ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട വൈദീകരുടെ സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍ 15 തീയതികളില്‍ ഡേരിയന്‍ കാര്‍മ്മലേറ്റ് സ്പിരിച്വല്‍ സെന്ററില്‍ (8419 Baily Rd, Darrien, IL 60561) വച്ച് നടത്തപ്പെടും. 12-ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 15-ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ അവസാനിക്കും. 13-ന് ചൊവ്വാഴ്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വൈദീക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെ "Effective Pastoral Ministry in the American Context' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഷിക്കാഗോ അതിരൂപതാംഗമായ റവ ലൂ കാമെല്ലി ക്ലാസ് നയിക്കും. രൂപതയുടെ വിവിധ അജപാലന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ ഉണ്ടാകും. അമ്പത്തിമൂന്ന് വൈദീകര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ. ഡോ സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.
Comments