You are Here : Home / USA News

കേരളത്തിലെ ജനമൈത്രി പൊലീസ് ഭാരതത്തിന് ഉത്തമ മാതൃക: ജേക്കബ് പുന്നൂസ്

Text Size  

Story Dated: Friday, November 25, 2016 01:21 hrs UTC

ഹൂസ്റ്റൺ ∙ കേരളാ പൊലീസിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ജനമൈത്രി പൊലീസ് എന്ന് കേരളത്തിന്റെ കരുത്തനായ മുൻ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. കേരളാ പൊലീസിനെപ്പറ്റിയും നിലവിലുണ്ടായിരുന്ന പൊലീസ് സംവിധാനത്തിന്റെയും ഒരു പൊളിച്ചെഴുത്തായിരുന്നു ജനമൈത്രി(ജനസൗഹൃദ പൊലീസ്) പൊലീസിലൂടെ സാധ്യമായതെന്ന് ജേക്കബ് പുന്നൂസ് ചൂണ്ടിക്കാട്ടി. ഭയമില്ലാതെ പൊലീസ് സ്റ്റേഷനുകളിൽ ചെല്ലുവാനും ജനങ്ങളുടെ ആവശ്യങ്ങളിൽ ഇറങ്ങിച്ചെന്ന് സഹായിക്കാനുളള, ജനങ്ങളുടെ സുഹൃത്തായി മാറുന്ന, ജനങ്ങളുടെ പൊലീസിനെയാണ് ഈ ആശയത്തിൽ കൂടി ആവിഷ്കരിക്കുവാൻ ശ്രമിച്ചതെന്ന് മുൻ ഡിജിപി ഉദ്ബോധിപ്പിച്ചു. ദശാബ്ദങ്ങൾക്കു മുമ്പ് ബ്രിട്ടീഷ് ഭരണാധികാരികൾ എഴുതി വെച്ച പൊലീസ് ആക്ടിന്, ലോ ആന്റ് ഓർഡർ സിസ്റ്റത്തിന് പരിമിതികൾ ധാരാളം ഉണ്ട്.

 

അധീശത്വ ഭാവവും ഉണ്ട്. എന്നാൽ ജനാധിപത്യ ഇന്ത്യയിൽ കമ്മ്യൂണിറ്റി പൊലീസ് എന്ന ആശയം താൻ പൊലീസ് മേധാവിയായിരിയ്ക്കുമ്പോൾ കേരളത്തിൽ സാധ്യമായി തീർന്നപ്പോൾ ആ പൊളിച്ചെഴുത്ത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായെന്ന് മാത്രമല്ല ലോക രാജ്യങ്ങൾക്കു മുമ്പിൽ ശ്രദ്ധേയമായി തീർന്നെന്ന് അദ്ദേഹം ഓർപ്പിച്ചു. ജനങ്ങളും പൊലീസും തമ്മിൽ സഹകരിയ്ക്കുന്ന നിരവധി ഉദാഹരണങ്ങളും അദ്ദേഹം എടുത്തുകാട്ടി. നവംബർ 24ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിയ്ക്ക് സ്റ്റാഫോർഡിലെ പാം ഇന്ത്യ റെസ്റ്റോറന്റ് കേരളാ കിച്ചൻ ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസംഗിയ്ക്കുകയായിരുന്നു ജേക്കബ് പുന്നൂസ്. പത്തനംതിട്ട ജില്ലാ അസോസിയേഷൻ യുഎസ്എയുടെ നേതൃത്വത്തിൽ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ(എച്ച്ആർഎ) സഹകരണത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

 

 

1995 ഐപിഎസ് ബാച്ചംഗമായ പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ ജേക്കബ് പുന്നൂസ് 37 വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം കേരളാ പൊലീസിന്റെ ഡിജിപിയായി 2012ൽ വിരമിച്ചു. 2015 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ സിഇഒയായും സ്തുത്യർഹ സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ അമേരിക്കയിലെ ഹൃസ്വ സന്ദർശനത്തോടനുബന്ധിച്ച് നടന്ന സ്വീകരണയോഗത്തിൽ നിലവിലുളള പൊലീസ് സംവിധാനത്തെപ്പറ്റി നിരവധി ചോദ്യങ്ങളും ചർച്ചയും ഉണ്ടായിരുന്നു. ജിഷ വധക്കേസ്, സൗമ്യ വധക്കേസ്, ക്വട്ടേഷൻ, മാഫിയ സംഘങ്ങൾ, എൻകൗണ്ടർ മൂന്നാംമുറ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ സദസിൽനിന്ന് ഉയർന്നപ്പോൾ അതിനൊക്കെ വ്യക്തവും സൂക്ഷ്മവുമായ മറുപടി നൽകികൊണ്ട് സ്വീകരണ സമ്മേളനത്തെ ശ്രദ്ധേയമാക്കി ജേക്കബ് പുന്നൂസ്.‌ തന്റെ കർമ്മ മണ്ഡലത്തിലുണ്ടായ നിരവധി അനുഭവങ്ങളെ കോർത്തിണക്കി സമീപഭാവിയിൽ ഒരു ആത്മകഥ പ്രതീക്ഷിയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

 

ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയി മണ്ണിൽ (പ്രസിഡന്റ്, ഹൂസ്റ്റൺ റാന്നി അസോസിയേഷൻ), ഉമ്മൻ തോമസ് (ഫ്രണ്ട്സ് ഓഫ് തിരുവല്ല), സുജാ കോശി, ജിൻസി മാത്യു കിഴക്കേതിൽ, ബാബു തെക്കേക്കര, മാത്യു പന്നപ്പാറ, റോയി തീയാടിക്കൽ, റെജി ജോർജ്, ജില്ലാ അസോസിയേഷൻ ഭാരവാഹികളായ ജോർജ് ഫിലിപ്പ്, ഡോ. ജോർജ് എം. കാക്കനാട്, ജെയിംസ് കൂടൽ, അലക്സാണ്ടർ തോമസ്, ബ്ലസൻ ഹൂസ്റ്റൺ, മാമ്മൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ജീമോൻ റാന്നി സ്വാഗതവും ഷാജി കല്ലൂർ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.