ടാമ്പ∙ സെന്റ് മാർക്സ് മാർത്തോമ്മാ ഇടവകയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെന്റ് മാർക്സ് യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15 ശനിയാഴ്ച വൈകിട്ട് 5.30ന് ന്യൂജഴ്സി ഫൈൻ ആർട്സ് മലയാളം അവതരിപ്പിക്കുന്ന പഞ്ചനക്ഷത്ര സ്വപ്നം നാടകം അരങ്ങേറും. ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററാണു വേദി. പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. ഈ ഉദ്യമത്തിൽ നിന്നു ലഭിക്കുന്ന അധിക തുക നിർധനരായ ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കും. കഴിഞ്ഞവർഷം ഇതേവിധത്തിൽ സമാഹരിച്ച 12,000 ഡോളർ കേരളത്തിലെ 24 ക്യാൻസർ രോഗികളുടെ ചികിത്സയ്ക്ക് സംഭാവനയായി നൽകിയിരുന്നു. നാടകാവതരണവുമായി ബന്ധപ്പെട്ട ഫൈൻ ആർട്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംവിധായകൻ റെഞ്ചി കൊച്ചുമ്മൻ അറിയിച്ചു. ഫൈൻ ആർട്സ് ടീം വെള്ളിയാഴ്ച ടാമ്പയിലെത്തിച്ചേരും. ഫ്രാൻസിസ് ടി.മാവേലിക്കരയാണു രചയിതാവ്. സണ്ണി റാന്നി, സജിനി സക്കറിയ, ജോർജ് മുണ്ടൻചിറ, റോയി മാത്യു, ഷിബു ഫിലിപ്, ടീനോ തോമസ്, ഷൈനി ഏബ്രഹാം , ജോർജ് തുമ്പയിൽ എന്നിവരാണു രംഗത്ത്. ലൈറ്റിങ് - ജിജി ഏബ്രഹാം, സ്റ്റേജ് മാനേജ്മെന്റ് - ചാക്കോ ടി.ജോൺ, സിജോ മാത്യു കലമറ്റം. സംഗീത നിർവഹണം. - റീന മാത്യു. വിവരങ്ങൾ റവ. ജോയിക്കുട്ടി ഡാനിയേൽ : 8137748855, ഏബ്രഹാം പി.ചാക്കോ: 8136859348.
Comments