ഷിക്കാഗോ∙ സെപ്റ്റംബർ 10 ശനിയാഴ്ച 4 മുതൽ താഫ്റ്റ് ഹൈസ്കൂളിൽ നടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണം 2016 ൽ മുഖ്യാതിഥിയായി മലയാള സിനിമയിലെ വളർന്നുവരുന്ന യുവ നായിക റീബാ മോനിക്കാ ജോൺ പങ്കെടുക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും ഓണാഘോഷ കമ്മിറ്റി കോർഡിനേറ്റർ സ്റ്റാൻലി കളരിക്കമുറിയും അറിയിച്ചു. അറിയപ്പെടുന്ന ഒരു മോഡൽകൂടിയായ റീബ മഴവിൽ മനോരമയിലെ ‘മിടുക്കി’ എന്ന റിയാലിറ്റി ഷോയിൽ റണ്ണർഅപ്പായിരുന്നു. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് റീബ മലയാള സിനിമാരംഗത്തേക്ക് കാൽവച്ചത്. ഓണാഘോഷ പരിപാടികളുടെ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വിവിധ കമ്മിറ്റികൾ ആവേശപൂർവ്വം പ്രവർത്തിച്ചുകൊണ്ട ിരിക്കുന്നു. വൈകിട്ടു കൃത്യം 4 മുതൽ 6 വരെയായിരിക്കും ഓണസദ്യ. തുടർന്ന് സാസ്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും. അതിനുശേഷം വളരെ ഉന്നത നിലവാരം പുലർത്തുന്ന കലാസന്ധ്യ അരങ്ങേറും. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ആശംസകൾ അർപ്പിക്കും. അമേരിക്കയിലെ തന്നെ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന ഈ ഓണാഘോഷ പരിപാടികളിലേക്ക് ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.
Comments