You are Here : Home / USA News

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവര്‍ഷ സമ്മേളനം

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, January 19, 2017 11:42 hrs UTC

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവര്‍ഷത്തിലേക്കുള്ള കാല്‍വെയ്പും ഉല്‍ഘാടനവും വിവിധ പരിപാടികളോടെ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി. ജനുവരി 15ന് വൈകുന്നേരം മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മെമ്പര്‍ കെന്‍ മാത്യു ഭദ്രദീപം തെളിയിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയര്‍ച്ചയിലും വളര്‍ച്ചയിലും അമേരിക്കയില്‍ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ഉല്‍ഘാടകനായ കെന്‍ മാത്യു തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് തന്റെ അധ്യക്ഷപ്രസംഗത്തില്‍ സന്നിഹിതരായ ഏവര്‍ക്കും സ്വാഗതമാശംസിക്കുകയും 2017ലെ മലയാളം സൊസൈറ്റിയുടെ വരാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെ പറ്റി ഹൃസ്വമായി വിവരിക്കുകയും ചെയ്തു.

 

 

 

സംഘടനയുടെ സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് മലയാളം സൊസൈറ്റിയുടെ പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയ ഒരു ലഘു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് പൊന്നുപിള്ള അവതാരകയായിരുന്നു. തുടര്‍ന്ന് നടന്ന പുതുവര്‍ഷത്തെ ആദ്യഭാഷാ സാഹിത്യ സമ്മേളനത്തില്‍ എ.സി.ജോര്‍ജ് മോഡറേറ്ററായി പ്രവര്‍ത്തിച്ചു. പുതുവര്‍ഷാരംഭത്തിലെ ആദ്യത്തെ മീറ്റിംഗ് ഒരു സാഹിത്യ കവിതാ ലഹരിയിലൂടെ ആകട്ടെയെന്നു കരുതിയാകണം “കല്‍പ്പന ലഹരി’എന്ന ശീര്‍ഷകത്തില്‍ ദേവരാജ് കാരാവള്ളില്‍ എഴുതിയ കവിത കവി തന്നെ അവതരിപ്പിച്ചത്. കേരള നാട്ടിലെ ഗൃഹാതുരത്വവും മലയാള ഭാഷയുടെ സൗകുമാര്യവും ലഹരിയും നിറഞ്ഞ വരികള്‍ ഏവരും ആസ്വദിച്ചതായി ചര്‍ച്ചയില്‍ നിന്നു വ്യക്തമായി. തദനന്തരം തോമസ് കുളത്തൂര്‍ എഴുതിയ “വേലിചാടുന്ന പശുക്കള്‍’ എന്ന ചെറുകഥ കഥാകൃത്തു തന്നെ വായിച്ചു. പ്രായാധിക്യവും രോഗവും ബാധിച്ച് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നിഷ്ക്കരുണം നിഷ്ക്കാസനം ചെയ്യപ്പെട്ട ഒരു അമേരിക്കന്‍ മലയാളി വൃദ്ധന്റെ ജീവിത കഷ്ടപ്പാടുകള്‍ വരച്ചു കാട്ടുകയാണ് കഥാകൃത്ത് ഈ കഥയിലുടെ. വീട്ടില്‍ നിന്നു പുറത്താക്കപ്പെട്ട വൃദ്ധനായ അമേരിക്കന്‍ മലയാളി ഓട്ടോ ആക്‌സിഡന്റില്‍ പെട്ട് അബോധാവസ്ഥയില്‍ ഹോസ്പിറ്റലില്‍ എത്തപ്പെടുന്നു. രോഗിയുടെ ബോധമനസ്സിലൂടെയൊ അബോധമനസ്സിലൂടെയോ കടന്നു പോകുന്ന ചിന്തകള്‍ കഥാകൃത്ത് ഹൃദയസ്പര്‍ക്കായി ചിത്രീകരിച്ചിരിക്കുന്നു. സന്നിഹിതരായ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് എല്ലാവര്‍ക്കും തുല്യാവസരവും സമയവും പങ്കിട്ടു നല്‍കുന്നതില്‍ മോഡറേറ്റര്‍ അതീവ ശ്രദ്ധാലുവായിരുന്നു.

 

 

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ എഴുത്തുകാരും സാഹിത്യ-സാംസ്ക്കാരിക പ്രവര്‍ത്തകരുമായ തോമസ് ചെറുകര, കുര്യന്‍ മ്യാലില്‍, മാത്യു പന്നപ്പാറ, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളില്‍, കുര്യന്‍ പന്നപ്പാറ, പൊന്നുപിള്ള, എ.സി.ജോര്‍ജ്, തോമസ് വര്‍ഗീസ്, ജോസഫ് തച്ചാറ, ടി.എന്‍. സാമുവേല്‍, ടോം വിരിപ്പന്‍, നയിനാന്‍ മാത്തുള്ള, ജി. പുത്തന്‍കുരിശ്, ഷീജു ജോര്‍ജ്, തോമസ് വൈക്കത്തുശ്ശേരി, തോമസ് തയ്യില്‍, മോന്‍സി കുര്യാക്കോസ്, സുരേഷ് രാമകൃഷ്ണന്‍, ജോര്‍ജ് മണ്ണിക്കരോട്ട് തുടങ്ങിയവര്‍ ചര്‍ച്ചാ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തു. പൊന്നുപിള്ള നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.