ഷിക്കഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ വാഴ്ത്തപ്പെട്ട ഏവുപ്രാസ്യാമ്മയുടെ തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടി.
സെപ്റ്റംബര്‍ 14-ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ ഫാ. മാത്യു അഴകത്ത് ഒ.സി.ഡി, പി.എച്ച്.ഡി കാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു.
മണിക്കൂറുകളോളം വിശുദ്ധ കുര്‍ബാനയുടെ മുന്നില്‍ പ്രാര്‍ത്ഥനാനിരതയായി കഴിഞ്ഞിരുന്ന ഏവുപ്രാസ്യാമ്മയുടെ അചഞ്ചലമായ ദൈവസ്നേഹവും, പാവപ്പെട്ടവരോടുള്ള കരുണാപരമായ സമീപനവും എല്ലാം അഴകത്തച്ചന് തന്റെ തിരുനാള്‍ സന്ദേശത്തില്‍ അനുസ്മരിച്ചു.
ലദീഞ്ഞിനുശേഷം ഏവുപ്രാസ്യാമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പ്രദക്ഷിണവും, തുടര്‍ന്ന് നേര്‍ച്ച കാഴ്ച സമര്‍പ്പണത്തോടെ തിരുനാള്‍ സമാപിച്ചു. കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി. റോയി ചാവടിയും കുടുംബാംഗങ്ങളുമാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.
അസിസ്റ്റന്റ് വികാരി റവ.ഫാ. റോയി മൂലേച്ചാലില്‍, തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയ ഫാ. മാത്യു അഴകത്തിനും പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറഞ്ഞു.
Comments