You are Here : Home / USA News

വി. സുറിയാനി സഭയുടെ "ഇംഗ്ലീഷ് മിഷന്‍ ഫെലോഷിപ്പ്" ന്യൂയോര്‍ക്കില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, December 01, 2017 01:34 hrs UTC

ന്യൂയോര്‍ക്ക്: ഭാഷയോ ഭാഷാന്തരമോ ദേശമോ ഒന്നും തന്നെ ദൈവാരാധനയില്‍ നിന്നും ആരെയും അന്യരാക്കിക്കൂടാ എന്ന സദുദ്ദേശത്തോടെയും, വി. സുറിയാനി സഭയുടെ മലങ്കര അതിഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെയും, ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള മൂന്നു ഇടവകളുടെ നേതൃത്വത്തിലും സഹകരണത്തിലും "ഇംഗ്ലീഷ് മിഷന്‍ ഫെലോഷിപ്പ്" എന്ന നാമധേയത്തില്‍ ഒരു കൂട്ടായ്മ വിശുദ്ധ ആരാധനയ്ക്കായി ക്രമീകരിച്ചിരിക്കുന്നുവെന്ന വിവരം സന്തോഷപൂര്‍വ്വം എല്ലാ വിശ്വാസികളേയും അറിയിക്കുന്നു. രണ്ടു സഹസ്രാബ്ദങ്ങളിലായി വിവിധ ഭൂഖണ്ഡങ്ങളിലുള്ള ആകമാന സുറിയാനി സഭാമക്കള്‍ ക്രിസ്തുവിലടിസ്ഥാനപ്പെട്ട ആരാധനകളുടെ റാണിയായ വി. കുര്‍ബാനയെ അതിന്റെ തനിമയോടെ പരിരക്ഷിച്ചു പോന്നപ്പോള്‍ ഒരു ഭാഷയ്ക്കും പരിശുദ്ധ സഭയുടെ വളര്‍ച്ചയെ പരിമിതപ്പെടുത്തുവാനായില്ല എന്നത് തികച്ചും സത്യമാകുന്നു; സഭയിന്നും വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

 

 

വിശ്വാസികളായ മാതാപിതാക്കളും സ്വന്തക്കാരും സുഹൃത്തുക്കളുമായവര്‍ക്കായി ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കാരണം, മലയാള ഭാഷ വശമില്ലാത്തതിനാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിശുദ്ധ ആരാധന അനുഭവേദ്യമാക്കാന്‍ കഴിയാതിരിക്കുന്നുവെങ്കില്‍ ഇതൊരു സുവര്‍ണ്ണാവസരമെന്ന് കണ്ട് ഏവരേയും ദിവ്യാരാധനയ്ക്കായി ഉത്സാഹിപ്പിക്കണമെന്നുള്ളതിനാലാണ്. ടെക്സ്സസിലെ ഡാളസ്സില്‍ മലങ്കര അതിഭദ്രാസനത്തിന്റേതായി അടുത്തയിടെ മേല്‍പ്പറഞ്ഞ രീതിയിലൊരു "ഇംഗ്ലീഷ് മിഷന്‍ ഫെലോഷിപ്പ്" ആരംഭിക്കുകയും, തികച്ചും ഇംഗ്ലീഷ് ഭാഷയില്‍ വി. കുര്‍ബാനയും ആരാധനാ സൗകര്യങ്ങളും ക്രമീകരിച്ചതുകൊണ്ട് പ്രായഭേദമില്ലാതെ അനേക വിശ്വാസികള്‍ക്ക് സുറിയാനി സഭയുടെ ദൈവാരാധന അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാന്‍ സാധിച്ചുവരുന്നുവെന്നത് ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്. ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ജെറി ജേക്കബ് 8455199669, റവ. ഫാ. ഷിറില്‍ മത്തായി 2159016508. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.