You are Here : Home / USA News

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഓണാഘോഷം അവിസ്മരണീയമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, September 18, 2017 12:42 hrs UTC

ഹൂസ്റ്റണ്‍: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ അഭിമുഖ്യത്തില്‍ നടന്ന ഈ വര്‍ഷത്തെ ഓണസംഗമം വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബര്‍ 16ന് ശനിയാഴ്ച 'പാം ഇന്‍ഡ്യാ റെസ്റ്റോറന്റില്‍' വച്ച് നടന്ന ഓണകൂട്ടായ്മ ഹാര്‍വി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായി ആഘോഷിച്ചുകൊണ്ട് വ്യത്യസ്തത പുലര്‍ത്തി. ഗൃഹാതുരത്യ സ്മരണകള്‍ ഉണര്‍ത്തി കേരളത്തനിമയാര്‍ന്ന ഓണവിഭവങ്ങള്‍ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യ ഏറെ ഹൃദ്യവും ഏതൊരു മലയാളിയുടെയും രുചിയോര്‍മ്മകളെ ഉണര്‍ത്തുന്നതുമായിരുന്നു. കേരളീയ ശൈലിയില്‍ ഓണക്കോടികള്‍ ധരിച്ചുകൊണ്ട് തിരുവല്ലക്കാര്‍ ഈ ഓണസത്കര്‍മ്മത്തില്‍ അണിനിരന്നപ്പോള്‍ സംഗമത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. തങ്ങളുടെ സാന്നിദ്ധ്യവും സന്ദേശങ്ങളും കൊണ്ട് ഹൂസ്റ്റണിലെ 3 വൈദികര്‍ ഈ ഓണക്കൂട്ടായ്മയെ ധന്യമാക്കി.

 

 

 

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക അസോസിയേറ്റ് വികാരി റവ.ഏബ്രഹാം വര്‍ഗീസ് മുഖ്യ ഓണസന്ദേശം നല്‍കി മലയാളികളെ ജാതി മത ഭേദമെന്യേ ഒരുമിച്ച് അണിനിരത്തുന്ന ദേശീയ ഉത്സവമായ ഓണം പഴയകാല സ്മരണകളുടെ, ഹൃഹാതുരത്യ ചിന്തകളുടെ ഓര്‍മ്മപ്പെടുത്തലാണ്. ഹിന്ദുവെന്നോ, ക്രിസ്ത്യാനിയെന്നോ, മുസ്ലീമോ എന്ന വ്യത്യാസം ഉണ്ടാകാതെ മനുഷ്യര്‍ക്ക് നന്മ മാത്രം വിഭാവന ചെയ്തിരുന്ന ഓണ സ്മൃതികള്‍, നമ്മുടെ നാട്ടില്‍ ഇന്നും നാളെയും ഉണ്ടാകേണ്ടിയിരിയ്ക്കുന്നു. മറ്റുള്ളവരെ ആദരിയ്ക്കുന്നതിനും നന്മചെയ്യുന്നതിനും നമുക്ക് കഴിയണമെന്നു അച്ചന്‍ ഓണസന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. റവ.ഏബ്രഹാം തോട്ടത്തില്‍ തന്റെ ഹൃദ്യമായ സന്ദേശത്തോടൊപ്പം തിരുവല്ലയെ വര്‍ണ്ണിച്ചുകൊണ്ട് എഴുതിയവതരിപ്പിച്ച കവിത വേറിട്ട ഓര്‍മ്മകള്‍ ഉണര്‍ത്തി. കേരളീയരായ രണ്ടും മൂന്നും തലമുറക്കാരോടൊപ്പം ഓണമാഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് റവ.മാമ്മന്‍ വര്‍ക്കി സൂചിപ്പിച്ചു. തിരുവല്ലാക്കാരനും പ്രശസ്ത മലയാള സിനിമാ സംവിധായകനുമായ 'ബ്ലെസി' സ്‌ക്കൈപ്പില്‍ കൂടി ഓണാശംസ നേര്‍ന്നത് പുത്തന്‍ അനുഭവമായിരുന്നു. ബിജു ജോര്‍ജ്ജ്, ഡോ. അന്നാ ഫിലിപ്പ് എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങളാലപിച്ചു. പ്രസിഡന്റ് റോബിന്‍ ഫിലിപ്പ് സ്വാഗതവും സെക്രട്ടറി ഉമ്മന്‍ തോമസ് നന്ദിയും അറിയിച്ചു. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.