You are Here : Home / USA News

ജീവകാരുണ്യ പ്രവര്‍ത്തനനിറവില്‍ കലാവേദി കാലോത്സവം വര്‍ണ്ണാഭമായി

Text Size  

Story Dated: Monday, November 13, 2017 12:54 hrs UTC

മിനി നായര്‍, അറ്റ്‌ലാന്റ

 

ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തന നിറവില്‍ ന്യൂയോര്‍ക്ക് കലാവേദിയുടെ കലോത്സവം വര്‍ണ്ണാഭമായി. മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഐ.എ.എസ്.ഉത്ഘാടനം ചെയ്ത ചടങ്ങിന് തിങ്ങി നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു. ഈ വര്‍ഷത്തെ കലാവേദി കലോത്സവം കലാപ്രേമികള്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചു. വേദിയില്‍ മിന്നല്‍ പിണര്‍ പോലെ മിന്നുന്ന പ്രകടനം കാഴ്ചവച്ച നര്‍ത്തകി രശ്മി നായരുടെ നൃത്തസംഘവും, ആധുനിക വാദ്യമേളങ്ങളുടെ അകമ്പടിയോടെ, നമ്മുടെ സിരകളില്‍ മാസ്മരികത പകര്‍ന്നു തന്നിട്ടുള്ള മധുരഗാനങ്ങളുടെ അവതരണം കൊണ്ട് ശ്രദ്ധേയയായ ഹാരിണി രാഘവയുടെ സംഗീത സംഘവും സദസ്സിന്റെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി. കലാവേദിയുടെ കലോത്സവ മത്സരങ്ങളില്‍ മുന്‍ കാലത്തു വിജയികളായ മീനു ജയകൃഷ്ണന്‍, ജീനു ജോസെഫിനൊപ്പം അവതരിപ്പിച്ച നൃത്തവും, കലാവേദി പ്രതിഭ അവാര്‍ഡ് ജേതാവായ അലക്‌സ് ദേവസ്സിയുടെ സംഗീതവും ആയിരുന്നു ആദ്യ പരിപാടികള്‍.

 

 

കലാവേദി ഏര്‍പ്പെടുത്തിയ 2017 ഹൂമാനിറ്റേറിയന്‍ അവാര്‍ഡ് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വൃക്കദാനം ചെയ്തു ശ്രദ്ധ നേടിയ രേഖാ നായര്‍ക്ക് നല്‍കി കെ.ജയകുമാര്‍ സംസാരിച്ചു. ദൈവം നമ്മോട് പല രീതിയാണ് തന്റെ സ്‌നേഹം പ്രകടിപ്പിക്കുന്നത്. ചിലരുടെ മുന്‍പില്‍ അതൊരു വെല്ലുവിളിയായി, ഒരു അവസരമായി കടന്നുവരും. ചില ആളുകള്‍ അത് അവഗണിച്ചു മുന്നോട്ടു പോകുമ്പോള്‍ ഈശ്വരന്റെ അനുഗ്രഹമുള്ള ആളുകള്‍ ആ അവസരത്തെ പ്രയോജനപ്പെടുത്തും. അത്തരത്തിലുള്ള കര്‍മ്മമാണ് അവാര്‍ഡ് ലഭിക്കുന്ന രേഖാ നായര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ പുണ്യപ്രവര്‍ത്തി നമുക്കും വളര്‍ന്നു വരുന്ന തലമുറയ്ക്കും പ്രചോദനമാക്കട്ടെ എന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രേഖാ നായര്‍ തന്റെ മറുപടി പ്രസംഗം നടത്തി. ഒരു ജീവന്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വൃക്കദാനം നടത്തിയതെന്നും അതു സ്വീകരിച്ച ദീപ്തി കഴിഞ്ഞ ഒരു വര്‍ഷക്കാലം കടന്നുപോയ വിഷമഘട്ടങ്ങള്‍ ഓര്‍ക്കുമ്പോള്‍ തന്റെ ഈ പ്രവര്‍ത്തി ഒന്നുമല്ലെന്നും രേഖാ നായര്‍ പറഞ്ഞതു സ്റ്റാന്റിംഗ് ഒവേഷന്‍ നല്‍കി കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

 

 

കലാവേദിയില്‍ അംഗങ്ങളായ കലാകാരന്‍മാര്‍ അവതരിപ്പിച്ച, മനോഹര്‍ തോമസ് സംവിധാനം 'കാലാന്തരം' എന്ന ഹൃസ്വ നാടകം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ചതും ശ്രദ്ധേയമായി. 2014 മുതല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി കലാസാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് കലാവേദി. 2015 മുതല്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ കലാ സാംസ്‌കാരിക സംഘടനയെന്നതിനൊപ്പം ഒരു 'ജീവകാരുണ്യ' സ്ഥാപനവുമായിട്ടാണ് കലാവേദി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലും, അമേരിക്കയിലും ജീവകാരുണ്യരംഗത്ത്, പ്രത്യേക പരിഗണനയര്‍ഹിക്കുന്ന സ്‌ക്കൂള്‍ കുട്ടികള്‍ക്കും, അശരണര്‍ക്കും വേണ്ടി കലാവേദി കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ തിരുവനന്തപുരത്ത് വെള്ളനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മിത്രാ നികേതന് സ്‌ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഈ വര്‍ഷത്തെ ധനസഹായം നല്‍കുന്നത്. പ്രസിഡന്റ് സിബി ഡേവിഡ് ആമുഖ പ്രസംഗം നടത്തി. ഡിന്‍സില്‍ ജോര്‍ജ്ജും, മിനി നായരും എംസിമാരായി പ്രവര്‍ത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കലാവേദി ഓണ്‍ലൈന്‍ ഡോട്ട് കോം കാണുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.