You are Here : Home / USA News

ഇല്ലിനോയിയില്‍ അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സുമാര്‍ക്ക് സ്വതന്ത്ര പദവിക്ക് തുടക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 05, 2017 12:02 hrs UTC

ഷിക്കാഗോ: ഇല്ലിനോയ് നഴ്‌സിംഗ് രംഗത്ത് നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വേദിയൊരുങ്ങുന്നു. അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സുമാര്‍ക്ക് (APN) സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കുന്ന ബില്ലിനു ധാരണയായി. നഴ്‌സ് പ്രാക്ടീഷണര്‍, ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷലിസ്റ്റ്, നഴ്‌സ് മിഡ് വൈഫ് എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ഈ അനുമതിയുണ്ടാവുക. 2018 ജനുവരി ഒന്നോടെ ഈ ബില്ല് പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ നഴ്‌സിംഗ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (LNAI) അടക്കം 22 സംഘടനകള്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷനുമായി ചേര്‍ന്നു നടത്തിയ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു സുപ്രധാന മാറ്റത്തിനു തീരുമാനമാകുന്നത്. പ്രത്യേക നിബന്ധനകള്‍ പൂര്‍ത്തീകരിച്ചശേഷം സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാന്‍ അനുമതി തേടാവുന്ന തരത്തിലാണ് ബില്ലിന്റെ രൂപകല്‍പന. നഴ്‌സ് പ്രാക്ടീസ് ആക്ടിന്റെ മറ്റു പല തലങ്ങളിലും കാര്യമായ മാറ്റങ്ങള്‍ നിലവില്‍ വരുന്നതായിരിക്കും. നഴ്‌സിംഗ് വിദ്യാഭ്യാസം, ലൈസന്‍സിനായുള്ള പരീക്ഷയുടെ നിയമങ്ങള്‍, പ്രാക്ടീസ് രംഗത്തെ നിബന്ധനകള്‍ എന്നിവയിലെല്ലാം കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇല്ലിനോയിയിലുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സുമാരും നഴ്‌സ് പ്രാക്ടീസ് ആക്ടില്‍ വരുന്ന മാറ്റങ്ങള്‍ മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നു ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. നഴ്‌സ് പ്രാക്ടീസ് ആക്ടുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ ഐ.എന്‍.എ.ഐ പ്രസിഡന്റ് ബീന വള്ളിക്കളം, മുന്‍ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ്, നൈനയുടെ മുന്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍, ഐ.എന്‍.എ.ഐ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റജീന സേവ്യര്‍, എ.പി.എന്‍ ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സിമി ജസ്റ്റോ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. ഇതോടനുബന്ധിച്ച് നടക്കുന്ന എല്ലാ ചര്‍ച്ചകളിലും അമേരിക്കന്‍ നഴ്‌സസ് അസോസിയേഷനുമായി ചേര്‍ന്നു ഐ.എന്‍.എ.ഐ പങ്കെടുത്തുവരുന്നു. സുപ്രധാനമായ പല മാറ്റങ്ങളെക്കുറിച്ചും, നിയമവശങ്ങളെക്കുറിച്ചും, ഈ മാറ്റങ്ങള്‍ എല്ലാ തലങ്ങളിലും ജോലി ചെയ്യുന്ന നഴ്‌സുമാരുടെ വിദ്യാഭ്യാസ, തൊഴില്‍ രംഗത്ത് അതിവേഗം വന്നുചേരുന്ന നിബന്ധനകളെക്കുറിച്ചും എല്ലാവരും അറിയേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഐ.എന്‍.എ.ഐയുടെ വെബ്‌സൈറ്റായ www.inaiusa.com-ല്‍ ലഭിക്കുന്നതാണ്. റെജീന സേവ്യര്‍, സിമി ജസ്റ്റോ എന്നിവരെ inaiusa@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെട്ട് ചോദ്യങ്ങളും സംശയങ്ങളും ദുരീകരിക്കാവുന്നതാണ്. ഇല്ലിനോയിയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി നിലകൊള്ളുന്ന ഈ പ്രൊഫഷണല്‍ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കുചേരുവാന്‍ എല്ലാ നഴ്‌സുമാരേയും ഇത്തരുണത്തില്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു. ബീന വള്ളിക്കളം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.