സി.എസ് ചാക്കോ
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ അധീനതയിലുള്ള നോര്‍ത്ത് ഈസ്റ്റ്, ഈസ്റ്റ് ഈസ്റ്റ് സെന്ററിലെ ഇടവകകളുടെ സംയുക്ത അനുസ്മരണ യോഗം ജനുവരി 18-ന് ക്യൂന്‍സ് വില്ലേജിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് നടത്തപ്പെട്ടു. ക്വയറിന്റെ "Amazing Grace' എന്ന പ്രാരംഭ ഗാനത്തോടൊപ്പം, വൈകിട്ട് 7 മണിക്ക് തുടങ്ങിയ ശുശ്രൂഷയ്ക്ക് ഭദ്രാസന ബിഷപ്പ് റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ നേതൃത്വം കൊടുത്തു. നോര്‍ത്ത് സൗത്ത് റീജിയനില്‍ നിന്നുള്ള റവ. ഐസക് പി. കുര്യന്, റവ. റോയി തോമസ്, റവ. ഡെന്നീസ് ഏബ്രഹാം, റവ. ഷിബി ഏബ്രഹാം, റവ. ഷിനോയ് ജോസഫ് എന്നീ വൈദീകരെ കൂടാതെ ഡോ. റോണ്‍ ജേക്കബ്, ജയ്സണ്‍ വര്‍ഗീസ്, റോഷന് വര്‍ഗീസ്, ജസ്റ്റിന് ജോര്‍ജ്, സ്റ്റെഫി തോമസ്, സുനില്‍ വര്‍ഗീസ് എന്നിവരും ശുശ്രൂഷയില്‍ പങ്കാളികളായി. ടി.എസ് ചാക്കോ (എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, പോര്‍ട്ട്ചെസ്റ്റര്‍), മറിയാമ്മ ഏബ്രഹാം (എപ്പിഫാനി മാര്‍ത്തോമാ ചര്‍ച്ച്) എന്നിവര്‍ ഒന്നും രണ്ടും പാഠഭാഗങ്ങള്‍ വായിച്ചു. റവ. വര്‍ഗീസ് കെ. തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്കുശേഷം റൈറ്റ് റവ.ഡോ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി ഈ അനുസ്മരണ യോഗത്തിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തതോടൊപ്പം മാര്‍ത്തോമാ സഭയ്ക്കും, നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിനും സഖറിയാസ് തിരുമേനിയില്‍ നിന്നും ലഭിച്ച നേതൃത്വത്തേയും പ്രവര്‍ത്തനങ്ങളേയും അനുസ്മരിക്കുകയും ചെയ്തു. മാര്‍ത്തോമാ സഭയ്ക്ക് അഖിലലോക തലത്തില്‍ സഖറിയാസ് തിരുമേനിയില്‍ കൂടി ലഭിച്ച അംഗീകാരത്തെ ചൂണ്ടിക്കാട്ടിയതൊപ്പം, എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന് തിരുമേനി നല്കിയ സംഭാവനകളെ സ്മരിക്കുകയും ചെയ്തു. ഈ ഭദ്രാസാനത്തിന്റെ ആദ്യ റസിഡന്റ് ബിഷപ്പായി കടന്നുവന്ന സഖറിയാസ് തിരുമേനിയുടെ ദീര്‍ഘദര്‍ശനത്തിന്റേയും, പരിശ്രമത്തിന്റേയും ഫലമാണ് ഇന്നു കാണുന്ന സീനായ് മാര്‍ത്തോമാ സെന്റററും, നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ വളര്‍ച്ചയുമെന്ന് തിരുമേനി ചൂണ്ടിക്കാട്ടി. സഖറിയാസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള പദ്ധതികളും, പ്രവര്‍ത്തനങ്ങളും മനുഷ്യ നന്മയെ ലാക്കാക്കിയായിട്ടുള്ളതാണെന്നും, തിരുമേനിയുമായി വളരെ ചെറുപ്പത്തില്‍ തന്നെ സൗഹൃദം തുടക്കമിട്ടിരുന്ന കാര്യവും തിരുമേനി അനുസ്മരിച്ചു. "Dream is one Thing, which dosenot sleep' എന്ന ഡോ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ അഭിവന്ദ്യ സഖറിയാസ് തിരുമേനിയുടെ കാര്യത്തില്‍ അന്വര്ത്ഥമായിരുന്നുവെന്നും തിരുമേനിയെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മ്മകളുമായി ആ പുണ്യാത്മാവ് തുടങ്ങിവെച്ച സേവനങ്ങളും, പ്രസ്ഥാനങ്ങളും നമുക്ക് തുടരാമെന്നും, ആയതിലേക്ക് അഭി. സഖറിയാസ് തിരുമേനി നമ്മുടെ പ്രചോദനമാകട്ടെ എന്നും പ്രാര്‍ത്ഥിച്ചു. പിന്നീട് നോര്‍ത്ത് ഈസ്റ്റ് ഇടവകകളിലെ പട്ടക്കാരെ പ്രതിനിധീകരിച്ച് റവ. ഷിബു മാത്യു (ലോംഗ്ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച്) അഭിവന്ദ്യ സഖറിയാസ് തിരുമേനിയെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. തിരുമേനിയോടുകൂടി ഉണ്ടായിരുന്ന ജീവിതം അനുസ്മരിച്ച അച്ചന്, സഖറിയാസ് തിരുമേനിയുടെ ജീവിതമൂല്യത്തെപ്പറ്റിയും, ദര്‍ശനത്തെപ്പറ്റിയും സംസാരിച്ചു. തിരുമേനി ഒരു നല്ല ഗുരുവും, നല്ല മിഷണറിയും, അതൊടൊപ്പം നല്ലൊരു ദീര്ഘദര്ശിയുമായിരുന്നുവെന്ന് അച്ചന് ഓര്‍മ്മിപ്പിച്ചു. മെയ് 1-ന് അഖിലലോക തൊഴിലാളി ദിനത്തില്‍, എപ്പിസ്കോപ്പയായി സ്ഥാനാരോഹണം ചെയ്ത തിരുമേനി സഭയ്ക്ക് അഭിമാനകരവും, ജനങ്ങള്‍ക്ക് ഉപകാരപ്രദവുമായ അനേകം പ്രസ്ഥാനങ്ങള്‍ സ്ഥാപിച്ച വ്യക്തിയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അനേകം ആളുകള്‍ക്ക് നല്ല സ്നേഹിതനും ആത്മീയ പിതാവുമായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. യേശുദേവന്റെ സ്നേഹത്തിന്റെ മാസ്മരികതയില്‍ ആളുകള്‍ ആകര്ഷിക്കപ്പെട്ടെതെങ്കില്, ഇവിടെ പരിചയപ്പെടുന്നവരുടെ മനസ്സില്‍ ഒരു ഇടംകണ്ട ബിഷപ്പായിരുന്നു അഭി. സഖറിയാസ് തിരുമേനിയെന്നും ഓര്‍മ്മിപ്പിച്ചു. ജീവിതത്തിന്റെ അവസാനം വരെ ദൈവദൗത്യത്തിനായി വിനിയോഗിച്ച തിരുമേനി, 2015 ഡിസംബര്‍ 27-ന് സഭയ്ക്കും, ജനങ്ങള്‍ക്കും വേദനയുളവാക്കി നമ്മെ വിട്ടുപോയെങ്കിലും തിരുമേനിയുടെ മാതൃകകളും, ജീവിതപാതകളും പിന്‍പറ്റി ജീവിക്കുന്നതിനോടൊപ്പം, തിരുമേനിയുടെ ജീവിതത്തിനായി ദൈവത്തെ സ്തുതിക്കാം എന്നും വിശ്വാസി സമൂഹത്തോട് അച്ചന് ആഹ്വാനം ചെയ്തു. പിന്നീട് അനുസ്മരണ പ്രസംഗം നടത്തിയ തമ്പി കുര്യന് (കാര്‍മല്‍ മാര്‍ത്തോമാ ചര്‍ച്ച്, ബോസ്റ്റണ്‍) അഭിവന്ദ്യ സഖറിയാസ് തിരുമേനിയോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ലഭിച്ച ധന്യനിമിഷങ്ങളെ ഓര്‍ക്കുകയും, തിരുമേനിയുമാണ്ടായിരുന്ന ഊഷ്മള ബന്ധത്തെ അനുസ്മരിക്കുകയും ചെയ്തു. തിരുമേനിയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഒരു കൈത്താങ്ങല്‍ നല്കുവാന് സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും, അതുപോലെ സഖറിയാസ് തിരുമേനിയില്‍ നിന്നും ലഭിച്ച സ്നേഹത്തിനും കരുതലിനും എത്ര