ന്യൂജഴ്സി∙ അമേരിക്കൻ മലയാളി സമൂഹത്തിൽ സാംസ്കാരിക പ്രവർത്തനത്തിലൂടെ മാതൃകയായ ന്യൂജഴ്സി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ നാമം, നായർ മഹാമണ്ഡലം എന്നീ സംഘടനകൾ സംയുക്തമായി കുടുംബ സംഗമവും, ക്രിസ്മസ് പുതുവത്സരാഘോഷവും സംഘടിപ്പിക്കുന്നു. ഡിസംബർ പതിനാറിന് ന്യൂജഴ്സി രാരിറ്റാൻ സെന്റർ എഡിസൺ ഹോട്ടലിൽ ആണ് പരിപാടികൾ നടക്കുക. ന്യൂജഴ്സിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രഗത്ഭർ പങ്കെടുക്കുന്ന ചടങ്ങുകൾ കാണികൾക്കു പുതിയ അനുഭവം ആയിരിക്കുമെന്ന് നാമം, നായർ മഹാമണ്ഡലം സ്ഥാപക ചെയർമാനും, ഫൊക്കനാ കൺവൻഷൻ ചെയർമാനുമായ മാധവൻ ബി. നായർ അറിയിച്ചു. കുടുംബ സംഗമം, ക്രിസ്മസ് ആഘോഷം, പുതുവത്സര പിറവി തുടങ്ങി മൂന്നു പരിപാടികൾ ആണ് അന്ന് നടക്കുക. നാമവും, നായർ മഹാമണ്ഡലവും ന്യൂജഴ്സിയിലെ പ്രവർത്തനങ്ങളുടെയും, സാംസ്കാരിക ഒത്തുചേരലിന്റെയും ന്യൂജഴ്സിയിലെ മാതൃകയാണ്.
അതുകൊണ്ടു തന്നെ ഈ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് അതിന്റേതായ തനിമയുണ്ട്. ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നു. ലോകം മുഴുവൻ പ്രകാശം പകർന്ന പുൽത്തൊഴുത്തിൽ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ലോകമൊട്ടാകെ ആഘോഷത്തിലാണ്. ക്രിസ്മസ് നാളുകളിൽ ലോകത്തിന്റെ എല്ലാ കോണുകളിലും ആ മഹത്തായ ജനനം വലിയ ആഘോഷമാക്കുമ്പോൾ സ്നേഹത്തിന്റെ വലിയ കൂട്ടായ്മയുടെ അനുഭവം ആണ് സമ്മാനിക്കുക. ഒപ്പം വരാനിരിക്കുന്ന പുതു വർഷം മികച്ചതാകുവാനുള്ള പ്രാർത്ഥനകൂടി ഈ ഒത്തു ചേരലിൽ ഉണ്ട്. തെറ്റുകൾ തിരുത്തുവാനും നന്മകൾചെയ്വുവാനുമായി ഒരു പുതുവർഷം കൂടി ദൈവം നമുക്കു മുന്നിൽ സമ്മാനിച്ചിരിക്കുകയാണ്. ഇതു മനസ്സിലാക്കികൊണ്ട് പുതുവർഷം പുതിയ തീരുമാനങ്ങളുടേയും പുതിയ ശരികളുടേതുമാകട്ടെ. ഈ അവസരത്തിൽ പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ സ്വീകരിക്കുവാൻ ദൈവം നമ്മെ പ്രാപ്തരാക്കട്ടെ.
ആഡംബരത്തിൻറേയും ധൂർത്തിൻറേയും സ്വാർത്ഥതയുടേയും പിറകിൽ പായുന്നവർക്കെതിരെ നന്മയുടെ മാതൃകകളായി നമുക്ക് മാറുവാനും ഇത്തരം കൂട്ടായ്മകളെ നമുക്ക് ഉപയോഗിക്കുവാൻ സാധിക്കണമെന്നും മാധവൻ നായർ കൂട്ടി ചേർത്തു. ഈ കുടുംബ സംഗമം കൂടുതൽ മനോഹരമാക്കുവാൻ ഹാസ്യ കലാകാരനും ചലച്ചിത്ര താരവുമായ സാബു തിരുവല്ല നയിക്കുന്ന കോമഡി ലൈവ് ഷോയും നടക്കും. ഒറ്റയാൾ പ്രകടനത്തിലൂടെ നിരവധി പരിപാടികൾ മനോഹരമാക്കിയിട്ടുള്ള യുവ കലാകാരൻ ആണ് സാബു തിരുവല്ല. ഈ സാംസ്കാരിക തനിമയുള്ള കുടുംബ സംഗമത്തിനും, ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്കും നേതൃത്വം വഹിക്കുന്നത് നാമം പ്രസിഡന്റ് ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, ട്രഷറർ ഡോ. ആശ വിജയകുമാർ , കൾച്ചറൽ സെക്രട്ടറി മാലിനി നായർ എന്നിവരാണ്. ഡിസംബർ പതിനാറിന് നടക്കുന്ന ഈ പ്രൗഢഗംഭീരമായ ചടങ്ങുകൾ ന്യൂജഴ്സിയിലെ കാണികൾക്കു കണ്ണിനും കാതിനും കുളിർമ്മയുള്ളതാക്കി തീർക്കുവാനുള്ള പ്രവർത്തനത്തിലാണ് നാമം പ്രവർത്തകർ. ഈ കുടുംബ സംഗമത്തിലേക്കും, ക്രിസ്മസ് പുതുവത്സര ആഘോഷത്തിലേക്കും ന്യൂജഴ്സിയിലെ എല്ലാ സാംസ്കാരിക നേതാക്കളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായായി മാധവൻ ബി. നായർ അറിയിച്ചു.
Comments