You are Here : Home / USA News

ഇടവക വാര്‍ഷികവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും ആഘോഷിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, November 15, 2017 12:37 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഏക ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയമായ ബ്രോങ്ക്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ 45ാം വാര്‍ഷികവും, പരിശുദ്ധ പരുമല തിരുമേനിയുടെ 115ാമത് ഓര്‍മ്മ പെരുന്നാളും ഇടവകയിലെ ആദ്ധ്യാത്മീയ സംഘടനകളുടെ വാര്‍ഷികവും നവംബര്‍ 4, 5 തിയ്യതികളിലായി വിവിധ പരിപാടികളോടെ കൊണ്ടാടി. 4ാം തിയ്യതി ശനിയാഴ്ച സന്ധ്യാ നമസ്ക്കാരത്തോടനുബന്ധിച്ച് സഭയുടെ പതാക ഉയര്‍ത്തി. 5ാം തിയ്യതി ഞായറാഴ്ച രാവിലെ 8:45ന് പ്രഭാത നമസ്ക്കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിച്ചു. റവ. ഫാ. പോള്‍ ചെറിയാനായിരുന്നു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചതും വചന പ്രഘോഷണം നടത്തിയതും. സഭാ കലണ്ടറിലെ ആദ്യ ഞായറാഴ്ചയായ നവംബര്‍ 5ാം തിയ്യതി സഭയുടെ ശുദ്ധീകരണത്തിന്റെ ദിനമാണെന്നും, അന്നുതന്നെ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളും, ഇടവകയുടെ വാര്‍ഷികവും നടക്കുന്നത് കൂടുതല്‍ അനുഗ്രഹപ്രദമാണെന്നും ബഹു. അച്ചന്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

 

 

