You are Here : Home / USA News

ശാലോം വേള്‍ഡ് ഓസ്‌ട്രേലിയയിലേക്ക്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, January 25, 2018 12:44 hrs UTC

സിഡ്‌നി: നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും ആത്മീയവസന്തം സമ്മാനിച്ച ശാലോം വേള്‍ഡ് ഇംഗ്ലീഷ് ചാനല്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നു, ഓസ്‌ട്രേലിയന്‍ ദിനമായ ജനുവരി 26 രാവിലെ 8.00 മുതല്‍. ശാലോം മീഡിയ ഓസ്‌ട്രേലിയയുടെ രക്ഷാധികാരികളില്‍ ഒരാളും മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ബിഷപ്പുമായ മാര്‍ ബോസ്‌ക്കോ പുത്തൂരിന്റെ അനുഗ്രഹാശിസുകളോടെ, മറ്റൊരു രക്ഷാധികാരിയായ ഹൊബാര്‍ട്ട് ആര്‍ച്ച്ബിഷപ്പ് ജൂലിയന്‍ പോര്‍ട്ടിയസാണ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുക. ഹൊബാര്‍ട് സെന്റ് മേരീസ് കത്തീഡ്രലിലെ പ്രഭാത ദിവ്യബലി അര്‍പ്പണത്തിനുശേഷമാകും സ്വിച്ച്ഓണ്‍ കര്‍മം. ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് സുവിശേഷത്തിന്റെ സദ്വാര്‍ത്ത പകരുന്ന ശാലോമിന്റെ ദൃശ്യമാധ്യമശുശ്രൂഷ 2014 ഏപ്രില്‍ 27നാണ് ഇംഗ്ലീഷ് ജനതയ്ക്കുമുന്നില്‍ മിഴി തുറന്നത്.

 

ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ദിനത്തില്‍, വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമനെയും ജോണ്‍ 23ാമനെയും വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തുന്ന തിരുക്കര്‍മങ്ങള്‍ വത്തിക്കാനില്‍നിന്ന് തല്‍സമയം പ്രേക്ഷകരിലേക്കെത്തിച്ചുകൊണ്ടായിരുന്നു മുഴുവന്‍ സമയ കത്തോലിക്കാ കരിസ്മാറ്റിക് ചാനലായ ശാലോം വേള്‍ഡിന്റെ ആരംഭം. നോര്‍ത്ത് അമേരിക്കയ്ക്കുശേഷം ഘട്ടം ഘട്ടമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ചാനല്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ സാധ്യമാകുന്നത്. 2016ലെ ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 12ന് തുടക്കം കുറിച്ച ശാലോം വേള്‍ഡ് യൂറോപ്പിന്റെ പ്രക്ഷേപണമായിരുന്നു രണ്ടാം ഘട്ടം. യൂറോപ്പില്‍നിന്നുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും യൂറോപ്പ്യന്‍ സമയക്രമത്തിലാണ് ശാലോം വേള്‍ഡ് യൂറോപ്പി ന്റെ സംപ്രേക്ഷണം. ഏഷ്യന്‍ വന്‍കരയാണ് അടുത്ത ഘട്ടത്തില്‍ പ്രക്ഷേപണം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂഖണ്ഡം. കത്തോലിക്കാസഭയോടും സഭാപ്രബോധനങ്ങളോടും വിധേയപ്പെട്ട് ലോക സുവിശേഷവല്‍ക്കരണം സാധ്യമാക്കാനും സഭയുടെ വിവിധ ശുശ്രൂഷകള്‍ക്ക് പിന്തുണയേകാനും സഹായകമായ പരിപാടികളാണ് ശാലോം വേള്‍ഡിന്റെ ഉള്ളടക്കം. ലോകമെങ്ങും നടക്കുന്ന മിഷണറി പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനൊപ്പം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാന്‍ പ്രചോദനമേകുന്ന പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ആത്മീയവളര്‍ച്ചയ്ക്കുതകുന്ന വിശ്വാസപ്രബോധനങ്ങള്‍, ഡോക്യുമെന്ററികള്‍, ടോക് ഷോ, മ്യൂസിക് വീഡിയോസ്, കണ്‍സേര്‍ട്‌സ്, സന്മാര്‍ഗമൂല്യങ്ങള്‍ പകരുന്ന സിനിമകള്‍, നാടകങ്ങള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള ആനിമേഷന്‍ വീഡിയോകള്‍ എന്നിവ ശാലോം വേള്‍ഡി ന്റെ ജനപ്രിയ പരിപാടികളില്‍ ചിലതുമാത്രം. വത്തിക്കാനില്‍ പാപ്പ പങ്കെടുക്കുന്ന പരിപാടികള്‍, വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പേപ്പല്‍ പര്യടനങ്ങള്‍ എന്നിവയുടെ തല്‍സമയ സംപ്രേഷണവും ശാലോം വേള്‍ഡിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. യു.കെ, കാനഡ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് ദിവ്യബലികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനൊപ്പം ജപമാലയര്‍പ്പണം, ദിവ്യകാരുണ്യ ആരാധനയുടെ സംേപ്രഷണം എന്നിവയും അനുദിന പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാസാദ്യവെള്ളിയാഴ്ചകളില്‍ ക്രമീകരിച്ചിരിക്കുന്ന നൈറ്റ് വിജിലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കുചേരുന്നത് പതിനായിരക്കണക്കിന് വിശ്വാസികളാണ്. കൂടാതെ മരിയന്‍ കോണ്‍ഫറന്‍സ്, ഡിവൈന്‍ മേഴ്‌സി കോണ്‍ഫറന്‍സ്, യൂക്കരിസ്റ്റിക്ക് കോണ്‍ഗ്രസ്, കരിസ്മാറ്റിക് കോണ്‍ഗ്രസ്, പ്രോ ലൈഫ് ഗാതറിംഗുകള്‍, യൂത്ത് അന്‍ഡ് അഡല്‍റ്റ് കോണ്‍ഫറന്‍ ഉള്‍പ്പെടെയുള്ള സമ്മേളനങ്ങളുടെ കവറേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ സ്റ്റ്യൂബന്‍വില്‍ യൂത്ത് കോണ്‍ഫറന്‍സിനൊപ്പം ഓസ്‌ട്രേലിയയില്‍നിന്നുള്ള ഇഗ്‌നൈറ്റ് യൂത്ത് മിനിസ്ട്രി, നെറ്റ് യൂത്ത് മിനിസ്ട്രി എന്നിവയുടെ കോണ്‍ഫറന്‍സുകളും ശാലോം വോള്‍ഡ് സംപ്രേഷണം ചെയ്യാറുണ്ട്. പരസ്യങ്ങളെ ആശ്രയിക്കാതെ മുന്നേറുന്ന ശാലോം വേള്‍ഡിന് ശക്തിപകരുന്നത് എസ്.പി.എഫ് (ശാലോം പീസ് ഫെല്ലോഷിപ്പ്) അംഗങ്ങളുടെ വിശ്വാസത്തിലൂന്നിയ പിന്തുണയാണ്.

ശാലോം മീഡിയ യു.എസ്.എയുടെ ആസ്ഥാനമായ ടെക്‌സസിലെ മക്അലനിലാണ് പ്രക്ഷേപണകേന്ദ്രം. ടി.വി പരിപാടികള്‍ തയാറാക്കാന്‍ അമേരിക്കയ്ക്കും കാനഡയ്ക്കും പുറമെ യു.കെ, അയര്‍ലന്‍ഡ്, വത്തിക്കാന്‍ എന്നിവിടങ്ങളിലും പ്രൊഡക്ഷന്‍ ഹൗസുകളുമുണ്ട്. ഓസ്‌ട്രേലിയയിലും പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ തയാറായിക്കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയിലേതുപോലെ ഇതര ഭൂഖണ്ഡങ്ങളിലും സാറ്റലൈറ്റ് പ്രക്ഷേപണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ശാലോം വേള്‍ഡ്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന പരിപാടികള്‍ www.shalomworld.org/live എന്ന വെബ് സൈറ്റിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്ലാറ്റ്‌ഫോമിലൂടെയും ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലൂടെയും കാണാന്‍ സൗകര്യവുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.shalomworld.org/connectedtv

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.