ഡാലസ്∙ കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ നേതൃത്വത്തിൽ മുൻ കേരള ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസിനു ഡാലസിലെ മലയാളി സമൂഹം സ്വീകരണം നൽകി. ഗാർലൻഡ് ഇന്ത്യാ കൾച്ചറൽ സെന്ററിൽ ഞായാറാഴ്ച വൈകുന്നേരം ചേർന്ന സ്വീകരണ യോഗത്തിൽ ഡാലസിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു. ജേക്കബ് പുന്നൂസ് തന്റെ കർമ്മ രംഗത്തെ അനുഭവങ്ങളും കേരളത്തിലെ വർത്തമാന സാഹചര്യങ്ങളും പ്രവാസികളുമായി പങ്കുവെച്ചു. വിദ്യാഭ്യാസത്തിനു നൽകിയ പ്രാധാന്യമാണ് കേരളത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചതെന്നു അദ്ദേഹം പറഞ്ഞു. വൈദ്യുതി എത്തുന്നതിനും മുൻപേ നമ്മുടെ ഗ്രാമങ്ങളിൽ മികച്ച ഹൈസ്കൂളുകൾ ഉണ്ടായിരുന്നു. എന്നാൽ മികച്ച അടിസ്ഥാന സൗകര്യമുള്ള കലാലയങ്ങളിൽ ഇപ്പോൾ മികച്ച അധ്യാപകരില്ല എന്ന വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അസോസിയേഷൻ പ്രസിഡന്റ് ബാബു തോമസ് സ്വാഗതം പറഞ്ഞു. ഇന്ത്യാ കൾച്ചറൽ സെക്രട്ടറി ഷിജു എബ്രാഹാം ജേക്കബ് പുന്നൂസിനെ സദസിനു പരിചയപ്പെടുത്തി. അസോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പ്രകാശനം നിർവഹിച്ചു.
Comments