ഡാലസ്∙ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സാഹിത്യസാംസ്ക്കാരിക വ്യക്തികളെ പങ്കെടുപ്പിച്ചകൊണ്ടു ഡാലസ് മലയാളി അസോസിയേഷൻ ഈ മാസം 22ന് ഡാലസിൽ സാഹിത്യ സാംസ്ക്കാരിക സമ്മേളനം നടത്തുമെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ അറിയിച്ചു. അക്ഷരസമൂഹത്തോടും സാമാന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങൾ കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോർത്ത് അമേരിക്കയിൽ വളർന്നു വരേണ്ടതിന്റെ ആവശ്യകത മുൻ നിർത്തിയാണ് അസോസിയേഷൻ ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അദേഹം പറഞ്ഞു. സമുഹത്തിലെ ഭിന്ന രംഗങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നവരുടെ സഹകരണം അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരിക്കണമെന്ന് അദേഹം അഭ്യർത്ഥിച്ചു. രാജ്യാന്തര മലയാള സാഹിത്യത്തോടൊപ്പം അമേരിക്കൻ മലയാള സാഹിത്യത്തിന്റെ വളർച്ച എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയും സിംബോസിയവും കേരളത്തിൽ നിന്നുള്ള പ്രമൂഖ സാഹിത്യ നായകർ നയിക്കും. കരോൾട്ടൻ റിക്രിയേഷൻ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഏകദിന സമ്മേളത്തിൽ അമേരിക്കൻ മലയാള സാഹിത്യസമൂഹത്തിലെ പ്രമുഖർ പങ്കെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി സാം മത്തായി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും. സെക്രട്ടറി സാം മത്തായി, മീഡിയ കോർഡിനേറ്റർ രവികുമാർ എടത്വ, ട്രസ്റ്റ് ബോർഡ് ചെയർമാൻ രാജു ചാമത്തിൽ, ട്രസ്റ്റി ബോർഡ് അംഗം ബിജു തോമസ് എന്നിവർ സമ്മേളന പരിപാടികൾക്കു നേതൃത്വമേകും.
Comments