You are Here : Home / USA News

കലയുടെ സാമ്പത്തികാസൂത്രണ സെമിനാര്‍ സമ്പൂര്‍ണ്ണ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 26, 2017 12:02 hrs UTC

ഫിലാഡല്‍ഫിയ: കലാ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ സംഘടിപ്പിച്ച സാമ്പത്തികാസൂത്രണ സെമിനാര്‍ വിഷയ പ്രസക്തികൊണ്ടും, പ്രേക്ഷക സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായി. വൈജ്ഞാനിക മേഖലയിലെ ശാക്തീകരണത്തിനായി കല നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രശസ്ത അറ്റോര്‍ണി റോബര്‍ട്ട് എസ് എഡ്പാസിറ്റോ, സാമ്പത്തിക വിദഗ്ധന്‍ ജോണ്‍ ഇ. സ്റ്റാനോജേവ്, മെഡികെയര്‍ കണ്‍സള്‍ട്ടന്റ് റോസ് മേരി ബൂര്‍ജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സാമ്പത്തികാസൂത്രണത്തിന് അവലംബിച്ചുവരുന്ന പരമ്പരാഗത ശൈലികളില്‍ നിന്നു വിഭിന്നമായി ആസ്തിമൂല്യത്തിന്റെ നഷ്ടസാധ്യത പരമാവധി കുറച്ച് ദീര്‍ഘകാല നിക്ഷേപം വഴി സ്ഥിര വരുമാനവും മൂലധന വര്‍ധനവും ഉറപ്പുവരുത്തുന്ന നവീനമായ നിക്ഷേപ രീതികള്‍ പ്രേക്ഷക ശ്രദ്ധ നേടി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ലളിതമായ ഉദാഹരണങ്ങളില്‍ക്കൂടി നൂതനമായ ആശയങ്ങള്‍ പകര്‍ന്നുകൊണ്ട് ക്ലാസുകള്‍ നയിച്ച വിദഗ്ധര്‍ സംശയ നിവാരണം നടത്തി.

 

 

 

സാമ്പത്തിക മേഖലയിലും വരുമാന ലഭ്യതയിലും വാര്‍ദ്ധക്യകാലത്ത് അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ കണക്കിലെടുത്ത് ആരോഗ്യ പരിരക്ഷയ്ക്കുവേണ്ട മുന്‍കരുതലുകള്‍ കാലേകൂട്ടി എടുക്കണമെന്ന് സെമിനാര്‍ ഉത്‌ബോധിപ്പിച്ചു. കല പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി, വൈസ് പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി, സെമിനാര്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യു സി.പി.എ, ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബിജു സഖറിയ, സണ്ണി ഏബ്രഹാം,രാജപ്പന്‍ നായര്‍, ലിബിന്‍ വര്‍ഗീസ്, ഷാജി മിറ്റത്താനി എന്നിവര്‍ സെമിനാര്‍ സംഘാടനത്തിനു നേതൃത്വം നല്കി. സെമിനാര്‍ വിഷയങ്ങളുടെ അവലോകനത്തിനും, തുടര്‍ പഠനത്തിനുമായി ഫോളോ അപ് മീറ്റിംഗ് തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.