‍ പുതുക്കുളത്തിന്റെ സപ്തതി, ഷിക്കാഗോയിലെ മലയാളി സമൂഹം സ്നേഹാദരവുകളോടെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഡിസംബര്‍ 26-ന് ശനിയാഴ്ച 5 മണിക്ക് സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തപ്പെട്ട കൃതജ്ഞതാബലിയില്‍ ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ പള്ളി വികാരിയും, വികാരി ജനറാളുമായ റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, റവ.ഫാ. സെബി ചിറ്റിലപ്പള്ളി, റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ (മലങ്കര കാത്തലിക് ചര്‍ച്ച്) എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദേവാലയത്തിലെ വിശുദ്ധ കര്‍മ്മങ്ങള്‍ക്കുശേഷം, കത്തീഡ്രല്‍ ദേവാലയത്തിലെ വിശാലമായ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് അധ്യക്ഷത വഹിച്ചു. ജെസ്സി കുര്യന്റെ പ്രാര്‍ത്ഥനാ ഗാനത്തിനുശേഷം കുടുംബാംഗങ്ങള്‍ക്കുവേണ്ടി സിബി ആലുംപറമ്പില്‍ ആമുഖ പ്രസംഗം നടത്തുകയും, ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് അനുഗ്രഹപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ വളര്‍ച്ചയും, മറ്റു പ്രവര്‍ത്തനങ്ങളും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് വാര്‍ത്താമാധ്യമങ്ങളിലൂടെ എത്തിക്കുന്നതില്‍ ജോയിച്ചന്‍ പുതുക്കുളം കാണിച്ച നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും, വികാരി ജനറാളും, കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ പ്രസംഗിച്ചു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ നാളിതുവരെയുള്ള വളര്‍ച്ചയുടെ പാതയില്‍ മാധ്യമങ്ങളിലൂടെ ജോയിച്ചന്‍ പുതുക്കുളം നടത്തിയ നിസ്വാര്‍ത്ഥമായ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് സംസാരിച്ചു. ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ. ദാനിയേല്‍ ജോര്‍ജ് നടത്തിയ ആശംസാ പ്രസംഗത്തില്‍ ജോയിച്ചന്‍ പുതുക്കുളം ഷ്ക്കാഗോയിലെ ക്രൈസ്തവ കൂട്ടായ്മയ്ക്ക് നല്കിയ വിലയേറിയ സേവനങ്ങള്‍ക്കും, നേതൃത്വങ്ങള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും, പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലായി ഷിക്കാഗോയിലേയും, അമേരിക്കന്‍ മലയാളി സമൂഹത്തിന്റേയും നാനാവിധമായ വളര്‍ച്ചയ്ക്കുവേണ്ടി ജോയിച്ചന്‍ പുതുക്കുളം അനുഷ്ഠിച്ച ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട്, സമൂഹത്തിനുവേണ്ടി അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ കൂടിയ പൗരാവലിയെ സാക്ഷിനിര്‍ത്തി ജോയിച്ചന്‍ പുതുക്കുളത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിവിധ പ്രസ്ഥാനങ്ങളേയും മത-സാംസ്കാരിക സംഘടനകളേയും പ്രതിനിധീകരിച്ച് വിവിധ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുടുംബാംഗങ്ങള്‍ക്കുവേണ്ടി റോസിലിന് ചാരാത്ത് നന്ദിപ്രസംഗം നടത്തി. തനിക്ക് നല്കിയ സ്നേഹോഷ്മളമായ സ്വീകരണത്തിനും സഹകരണത്തിനും നന്ദി പറഞ്ഞുകൊണ്ട് ജോയിച്ചന്‍ പുതുക്കുളം നന്ദി പ്രസംഗം നടത്തി. തുടര്‍ന്ന് സിമി ജസ്റ്റോയുടെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സപ്തതി ആഘോഷങ്ങളുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ജനറല്‍ കോര്‍ഡിനേറ്റര്‍ സിനു പാലയ്ക്കത്തടം, സമയബന്ധിതമായി ആഘോഷപരിപാടികള്‍ ക്രമീകരിച്ച് അവിസ്മരണീയമാക്കി. മലബാര്‍ കേറ്ററിംഗിന്റെ വിഭവസമൃദ്ധമായ സ്നേഹവിരുന്നോടൂകൂടി ആഘോഷപരിപാടികള്‍ സമാപിച്ചു. