ആന്റണി ഫ്രാന്‍സീസ് വടക്കേവീട്
ഷിക്കാഗോ: മൂന്നാം നൂറ്റാണ്ടില്‍ ഡയക്ലീഷന്‍ ചക്രവര്‍ത്തിയുടെ അതിക്രൂരമായ മതപീഡനകാലത്ത് ക്രിസ്തീയ വിശ്വാസം ത്യജിക്കുന്നതിലും ഉത്തമം വീരമൃത്യ വരിക്കുന്നതാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ധീരരക്തസാക്ഷിത്വം വരിച്ച വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി 24-നു ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വി. കുര്‍ബാനയില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കും. തിരുനാള്‍ കുര്ബാനയോടനുബന്ധിച്ച് വചനസന്ദേശം, വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദിക്കല്‍, ലദീഞ്ഞ്, പരമ്പരാഗത രീതിയിലുള്ള കഴുന്ന് (അമ്പ്), നേര്‍ച്ച സമര്‍പ്പണം, നേര്‍ച്ചകാഴ്ച വിതരണം, സ്നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും. വിശ്വാസികള്‍ക്ക് കഴുന്ന് ഭവനങ്ങളിലേക്ക് നേര്‍ച്ചയായി കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്ഭുതപ്രവര്‍ത്തകനായ വി. സെബസ്ത്യാനോസിന്റെ മദ്ധ്യസ്ഥതയാല്‍ തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും വിശുദ്ധന്റെ വീരോചിതമായ ജീവിതമാതൃകയും വിശ്വാസതീക്ഷ്ണതയും നമ്മുടെ ജീവിതത്തിലും പ്രചോദനമരുളുന്നതിനു പ്രാര്ത്ഥിക്കുന്നതിനുവേണ്ടിയും ഏവരേയും കത്തീഡ്രല്‍ വികാരി ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പിലും സഹ വികാരി സെബി ചിറ്റിലപ്പള്ളിയും കൈക്കാരന്മാരും ക്ഷണിക്കുന്നു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് കത്തീഡ്രല്‍ ഇടവകയിലെ ചങ്ങനാശേരി അതിരൂപതയില്‍പ്പെട്ട അതിരമ്പുഴ പ്രദേശത്തുള്ള ഏതാനും കുടുംബങ്ങളാണ്.
Comments