ബീന വള്ളിക്കളം
ഷിക്കാഗോ: രക്തസാക്ഷിത്വത്തിലൂടെ ക്രിസ്തുവിനു സാക്ഷ്യം നല്കിയ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ഏറെ ഭക്തിയോടും വിശ്വാസത്തോടുംകൂടി ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ആചരിച്ചു. കത്തീഡ്രല്‍ മുന്‍ വികാരിയും എം.എസ്.ടി സഭയുടെ അമേരിക്കയിലെ ഡയറക്ടറുമായ ഫാ. ആന്റണി തുണ്ടത്തില്‍ കാര്‍മികത്വം വഹിച്ചു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അതി കഠിനമായ ക്രിസ്തീയ പീഡനകാലത്ത് വിശ്വാസപരീക്ഷണങ്ങളിലൂടെ കടന്നുപോയി ജീവിതസാക്ഷ്യം നല്കിയ വിശുദ്ധന്റെ ജീവിതസാക്ഷ്യം ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാണെന്ന് അച്ചന് പറഞ്ഞു. സക്രയില്‍ സന്നിഹിതനായ ഈശോയെ ഹൃദയത്തില്‍ സംവഹിച്ച് ജീവിതത്തില്‍ സാക്ഷ്യം നല്കുമ്പോള് മാത്രമേ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകുകയുള്ളൂ എന്ന സത്യം എല്ലാവരും മനസിലാക്കി വര്‍ത്തിക്കേണ്ടതാണെന്ന് അച്ചന് ഉത്ബോധിപ്പിച്ചു. കത്തീഡ്രല്‍ സഹ വികാരി ഫാ സെബി ചിറ്റിലപ്പള്ളിയും, ഫാ. സ്റ്റീഫന്‍ കണിപ്പള്ളിയും സഹകാര്‍മികരായി. വി കുര്‍ബാനയ്ക്കുശേഷം ഫാ. സ്റ്റീഫന്‍ കണിപ്പള്ളി തിരുനാള്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് തിരുസ്വരൂപവും അമ്പുകളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, കഴുന്ന് നേര്‍ച്ച എന്നിവ തനി കേരളീയ തനിമയില്‍ മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടന്നു. വിശ്വാസികള്‍ക്ക് കഴുന്ന് വീടുകളിലേക്ക് കൊണ്ടുപോയി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുവാനുള്ള അവസരവും ഒരുക്കിയിരുന്നു. അതിരമ്പുഴ നിവാസികള്‍ ഏറ്റെടുത്ത് നടത്തിയ തിരുനാളിനോടനുബന്ധിച്ച് സ്നേഹവിരുന്നും ഏവര്‍ക്കുമായി ഒരുക്കിയിരുന്നു. തിരുനാള്‍ മോടിയാക്കുവാന് ലിറ്റര്‍ജി, ഗായകസംഘം, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ കൂട്ടായ സഹകരണം കാരണമായി.
Comments