You are Here : Home / USA News

പ്രസ് ക്ലബിന്റെ ഈ അവാര്‍ഡ് സത്യമെങ്കില്‍ ദൈവവും സത്യം

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, August 28, 2017 11:12 hrs UTC

ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനത്തില്‍ ഫ്രാന്‍സീസ് തടത്തിലും ലവ്ലി വര്‍ഗീസും ആദരം ഏറ്റുവാങ്ങിയത് വികാര നിര്‍ഭരമായി. ഏറ്റവും അര്‍ഹിക്കുന്ന രണ്ടുപേരെ ആദരിച്ചതു വഴി പ്രസ്‌ക്ലബ് തന്നെ ആദരിക്കപ്പെടുകയും ചെയ്തു. ഇരുവരുടേയും മറുപടി പ്രസംഗങ്ങള്‍ സദസ്സിന്റെ ഹൃദയത്തില്‍ പതിയുന്നതായിരുന്നു. അമേരിക്കയിലെ മലയാളി പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ഫ്രാന്‍സീസ് തടത്തില്‍ മരണത്തില്‍ നിന്ന് രക്ഷപെട്ടെത്തിയ അപൂര്‍വ്വ വ്യക്തിയാണെന്ന് അദ്ദേഹത്തെ ക്ഷണിച്ച പി.പി. ചെറിയാന്‍ ചൂണ്ടിക്കാട്ടി. ഒന്നല്ല, ആറു തവണ താന്‍ മരണത്തില്‍ നിന്നു രക്ഷപെട്ടുവെന്ന് ഫ്രാന്‍സീസ് പറഞ്ഞു. 'ദൈവം സത്യമാണെങ്കില്‍ എനിക്ക് ലഭിച്ച ഈ അവാര്‍ഡ് സത്യമാണ്. ഈ അവാര്‍ഡ് സത്യമാണെങ്കില്‍ ദൈവവും പരമാര്‍ത്ഥമാണ്'- ഫ്രാന്‍സീസ് പറഞ്ഞു. മരണത്തില്‍ നിന്ന് ഒട്ടേറെ തവണയും എന്നെ അത്ഭുതകരമായി ദൈവകരങ്ങള്‍ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു. അതുകൊണ്ട് പ്രസ് ക്ലബിന്റെ അവാര്‍ഡിന്റെ വലിപ്പമോ ചെറുപ്പമോ അല്ല. അതു വാങ്ങാന്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു എന്നാതാണ് പ്രധാനം.

 

 

 

അതുകൊണ്ട് ഈ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഞാന്‍ പ്രഖ്യാപിക്കുകയാണ് 'ദൈവം സത്യമാണ്.' ഈ അവാര്‍ഡ് സ്വീകരിക്കുന്നത് ഏറ്റവും യോഗ്യനായ തന്റെ പഴയകാല സുഹൃത്ത് മന്ത്രി സുനില്‍കുമാറില്‍ നിന്നാണെന്നതും ഭാഗ്യമായി കരുതുന്നു. ഏതാനും വര്‍ഷമായി രക്താര്‍ബുദവുമായി പടവെട്ടി വിജയം കണ്ട ഫ്രാന്‍സീസ് നാട്ടില്‍ ദീപികയിലും, മംഗളത്തിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇ-മലയാളി ന്യൂസ് എഡിറ്റര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇ-മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതിനു വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 'നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ' എന്ന ലേഖനപരമ്പരക്കാണ് അദ്ദേഹത്തിന് അവാര്‍ഡിനര്‍ഹനാക്കിയത്. 22 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് ഇപ്പോള്‍ ഇമലയാളി ന്യൂസ് എഡിറ്റര്‍.

 

 

 

 

 

കേരളത്തില്‍ പത്രപ്രവര്‍ത്തന പരിശീലന കാലം മുതല്‍ ഉന്നതങ്ങളിലേക്ക് കയറിയ പടവുകള്‍ പിന്നിട്ടപ്പോള്‍ ഉണ്ടായ സ്വന്തം അനുഭവങ്ങള്‍ വിവരിക്കുന്ന കഥകള്‍ ആസ്പദമാക്കിയിട്ടുള്ള 23 അധ്യായം പിന്നിട്ട ഏറെ ശ്രദ്ധേയമായ ഈ സുദീര്‍ഘ ലേഖനപരമ്പര അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ പി.പി. ചെറിയാന്‍ ചെയര്‍മാനായ അവാര്‍ഡ് കമ്മിറ്റി ഐകകണ്ഠേനെ തെരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന പ്രവാസി പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളമായിരുന്നു മറ്റൊരു അവാര്‍ഡ് കമ്മിറ്റി അംഗം. 94-97 കാലയളവില്‍ ദീപികയില്‍ ജേര്‍ണലിസം ട്രെയ്നിയായി തുടക്കം കുറിച്ച ഫ്രാന്‍സിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂര്‍ തന്നെയായിരുന്നു. ഇക്കാലയളവില്‍ പ്രഥമ പുഴങ്കര ബാലനാരായണന്‍ എന്‍ഡോവ്മെന്റ്, പ്ലാറ്റൂണ്‍ പുരസ്‌കാരം (1997) ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിങ് എഡിറ്റര്‍ പുരസ്‌കാരവും ഫ്രാന്‍സിസിനായിരുന്നു. 1997 98 ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ല്‍ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോര്‍ട്ടിങ്, 1999ല്‍ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000ത്തില്‍ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്, അതേവര്‍ഷം കോഴിക്കോട് ബ്യൂറോ ചീഫ്. ഇക്കാലയളവില്‍ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോര്‍ട്ടിങ്ങുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

