You are Here : Home / USA News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും

Text Size  

Story Dated: Friday, February 17, 2017 12:47 hrs UTC

മണ്ണിക്കരോട്ട്

 

ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഫെബ്രുരി സമ്മേളനം 12-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ജി. പുത്തന്‍കുരിശ് തയ്യാറാക്കിയ ‘ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും’ എന്ന ലേഖനവും ജോസഫ് തച്ചാറയുടെ ചെറുകഥയുമായിരുന്നു പ്രധാന വിഷയങ്ങള്‍. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. കൂടിവന്ന എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ജി. പുത്തന്‍കുരിശ്, ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും എന്ന ലേഖനം അവതരിപ്പിച്ചു. സമയത്തിന്റെ പരിമിതി കാരണം അദ്ദേഹം മലയാളഭാഷയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകളുടെ പ്രസക്ത ഭാഗങ്ങള്‍ മാത്രമേ തയ്യാറാക്കിയിട്ടുള്ളുവെന്ന് പുത്തന്‍കുരിശ് തുടക്കത്തിലേ അറിയിച്ചിരുന്നു.

 

 

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1814-ല്‍ ജര്‍മ്മനിയില്‍ ജനിച്ചു, 1837-ല്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി മദ്രാസിലെത്തി. അവിടെവച്ച് തമിഴിലും കന്നഡയിലും പ്രാവീണ്യം നേടി. അടുത്ത വര്‍ഷംതന്നെ കേരളത്തിലേക്ക് യാത്രയായി. അദ്ദേഹം മലയാളഭാഷയ്ക്കു നല്‍കിയ ഏറ്റവും വലിയ സംഭാവന മലയാളം ഇംഗ്ലീഷ് ഭാഷാനിഘണ്ടുവാണ്. അങ്ങനെ മലയാളഭാഷയെ ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ ഗുണ്ടര്‍ട്ടിനു കഴിഞ്ഞു. 1872-ല്‍ മംഗലാപുരം പതിപ്പിനുശേഷം 90 വര്‍ഷം കഴിഞ്ഞാണ് എന്‍.ബി.എസ്. പതിപ്പുണ്ടാകുന്നത്. അതിനുശേഷം പല പതിപ്പുകളുണ്ടായി. അദ്ദേഹത്തിന്റെ മരണം (1893)വരെ നിഘണ്ടുവിന്റെ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. 1986-ല്‍ ട്യൂബിങ്ങ്ന്‍ (ജര്‍മ്മനി) സര്‍വ്വകലാശാലയില്‍നിന്ന് കണ്ടെടുത്ത ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഗ്രന്ഥശേഖരവും താളിയോലകളും മലബാറില്‍നിന്ന് ലഭിച്ച തലശ്ശേരി രേഖകളും അദ്ദേഹത്തിന്റെ നിഘണ്ടുവിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു.

 

 

 

ഓരോ വാക്കിന്റെയും ഉല്പത്തി തേടിപ്പിടിച്ച് അതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗുണ്ടര്‍ട്ട് മലയാളഭാഷയ്ക്കു നല്‍കിയ എടുത്തുപറയത്തക്ക മറ്റ് സംഭാവനകളാണ് 1847-ല്‍ ‘രാജ്യസമാചാരം’ എന്ന പേരില്‍ ആരംഭിച്ച വര്‍ത്തമാനപ്പത്രവും അതിനുശേഷം ആരംഭിച്ച ‘പശ്ചിമോദയവും’ 1851-ല്‍ പൂര്‍ത്തിയാക്കിയ മലയാള വ്യാകരണവും. അദ്ദേഹം 23-വര്‍ഷം ദക്ഷിണേന്ത്യയില്‍ താമസിച്ചു. അതില്‍ 20-വര്‍ഷവും തലശ്ശേരി, ചിറയ്ക്കല്‍ ഭാഗങ്ങളിലും. അതിനുശേഷം ജോസഫ് തച്ചാറ അദ്ദേഹത്തിന്റെ ചെറുകഥ ‘കൊച്ചോക്കനപ്പാപ്പന്റെ പുണ്യപ്രവര്‍ത്തികള്‍’, പാരായണം ചെയ്തു. തന്റെ ഓരോ പാപങ്ങളും യേശുദേവന് എത്രമാത്രം മുറിവുണ്ടാക്കുന്നുവെന്ന് ഈ അപ്പാന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കാനുള്ള ഒരു ശ്രമമാണ് തച്ചാറയുടെ കഥയില്‍ കാണുന്നതെന്ന് സദസ്യര്‍ വിലയിരുത്തി. കഥയുടെ തലക്കെട്ടിനെ പലരും വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നുള്ള പൊതുചര്‍ച്ച തികച്ചും സജീവമായിരുന്നു. സമ്മേളനത്തില്‍ ജി. പുത്തന്‍കുരിശ് അവതരിപ്പിച്ച ‘ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും’ എന്ന ലേഖനം വളരെ പഠനാര്‍ഹമായ ഒരു വിഷയമാണെന്നും തച്ചാറ തന്റെ കഥയിലുടെ ഒരു നല്ല ആശയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സദസ്യര്‍ വിലയിരുത്തി.

 

 

 

ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, കുര്യന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, തോമസ് വര്‍ഗ്ഗീസ്, തോമസ്കുട്ടി വൈക്കത്തുശ്ശേരി, ജെയിംസ് മുട്ടുങ്കല്‍, നൈനാന്‍ മാത്തുള്ള, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളില്‍, ഷിജു ജോര്‍ജ്, തോമസ് ചെറുകര, ജോസഫ് തച്ചാറ, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട്, എന്നിവര്‍ സജീവമായി പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സെമിനാര്‍ പര്യവസാനിച്ചു. മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം 2017 മാര്‍ച്ച് 12-നു നടക്കുന്നതാണ്. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.