ടൊറന്റോ∙ സ്റ്റേജ് ഷോകളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയമായ ബ്ളൂസഫയർ എന്റർടെയൻമെന്റിന് ആദരവ്. ദക്ഷിണേഷ്യൻ കലാരൂപങ്ങളെ അവതരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും മുൻനിർത്തിയാണ് ഈ അംഗീകാരം. ജനുവരിയിൽ മലയാളം ചാനലിനും മേയിൽ ദിലീപ് ഷോയ്ക്കും ആതിഥ്യം വഹിക്കാനിരിക്കെ കലാരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് ബ്ളൂസഫയർ എന്റർടെയ്ൻമെന്റ് അറിയിച്ചു. സ്കാർബ്രോയിൽ നടന്ന ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ മെഗാഷോയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കനേഡിയൻ ഹൗസ് ഓഫ് കോമൺസ് അംഗം രമേഷ് സാങ്ക എംപിയാണ് സാക്ഷ്യപത്രം സമ്മാനിച്ചത്. സിഇഒ അജീഷ് രാജേന്ദ്രൻ സാക്ഷ്യപത്രം ഏറ്റുവാങ്ങി. മലയാള സിനിമയിലെ സമഗ്രസംഭാവനകളെ മാനിച്ച് നടൻ മോഹൻലാലിനും ഗായകൻ എം. ജി. ശ്രീകുമാറിനും രമേഷ് സാങ്ക സാക്ഷ്യപത്രം നൽകി. മോഹൻലാലിനുവേണ്ടി എം. ജി. ശ്രീകുമാറാണ് ആദരവ് ഏറ്റുവാങ്ങിയത്.
വാർത്ത∙ വിൻജോ
Comments