You are Here : Home / USA News

കേരളത്തിന്റെ വികസനത്തിനായി എല്ലായ്‌പ്പോഴും കോണ്‍ഗ്രസ്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, November 11, 2017 01:34 hrs UTC

ഹൂസ്റ്റന്‍: ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കേരളത്തിന്റെ സമഗ്ര വികസനത്തിനായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്ന് എന്‍എസ്യുഐ, യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹിയും കോണ്‍ഗ്രസ് യുവനിരയിലെ പ്രമുഖനുമായ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(INOC) ടെക്‌സാസ് ചാപ്ടര്‍ ഒരുക്കിയ പ്രത്യേക സ്വീകരണ സമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവും രണ്ടു തവണ കേരള മുഖ്യമന്ത്രിയുമായിരുന്ന ജനപ്രിയന്‍ ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്റെ പ്രസംഗം. നവംബര്‍ 7 ചൊവ്വാഴ്ച വൈകീട്ട് 6.30 ന് സ്റ്റാഫോര്‍ഡിലെ ദേശി റസ്‌റ്റോറന്റില്‍ വച്ചു കൂടിയ സമ്മേളനത്തില്‍ ഐഎന്‍ഓസി പ്രസിഡന്റ് ജോസഫ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. റാന്നി ബ്‌ളോക്ക് പഞ്ചായത്ത് മെമ്പറും റാന്നി അങ്ങാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മേഴ്‌സി പാണ്ടിയത്തിനും സമ്മേളനത്തില്‍ സ്വീകരണം നല്‍കി. ചാപ്ടര്‍ സെക്രട്ടറി ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. ഡോ.രഞ്ജിത്ത് പിള്ള ചാണ്ടി ഉമ്മനെ സദസിനു പരിചയപ്പെടുത്തി.

 

 

ജീമോന്‍ റാന്നി മേഴ്‌സ് പണ്ടിയത്തിനെയും പരിചയപ്പെടുത്തി. തുടര്‍ന്ന് പങ്കെടുത്തവരെല്ലാം സ്വയം പരിചയപ്പെടുത്തി. പ്രസിഡന്റ് ജോസഫ് ഏബ്രഹാം ചാണ്ടി ഉമ്മനേയും പൊന്നു പിള്ള മേഴ്‌സി പാണ്ടിയത്തിനേയും പൊന്നാട അണിയിച്ച് ആദരിച്ചു. കേരളത്തില്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് ആരംഭിച്ച വികസന പദ്ധതികള്‍ തുടര്‍ന്നുകൊണ്ടുപോകുവാനല്ലാതെ പുതിയ ഏതെങ്കിലും ജനോപകാര പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനോ നടപ്പാക്കുന്നതിനോ ഇശ്ഛാശക്തിയില്ലാത്ത ഇടതുപക്ഷ ഗവണ്‍മെന്റിനെ ഓര്‍ത്ത് സഹതപിക്കുന്നു എന്നും 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളും നേടിക്കൊണ്ട് യുഡിഎഫ് വീണ്ടും അധികാരത്തില്‍ തിരികെ വരുമെന്നും പക്വതയും നിശ്ചയദാര്‍ഢ്യവും നിറഞ്ഞ മറുപടി പ്രസംഗത്തില്‍ ചാണ്ടി ഉമ്മന്‍ സമര്‍ഥിച്ചു. കേരളത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനും നാടിന്റെ വികസനത്തിനും യുഡിഎഫ് അധികാരത്തില്‍ വന്നേ മതിയാകൂ എന്ന് മേഴ്‌സി പാണ്ടിയത്ത് തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെപ്പറ്റി തുടര്‍ന്നു നടന്ന ചോദ്യോത്തരങ്ങളും സംവാദവും ചടങ്ങിനെ സമ്പുഷ്ടമാക്കി. കെന്‍ മാത്യു, ജെയിംസ് കൂടല്‍, ശശിധരന്‍ നായര്‍, ജി.കെ.പിള്ള, ഏബ്രഹാം തോമസ്, ഡോ.ഈപ്പന്‍ ദാനിയേല്‍, ജോര്‍ജ് കാക്കനാട്ട്, തോമസ് ഓലിയാംകുന്നേല്‍, വിവി ബാബുക്കുട്ടി, മാമ്മന്‍ ജോര്‍ജ്, രാജന്‍ യോഹന്നാന്‍, ബിബി പാറയില്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഐഎന്‍ഓസി നാഷ്ണല്‍ ജോ.ട്രഷറര്‍ വാവച്ചന്‍ മത്തായി നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.