ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടുന്ന ‘ഇന്ത്യ ഫെസ്റ്റ് 2016’ ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 29 ന് ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 9 വരെ നീളുന്ന ഇന്ത്യാ ഫെസ്റ്റ് ആഘോഷങ്ങൾ സ്റ്റാഫോഡിലുളള ഇമ്മാനുവേൽ മാർത്തോമ്മ ദേവാലയത്തിന്റെ പരിസരത്തു വച്ചാണ് നടക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വർണ്ണപ്പകിട്ടാർന്ന പരിപാടികൾ ഇന്ത്യ ഫെസ്റ്റിനു മികവ് നൽകും. ഇന്ത്യയിലെ വിവിധ രുചിഭേദങ്ങളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ സ്റ്റാളുകൾ ഫെസ്റ്റിന്റെ പ്രത്യേക രുചിയാണെന്നു സംഘാടകർ അറിയിച്ചു. ഹൂസ്റ്റണിലെ പ്രമുഖ കലാപ്രതിഭകൾ ആകർഷകമായ കലാപരിപാടികളുമായി വേദി കീഴടക്കുമ്പോൾ ടെക്സാസിലെ പ്രശസ്ത മ്യൂസിക് ട്രൂപ്പായ വോയിസ് ആന്റ് ബീറ്റ്സിന്റെ ഗാനമേള വൈകിട്ട് 7 മുതൽ ഇന്ത്യ ഫെസ്റ്റിനെ സംഗീത സാന്ദ്രമാക്കും. ഈ മേളയിൽ നിന്നും ലഭിക്കുന്ന വരുമാനം ഇടവകയുടെ ബിൽഡിങ് ഫണ്ടിനും ജീവകാരുണ്യ പദ്ധതികൾക്കുമായി ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണിലെ എല്ലാ പ്രവാസി മലയാളികളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജനറൽ കൺവീനർ സബാൻ സാം അറിയിച്ചു.
Comments