You are Here : Home / USA News

ഹാർവി ദുരന്തബാധിതർക്കു സ്വാന്തനവുമായി പി സി ജോർജ്ജ് ഹൂസ്റ്റനിൽ

Text Size  

Story Dated: Friday, September 15, 2017 11:02 hrs UTC

ഹൂസ്റ്റണ്‍: ഹാർവി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലം തകര്‍ന്ന ഹൂസ്റ്റണിലെ ദുരന്തബാധിതര്‍ക്ക് സാന്ത്വനവുമായി എത്തിയ പി.സി.ജോര്‍ജ് എം.എല്‍.എ യ്ക്ക് മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര് ഹൂസ്റ്റണ് (മാഗ്) ന്റെ നേതൃത്വത്തിൽ ഹൂസ്റ്റനിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ ഹൂസ്റ്റണ് മലയാളികൾ ഹൃദ്യമായ പൗരസ്വീകരണം നല്കി. സ്റ്റാഫോര്‍ഡിലെ ഓൾ‍ സെയിന്റ്‌സ് എപ്പിസ്കോപ്പൽ‍ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രളയദുരന്തത്തെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ നിരവധി പ്രവാസികളുടെയും ഇന്ത്യക്കാരുടെയും ഭവനങ്ങൾ സന്ദര്‍ശിച്ചശേഷമാണ് പി.സി. ജോര്‍ജ് സ്വീകരണത്തിനെത്തിയത്. യോഗത്തിനു മുന്പായി മലയാളി അസോസിയേഷൻ ആസ്ഥാന കേന്ദ്രമായ "കേരളഹൗസ്" സന്ദർശിക്കുകയും ഇന്ത്യ പ്രസ് ക്ലബ് സംഘടിപ്പിച്ച “മീറ്റ് ദി പ്രസ്” പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു

 

 

 

 

സമ്മേളനത്തിൽ അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനങ്ങള്‍ക്കു ശേഷം ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് 2 മിനിറ്റ് മൗനമാചരിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് തോമസ് ചെറുകര അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഫൊക്കാനാ മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര, ഡബ്ല്യു. എം.സി ഹൂസ്റ്റണ്‍ പ്രസിഡന്റ് എസ്‌കെ ചെറിയാൻ തുടങ്ങിയവര്‍ ആശംസകൾ അര്‍പ്പിച്ചു. ഹൂസ്റ്റണിലെ ദുരന്താനന്തര സാഹചര്യങ്ങള്‍ എങ്ങിനെ നേരിടണമെന്ന് ഡോ. മാണി സ്‌കറിയാ വിശദീകരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട് സ്വാഗതം ആശംസിച്ചു. അനില്‍ ആറന്മുള പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് ലഭ്യമാകേണ്ട നിരവധി ആവശ്യങ്ങള്‍ (സ്വത്തു സംരക്ഷണം ഉൾപ്പെടെ) ഉന്നയിച്ച് നിവേദനം നല്‍കി. തുടർന്ന് അദ്ദേഹത്തിന് ഹൂസ്റ്റൺ പൗരാവലിയുടെ സ്നേഹോപഹാരമായി സ്റ്റാഫോര്ഡ് സിറ്റി കൗണ്സില്മാന് കെൻ മാത്യു മെമെന്റോ സമ്മാനിച്ചു.

 

 

 

 

"നേരിനൊപ്പം നാടിനൊപ്പം" എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന "ജനപക്ഷ" ത്തിന്റെ പ്രവർത്തനങ്ങൾ കേരളം മുഴുവൻ വ്യാപിച്ചു കഴിഞ്ഞതായി മറുപടി പ്രസംഗത്തിൽ എം എൽ എ ചൂണ്ടിക്കാട്ടി. സദസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയ പി.സി.ജോര്‍ജ്, ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍ദേശിക്കപ്പെട്ട ശബരിമല വിമാനത്താവളവും, ശബരി റെയില്‍വേയും എത്രയും പെട്ടെന്ന് തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മറുപടി പ്രസംഗത്തില്‍ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ പത്‌നി ഉഷാ ജോര്‍ജും ചടങ്ങില്‍ സന്നിഹിതയായിരുന്നു. പൊന്നു പിള്ള നന്ദി പറഞ്ഞു. ജോര്‍ജ് ഈപ്പന്‍, ജോർജ് കൊളച്ചേരിൽ എന്നിവർ എം.സി.മാരായിരുന്നു. ഡോ.സാം ജോസഫിന്റെ നേതൃത്വത്തിൽ ജിജു കുളങ്ങര, ജോൺ W. വർഗീസ്, ജോർജ് കാക്കനാട്ട്, റജി കോട്ടയം, എബ്രഹാം ഈപ്പൻ, പ്രേം ദാസ്, ജോർജ് കൊളച്ചേരിൽ, സാജു, സെബാസ്റ്റിയൻ പാലാ,ഫിലിപ്പ് കൊച്ചുമ്മൻ തുടങ്ങിവർ അടങ്ങിയ സ്വാഗതസംഘമാണ് സ്വീകരണത്തിനു ചുക്കാൻ പിടിച്ചത്. സ്വീകരണത്തിന് ശേഷം സ്നേഹ സൽക്കാരവും ഉണ്ടായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.