ഈ അടുത്ത കാലങ്ങളിലായി അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലും, പോര്‍ട്ടറിക്കോയിലും ഉണ്ടായ കഠിനമായ വെള്ളപ്പൊക്കത്തിന്റേയും കൊടുങ്കാറ്റിന്റേയും ഫലമായി മനുഷ്യര്‍ക്കുണ്ടായ ദുരിതങ്ങളെക്കുറിച്ചും, നഷ്ടങ്ങളെക്കുറിച്ചും സഭയുടെ മേലദ്ധ്യക്ഷനായ പരിശുദ്ധ കാതോലിക്കാ ബാവായുടെ കല്പനകളില്‍ കൂടിയും, ഭദ്രാസന മെത്രാപ്പോലീത്തായുടെ കല്പനകളില്‍ കൂടിയും മറ്റും ജനങ്ങളെ ഉദ്ബുദ്ധരാക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും മറ്റും ചെയ്തതു കൂടാതെ, നാം പാര്‍ക്കുന്ന രാജ്യത്ത് ഉണ്ടാകുന്ന ദുഃഖങ്ങളില്‍ നമ്മളും പങ്കാളികളാകണമെന്നുള്ള ഉള്‍ബോധം ആദികാലം മുതലെ തുടര്‍ന്നുവരുന്ന ഈ ഇടവക ഒക്ടോബര്‍ 8ാം തിയ്യതി പള്ളി യോഗം കൂടി മൂന്നാഴ്ചകള്‍ക്കകം ദുരിതബാധിത പ്രദേശങ്ങളുടെ സഹായത്തിനായി ഒരു പിരിവ് പൂര്‍ത്തിയാക്കണമെന്ന് തീരുമാനമെടുത്തിരുന്നു. സമാഹരിക്കുന്ന തുക എന്‍.സി.സിയുടെ ഭാഗമായ ചര്‍ച്ച് വേള്‍ഡ് സര്‍വ്വീസില്‍ എത്തിക്കണമെന്നും തീരുമാനിച്ചു. നവംബര്‍ 5ാം തിയ്യതി പെരുന്നാള്‍ ചടങ്ങുകള്‍ക്കു ശേഷം വികാരി ഫാ. എ.കെ. ചെറിയാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചര്‍ച്ച് വേള്‍ഡ് സര്‍വ്വീസ് (സി.ഡബ്ല്യൂ.എസ്) ഡയറക്ടര്‍ ആന്‍ വാള്‍സ് സന്നിഹിതയായിരുന്നു. ഇടവക സെക്രട്ടറി ജിത്തന്‍ ജേക്കബ് മാലത്ത് സ്വാഗതമാശംസിക്കുകയും, റവ. ഫാ. പോള്‍ ചെറിയാന്‍ ആന്‍ വാള്‍സിനെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. റാഹേല്‍ ചാക്കോ ബൊക്കെ നല്‍കി ബഹുമാനിച്ചു. മൂന്ന് ആഴ്ചകൊണ്ട് ഇടവക സമാഹരിച്ച 18,600 ഡോളറും സഹൃദയരായ കെ.ടി. ഇടിക്കുളയും സഹധര്‍മ്മിണി മറിയക്കുട്ടി ഇടിക്കുളയും സംഭാവന നല്‍കിയ തുകയും ചേര്‍ത്ത് ഇരുപതിനായിരവും, പള്ളി വക ഒരു ഡോളറും കൂട്ടി 20,001 ഡോളറിന്റെ ചെക്ക് വികാരിയും, പള്ളിയുടെ ഇപ്പോഴത്തെ ട്രസ്റ്റി തോമസ് പൂവപ്പള്ളിയും ചേര്‍ന്ന് ആന്‍ വാള്‍സിന് കൈമാറി. ഈ വലിയ ദാനത്തിന് വളരെയേറെ സന്തോഷവും നന്ദിയുമുണ്ടെന്ന് ചെക്ക് സ്വീകരിച്ചുകൊണ്ട് ആന്‍ വാള്‍സ് വ്യക്തമാക്കി. ദേവാലയത്തിന്റെ മനോഹാര്യതയും, വിശുദ്ധ ആരാധനയിലെ ആത്മീയ നിറവും തന്നെ വളരെ സന്തോഷിപ്പിച്ചുവെന്ന് പ്രസ്ബിറ്റേറിയന്‍ സഭാംഗമായ താന്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ സവിശേഷമായ ആരാധനയില്‍ സംബന്ധിച്ചിട്ടുണ്ടെങ്കിലും, ഇത് ഒരു പുതിയ അനുഭവമാണെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഫാ. എ.കെ. ചെറിയാന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അഞ്ച് പുസ്തകങ്ങളില്‍ മൂന്നെണ്ണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ആന്‍ വാള്‍സിന് നല്‍കി പ്രകാശനം ചെയ്തു. 'Bronx Diary' (ഇടവകയുടെ ആരംഭം മുതല്‍ 2014 വരെയുള്ള നാല്പതു വര്‍ഷത്തിന്റെ ചരിത്രം),'Faith Of Our Fathers - Holy Faith' (സഭയുടെ വിശ്വാസത്തിന്റെ പ്രധാന ഘടകങ്ങള്‍), പരിശുദ്ധ പരുമല തിരുമേനിയും സാധു സുന്ദര്‍ സിംഗും (The Sacred Lamps of India) എന്നിവയുടെ പ്രകാശനമാണ് നടന്നത്. തുടര്‍ന്ന്, ഇടവകയിലെ ആത്മീയ സംഘടനകളുടെ വാര്‍ഷികാഘോഷമായിരുന്നു. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് സാമുവേല്‍ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 100ല്‍പരം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടതും പത്തിലധികം അദ്ധ്യാപകര്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു പ്രസ്ഥാനമാണ് ഇതെന്നും, പൊതുപരീക്ഷകളില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നവരാണ് ഈ കുട്ടികളെന്നും, കുട്ടികളുടെ സഭാസംബന്ധമായ പഠനങ്ങള്‍ക്ക് മാതാപിതാക്കളുടെ ശ്രദ്ധ അത്യധികം ആവശ്യമാണെന്നും പ്രസ്താവിച്ചു. മര്‍ത്തമറിയം സമാജത്തിന്റെ റിപ്പോര്‍ട്ട് സമാജം സെക്രട്ടറി ലില്ലിക്കുട്ടി മത്തായി വായിച്ചു. 100ല്‍പരം അംഗങ്ങള്‍ സമാജത്തിനുണ്ടെന്നും, അവരുടെ പ്രാര്‍ത്ഥനയും സഹകരണവുമാണ് സമാജത്തിന്റെ വളര്‍ച്ചയുടെ മൂലകാരണമെന്നും ശ്രീമതി ലില്ലിക്കുട്ടി മത്തായി പ്രസ്താവിച്ചു. ജൊസ്സേയാ ജോര്‍ജിന്റെ ഗാനാലാപനം എല്ലാവരും ആസ്വദിച്ചു. തുടര്‍ന്ന് ക്ലാസ് കയറ്റം ലഭിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ആന്‍ വാള്‍സ് നല്‍കി. സണ്‍ഡേ സ്കൂള്‍ സീനിയര്‍ അദ്ധ്യാപിക ശ്രീമതി നിസ്സി ജോര്‍ജ്ജ് കൃതജ്ഞത പ്രകാശിപ്പിച്ചു. ആശീര്‍വാദത്തോടെ സ്‌തോത്രക്കാഴ്ചകള്‍ അര്‍പ്പിച്ച് സ്ലീബാ മുത്തി എല്ലാവരും പിരിഞ്ഞു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.