നന്ദി കരേറ്റിയാലും മതിയാവില്ലെന്നും അനുസ്മരിച്ചു. വിവിധ സഭകളുടെ മേലധ്യക്ഷന്മാരില് നിന്നും തസംഘടനാ നേതൃത്വത്തില്‍ നിന്നും ലഭിച്ച അനുശോചന സന്ദേശങ്ങള്‍ ഭദ്രാസന സെക്രട്ടറി റവ. ബിനോയി തോമസ് വായിച്ചു. റൈറ്റ് റവ. സഖറിയാസ് മാര്‍ നിക്കളാവോസ് (മലങ്കര ഓര്‍ത്തഡോക്സ്), റൈറ്റ് റവ. തോമസ് മാര്‍ യൗസേബിയോസ് (മലങ്കര കാത്തലിക് ചര്‍ച്ച്), ബിഷപ്പ് ജോണ്‍ സി. ഇട്ടി (സി.എസ്.ഐ), റവ. ജോണ്‍ മഗ്ലൗസ്, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി ജിം വിംഗ്ലര്‍ എന്നിവര്‍ അഭിവന്ദ്യ തിരുമേനിയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. വിവിധ ഇടവകകളില്‍ നിന്നും ഈ അനുസ്മരണ യോഗത്തിലേക്ക് കടന്നുവന്ന വൈദീകര്‍, ഭദ്രാസന അസംബ്ലി, മണ്ഡല അംഗങ്ങള്‍, കൈസ്ഥാന സമിതി അംഗങ്ങള്‍, സഭാ വിശ്വാസികള്‍ എന്നിവരോടുള്ള നന്ദിയും സ്നേഹവും ബിനോ തോമസ് അച്ചന് അറിയിച്ചു. അഭിവന്ദ്യ സഖറിയാസ് തിരുമേനിയുടെ ജീവിതത്തേയും, ലഭിച്ച മാതൃകകളേയും. തിരുമേനി സഭയ്ക്കും, ജനങ്ങള്‍ക്കും ചെയ്ത സേവനങ്ങളേയും ഓര്‍ത്ത് അച്ചന് സ്തുതി കരേറ്റുകയും ചെയ്തു. ഈ അനുസ്മരണ മീറ്റിംഗിന് വേദിയൊരുക്കികൊടുത്ത സെന്റ് ജോണ്‍സ് ഇടവകയ്ക്കും, ഇടവക ചുമതലക്കാര്‍ക്കും അഭിവന്ദ്യ തിരുമേനിയുടേയും, ഭദ്രാസനത്തിന്റേയും പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു. നോര്‍ത്ത്- സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നും കടന്നുവന്ന എല്ലാ പട്ടക്കാരോടുമുള്ള നന്ദിയും സ്നേഹവും ബിനോയി അച്ചന് അറിയിച്ചു. പ്രത്യേകിച്ച് ഭദ്രാസനാധിപനായ അഭിവന്ദ്യ തിയഡോഷ്യസ് തിരുമേനിയോടുള്ള കടപ്പാടും അറിയിച്ചു. അഭിവന്ദ്യ സഖറിയാസ് തിരുമേനി രചിച്ച ഗാനങ്ങള്‍ ഉള്‍പ്പടെ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ച ക്വയറിനോടുള്ള നന്ദിയും കടപ്പാടും സെക്രട്ടറി അച്ചന് അറിയിച്ചു. റവ.ഡോ. ഫിലിപ്പ് വര്‍ഗീസ് അച്ചന്റെ പ്രാര്‍ത്ഥനയ്ക്കും, അഭി. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനിയുടെ ആശീര്‍വാദത്തിനും ശേഷം ക്വയറിന്റെ "Nearer my God to thee' എന്ന ഗാനത്തോടെ അനുസ്മരണ ശുശ്രൂഷയ്ക്ക് വിരാമമായി. കാലം ചെയ്ത അഭി. സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത തിരുമേനി കടന്നുപോയ ജീവിത വഴികളില്‍ നിന്നും അടര്‍ത്തിയെടുത്തതും, തിരുമേനിയുടെ ജീവിതദര്‍ശനങ്ങളും, പ്രവര്‍ത്തനമണ്ഡലങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനിയുടെ കൈമുത്തോടെ അനുസ്മരണ യോഗത്തിന് തിരശീല വീണു. സി.എസ് ചാക്കോ (എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്) ഭദ്രാസന മെമ്പര്‍/ഇടവക സെക്രട്ടറി അറിയിച്ചതാണിത്.
Comments