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി കാനഡയിലേയും വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളിലേയും വിവിധ മതസ്ഥരായ മലയാളികളുടെ നൂറുകണക്കിന് ദേവാലയങ്ങളില്‍ വര്ഷംമുഴുവന് നടക്കുന്ന വിവിധ ആഘോഷങ്ങള്‍, ആരാധനകള്‍, വാര്‍ഷികങ്ങള്‍, കണ്‍വന്‍ഷനുകള്‍, ധ്യാനങ്ങള്‍, പെരുന്നാളുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ക്രിസ്മസ്, ന്യൂഇയര്‍, ഈസ്റ്റര്‍, ഓണം, വിഷു ആഘോഷങ്ങള്‍, വിവിധ മലയാളി സംഘടനകളുടെ ആണ്ടോടാണ്ട് നടക്കുന്ന ചെറുതും വലുതുമായ പരിപാടികള്‍, നിരവധി പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനുകളുടെ വിവിധ കര്‍മ്മപരിപാടികള്‍, വിവിധ സ്ഥലക്കാരുടേയും കുടുംബങ്ങളുടേയും, കൂട്ടായ്മകള്‍, പിക്നിക്കുകള്‍, യാത്രകള്‍, ഒത്തുചേരലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ആയിരക്കണക്കിന് പരിപാടികളുടെ പതിനായിരക്കണക്കിനു വാര്‍ത്തകള്‍ ജോയിച്ചന്‍ പുതുക്കുളം എന്ന കര്‍മ്മയോഗിയായ പത്രപ്രവര്‍ത്തകന്റെ കൈകളിലൂടെ ലക്ഷക്കണക്കിന് വായനക്കാരില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. പ്രവാസി മലയാളികള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന തൊഴില്‍ സംരംഭങ്ങളും, ബിസിനസുകളും, വാര്‍ത്താമാധ്യമങ്ങളും- അവരവര്‍ക്ക് ജീവിതമാര്‍ഗ്ഗവും വരുമാനസ്രോതസും കൂടിയാണ്. എന്നാല്‍ ജോയിച്ചന്‍ പുതുക്കുളത്തിന്റെ പത്രപ്രവര്‍ത്തനം അദ്ദേഹത്തിന് പ്രതിഫലം ലഭിക്കാത്ത കര്‍മ്മമായി തുടരുമ്പോഴും, അദ്ദേഹം സംതൃപ്തനും, കര്‍മ്മനിരതനുമായി നിലകൊണ്ട് പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ എവിടെയുമുണ്ടാകുന്ന ചരമങ്ങള്‍ ആരെങ്കിലും ജോയിച്ചനെ വിളിച്ചറിയിച്ചാല്‍ - അദ്ദേഹം കൃത്യവും വിശദവുമായ വിവരങ്ങളും ഫോട്ടോകളും സംഘടിപ്പിച്ച്- ഭാഷാശുദ്ധിവരുത്തി വാര്‍ത്തയാക്കി നേരംപുലരുമ്പോഴേയ്ക്കും വിവിധ പത്രങ്ങളിലും, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച് കാണുമ്പോഴാണ് പലപ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും പോലും മരണവാര്‍ത്ത അറിയുന്നത്. ജോയിച്ചന്‍ ലഭിക്കുന്നതാകട്ടെ ഉറക്കംനഷ്ടപ്പെട്ട രാത്രികളും. പത്രപ്രവര്‍ത്തനരംഗത്ത് നിസ്വാര്‍ത്ഥ സേവനം നിര്‍വഹിക്കുന്ന വളരെ വ്യത്യസ്തനായ ഒരു സാമൂഹ്യ സേവകനാണ് ശ്രീ. ജോയിച്ചന്‍. അമേരിക്കന്‍ മലയാളി പ്രസ്ഥാനങ്ങളുടെ വിവിധ നേതൃസ്ഥാനങ്ങളില്‍ എത്തപ്പെട്ട നൂറുകണക്കിന് ആളുകളുടെ പേരിലും പ്രശസ്തിയിലും ജോയിച്ചന്‍ നല്കിയ വാര്‍ത്തകളും പ്രോത്സാഹനങ്ങളും സഹായിച്ചിട്ടുണ്ടെന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. നിരവധി മാധ്യമങ്ങള്‍ വാര്‍ത്തകളും, ചരമങ്ങള്‍ പോലും പ്രസിദ്ധീകരിക്കാന്‍ പ്രതിഫലം ആഗ്രഹിക്കുമ്പോള്‍ ജോയിച്ചന്‍ പുതുക്കുളം എന്ന സമര്‍പ്പിതനും കഠിനാധ്വാനിയുമായ പ്രവാസി ജേര്ണലിസ്റ്റിന് പലപ്പോഴും "നന്ദി' എന്നൊരു വാക്കുപോലും ലഭിക്കാറില്ല എന്നതാണ് വസ്തുത. എന്നാല്‍ ഒറ്റപ്പെട്ട ചില വ്യക്തികളും, പ്രസ്ഥാനങ്ങളും നല്കുന്ന കരുതലുകളും, അംഗീകാരവും, അവാര്‍ഡുകളും അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും, വിനയാന്വിതനാക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. എഴുപതു വയസ്സു പൂര്‍ത്തിയാക്കുന്ന ജോയിച്ചന്‍ പുതുക്കുളം എന്ന നിസ്വാര്‍ത്ഥനും കര്‍മ്മനിരതനുമായ പത്രപ്രവര്ത്തകന് ഹൃദയം നിറഞ്ഞ ആശംസകള്‍. റിപ്പോര്‍ട്ട് തയാറാക്കിയത്: ജോസ് വര്‍ഗീസ് പൂന്തല.
Comments