You are Here : Home / USA News

മാനവരാശിയുടെ വിമോചന ദൗത്യം ഏറ്റെടുക്കുന്നവർ ദൈവീക പദ്ധതിയിൽ പങ്കാളികളാകണം: മാർ ഫിലക്സിനോസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 11, 2018 01:06 hrs UTC

ഡിട്രോയ്റ്റ് ∙ മാനവരാശിയുടെ വിമോചന ദൗത്യം ഏറ്റെടുക്കുന്നവർ ദൈവീക പദ്ധതിയിൽ പങ്കാളികളാകുകയാണെന്നും ഇവർ ക്രിസ്തുവിനോടുകൂടെ ക്രൂശിലേക്ക് യാത്ര ചെയ്യുന്നവരാണെന്നും ഈ യാത്ര നിത്യതയിലേക്ക് എത്തിച്ചേരുന്ന ദൈവീക പദ്ധതിയുടെ പൂർത്തീകരണമാണെന്നും നോർത്ത് അമേരിക്കാ– യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ പറഞ്ഞു. ഡിട്രോയ്റ്റ് മർത്തോമാ ഇടവകയുടെ നാൽപ്പത്തി ഒന്നാം ഇടവക ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എപ്പിസ്കോപ്പാ.

രാവിലെ എപ്പിസ്കോപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയിൽ 12 കുട്ടികൾ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ച് സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു.

ഡിട്രോയ്റ്റ് മർത്തോമാ ഇടവകയുടെ വളർച്ചയിൽ ശക്തി ശ്രോതസുകളായി നിലനിന്ന സീനിയർ അംഗങ്ങളെ എപ്പിസ്കോപ്പാ പ്രത്യേകം അഭിനന്ദിച്ചു. മുതിർന്ന അംഗങ്ങളുടെ ത്യാഗവും സമർപ്പണ മനോഭാവവുമാണ് ഇന്നത്തെ നിലയിലേക്ക് ഇടവക എത്തിച്ചേർന്നിരിക്കുന്നതെന്നും എപ്പിസ്കോപ്പാ അഭിപ്രായപ്പെട്ടു. സീനിയർ അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഇവർക്ക് പൊന്നാടയും ഫലകവും നൽകി. സീനിയർ അംഗങ്ങളുടെ ഉപദേശങ്ങളും മാതൃകകളും പിന്തുടർന്ന് പുതിയ തലമുറ ഇതേ പന്ഥാവിൽ മുന്നേറണമെന്ന് എപ്പിസ്കോപ്പാ ഉദ്ബോധിപ്പിച്ചു.

വികാരി റവ. ജോജി ഉമ്മൻ സ്വാഗതപ്രസംഗം നടത്തി. റവ. പി. ചാക്കോ, റവ. ഫിലിപ്പ് വർഗീസ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഇടവക സെക്രട്ടറി അലൻ ജി. ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. എപ്പിസ്കോപ്പൽ സിൽവർ ജൂബിലി ആഘോഷിക്കുന്ന തിരുമേനിക്ക് ഇടവകയുടെ ഉപഹാരം ട്രസ്റ്റിമാരായ ജോസഫ് ചാക്കോ, ഷാജി തോമസ് എന്നിവർ നൽകി. പാരീഷ് വൈസ് പ്രസിഡന്റ് കൃതജ്ഞത രേഖപ്പെടുത്തി. സ്നേഹ വിരുന്നോടെ ഇടവകദിനാഘോഷങ്ങൾ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.