 

 

 

 

മുത്തങ്ങയില്‍ വെടിവയ്പ്പ് നടക്കുക്കുമ്പോള്‍ സാക്ഷിയായിരുന്ന ഫ്രാന്‍സിസ് നടത്തിയ റിപ്പോര്‍ട്ടുകള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാറാട് കലാപത്തെ കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ പിന്നീട് മാറാട് കമ്മീഷന്റെ ഫൈനല്‍ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു. 2003 മുതല്‍ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ആയി നിയമിതനായ ഫ്രാന്സിസ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവര്‍ത്തകന്‍ ആയിരുന്നു. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ' മഹാകവീ മാപ്പ് ', പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചു തയാറാക്കിയ 'രക്തരക്ഷസുകളുടെ മഹാനഗരം' എന്നി ലേഖന പരമ്പരകള്‍ക്കായിരുന്നു അവാര്‍ഡുകള്‍ ലഭിച്ചത്. ദേശീയ അന്തര്‍ ദേശീയസംസ്ഥാന തല കായിക മല്‍സരങ്ങള്‍, സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവം റിപ്പോര്‍ട്ടിംഗ് കോ ഓര്‍ഡിനേറ്റര്‍, ദേശീയ സാഹിത്യോല്‍സവം, നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ അന്തര്‍ദേശീയ ഫിലിംപെസ്റ്റിവല്‍ തുടങ്ങിയവ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട

 

 

 

കൂടാതെ നിരവധി ബ്രേക്കിംഗ് ന്യൂസുകള്‍ പതിനൊന്നര വര്ഷം നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ നടത്തി. 1999 ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പിന് ബിഹാര്‍, യൂ.പി., ജാര്‍ഖണ്ഡ്, എം.പി, ഛത്തീസ്ഗഢ് , ഒറീസ്സ എന്നിവിടങ്ങളില്‍ തെരെഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് നടത്തിയിരുന്നു. അമേരിക്കയില്‍ എത്തിയ ശേഷം ആദ്യ കാലങ്ങളില്‍ സജീവ പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് കഴിഞ്ഞ കുറച്ചുകാലമായി കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂര്‍ണമായും വിട്ടു നിന്നു. കാന്‍സറിനെതിരെ ഒരു ധീര യോദ്ധാവിനെപ്പോലെ പൊരുതിയ ഫ്രാന്‍സിസ് പല ഘട്ടത്തിലും മരണത്തില്‍ നീന്നും രക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ മനക്കരുത്തുകൊണ്ടു മാത്രമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രക്താര്‍ബുദം ഭേദമാകാതെ വന്നതിനെ തുടര്‍ന്ന് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്റും നടത്തിയിരുന്നു. ഇപ്പോള്‍ കാന്‍സര്‍ പൂര്‍ണ്ണമായും മാറിയെങ്കിലും പൂര്‍ണ ആരോഗ്യം കൈവരിച്ചിട്ടില്ല. 24 ആഴ്ചകള്‍ക്കു മുന്‍പ് ഇ മലയാളിയിലൂടെയാണ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയത്തെഴുന്നേറ്റ് സജീവ പത്രപ്രവര്‍ത്തനത്തേക്കു മടങ്ങിയെത്തിയത്. തന്റെ സ്വന്തം അനുഭവങ്ങള്‍ വിവരിക്കുന്ന ലേഖന പരമ്പരയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി. നേരത്തെ ,പ്രമുഖ അമേരിക്കന്‍ മലയാളി ചാനലായ എംസിഎന്‍ ചാനലിന്റെ ഡയറക്റ്റര്‍ ആയിരുന്നു . എംസിഎന്‍ ചാനലിനു വേണ്ടി 'കര്‍മവേദിയിലൂടെ' എന്ന അഭിമുഖ പരിപാടിയിലൂടെ പ്രമുഖ രാഷ്ട്രീയസാമൂഹിക -ആത്മീയ സാമ്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികള്‍ക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കന്‍ യുവജനങ്ങള്‍ക്കായി 'ഇന്ത്യ ദിസ് വീക്ക്' എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്അപ് പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിരുന്നു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയായ ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍ (6വേ ഗ്രേഡ്), ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍ (3 വയസ്).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.