You are Here : Home / USA News

123–ാം മാരാമൺ കൺവൻഷനു ഞായറാഴ്ച തുടക്കം

Text Size  

Story Dated: Thursday, February 08, 2018 07:45 hrs UTC

ന്യൂയോർക്ക് ∙ ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഫെബ്രുവരി 11 മുതൽ 18 വരെ പമ്പാനദിയിലെ മണൽപുറത്ത്പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കും. 11 ഞായറാഴ്ച 2.30 ന് പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത പ്രാരംഭ ആരാധനക്ക് നേതൃത്വം നൽകും. മാർത്തോമ്മ സഭാ മേലധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗം സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷം വഹിക്കും.

മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ ദൈവശാസ്ത്ര പണ്ഡിതരും, പ്രസിദ്ധ സുവിശേഷ പ്രസംഗകരുമായ ബിഷപ് ഡോ. പീറ്റർ ഡേവിഡ് ഈറ്റൺ (ഫ്ലോറി), റവ. ഡോ. ഫ്രാൻസിസ് സുന്ദർ രാജ് (ചെന്നൈ), ഡോ. ആർ. രാജ്കുമാർ (ഡൽഹി), റവ. ഡോ. വിനോദ് വിക്ടർ (തിരുവനന്തപുരം), റവ. ഡോ. സോറിറ്റ നബാബാൻ (ജക്കർത്ത) എന്നിവരാണ് ഈ വർഷത്തെ പ്രധാന പ്രാസംഗികർ.

13 ന് രാവിലത്തെ യോഗത്തിൽ പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത പ്രസംഗിക്കും. 14 ന് രാവിലെ 10ന് എക്യൂമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭകളുടെ മേലധ്യക്ഷന്മാർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹിക തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണ സമ്മേളനത്തിൽ ബിഷപ് ഉമ്മൻ ജോർജും, വ്യാഴാഴ്ച്ച വൈകിട്ടത്തെ യോഗത്തിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയും പ്രസംഗിക്കും.

 

By: ഷാജി രാമപുരം

 

തിങ്കൾ മുതൽ ശനി വരെ രാവിലെ 10 നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകിട്ട് 6.30 നും നടക്കുന്ന പൊതുയോഗങ്ങൾക്ക് പുറമെ രാവിലെ 7.30 മുതൽ 8.30 വരെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമുള്ള ബൈബിൾ ക്ലാസും കുട്ടികളുടെ പ്രത്യേക യോഗവും നടക്കും. വ്യാഴം മുതൽ ശനി വരെ യുവജനങ്ങൾക്കുവേണ്ടിയുള്ള യുവവേദിയും ഉണ്ടായിരിക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സേവികാസംഘത്തിന്റെയും യോഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

ജനറൽ സെക്രട്ടറി റവ. ജോർജ് എബ്രഹാം, ലേഖക സെക്രട്ടറി സി.വി.വർഗീസ്, സഞ്ചാര സെക്രട്ടറി റവ. സാമുവൽ സന്തോഷ്, ട്രഷറർ അനിൽ മാരാമൺ എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റിയാണ് കൺവൻഷനുവേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.