You are Here : Home / USA News

കേരളസമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷം അവിസ്മരണീയമായി

Text Size  

Story Dated: Friday, September 22, 2017 11:17 hrs UTC

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി. സെപ്റ്റംബര്ർ 9ാം തീയതി കോണ്‍ലോന്‍ ഹാളില്‍ വെച്ചു നടത്തപ്പെട്ട കേരളസമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണോത്സവം കേരളത്തനിമയില്‍ ഓണക്കോടികളണിഞ്ഞെത്തിയ കേരളമക്കള്‍ക്ക് ഗൃഹാതുരസ്മരണകുളുണര്‍ത്തി. നാട്ടില്‍ ഓണം ഉണ്ട സംതൃപ്തി നല്‍കിയ ഗംഭീരമായ ഓണസദ്യയോടെയാണ് ഓണാഘോഷം ആരംഭിച്ചത്. ബര്‍ഗന്‍ഫീല്‍ഡിലെ ഗ്രാന്‍റ് റെസ്റ്റോറന്‍റാണ് ഓണസദ്യ തയ്യാറാക്കിയത്. രണ്ടര മണിയോടെ ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയും വിശിഷ്ഠാതിഥികളും വേദിയിലേക്ക് ഘോഷയാത്രയായി ആനയിക്കപ്പെട്ടു. മയൂര സ്കൂള്‍ ഓഫ് ആര്‍ട്ട്സ് കലാകാരികളായ നേഹ ചന്ദ്രോത്ത് , ഡിയ ചന്ദ്രോത്ത്, ആഞ്ജലി തോമസ്, അഞ്ജലി ഹരികുമാര്‍, ആഞ്ജലിന ജോബ്, മായ പ്രസാദ്, അനീസ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിര ഉന്നതനിലവാരം പുലര്‍ത്തി .

 

 

 

ആലിസനും അലീനയും ഇന്ത്യയുടെ ദേശീയ ഗാനവും ആന്‍സി അമേരിക്കന്‍ ദേശീയ ഗാനവും ആലപിച്ചു. കേരളസമാജം പ്രസിഡന്‍റ് ഹരികുമാര്‍ രാജന്‍ നടത്തിയ സ്വാഗതപ്രസംഗത്തില്‍ കേരളസമാജം ഓഫ് ന്യൂജേഴ്സിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അക്കാഡമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ആര്‍ട്ട്സ് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്നുവെന്നും അതിലൂടെ അനേകം കുട്ടികള്‍ മലയാളം പഠിക്കുന്നുവെന്നും അത് അഭിമാനകരമായ പ്രവര്‍ത്തനമായി കരുതുന്നുവെന്നും പറഞ്ഞു. കേരളസമാജത്തിന്‍റെ മുന്‍വര്‍ഷങ്ങളിലെ ഓണാഘോഷപരിപാടികളുടെ വിജയമാണ് പ്രതീക്ഷക്കപ്പുറമുള്ള ജനക്കൂട്ടത്തെ ഈവര്‍ഷത്തെ ഓണാഘോഷത്തിലേക്കാകര്‍ഷിച്ചതെന്നും വരും വര്‍ഷവും ഇതേ നിലവാരവും ചിട്ടയായ ക്രമീകരണങ്ങളും തുടരുമെന്നും അടുത്ത വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 15 ന് നടക്കുമെന്നും എല്ലാവരെയും അതിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. തുടര്‍ന്ന് ന്യൂമില്‍ഫോര്‍ഡ് ടൗണ്‍ഷിപ്പ് മേയര്‍ ആന്‍ സബ്രീസിയും കൗണ്‍സിലംഗങ്ങളും മറ്റു വിശിഷ്ഠാതിഥികളും കേരളസമാജം ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. മേയര്‍ സബ്രീസി തന്‍റെ ആശംസാ പ്രസംഗത്തില്‍ ഇത്രയും വര്‍ണ്ണശബളവും മനോഹരവുമായ ചടങ്ങില്‍ പങ്കെടുക്കാനായത് ഭാഗ്യമായി കരുതുന്നുവെന്നും കേരളത്തിന്‍റെ സംസ്കാരവും പാരമ്പര്യവും നിലനിര്‍ത്താന്‍ കേരളസമാജം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്നും പറഞ്ഞു.

 

 

 

 

 

കേരളസമാജത്തിന്‍റെ കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് നേടിയ ഷിജോ പൗലോസിനും, ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടി മലയാളം ലെവല്‍ 3 പൂര്‍ത്തിയാക്കിയ നേഹ ചന്ദ്രോത്തിനുമുള്ള പുരസ്കാരം മേയര്‍ നല്‍കി. റിതു സുബാഷ് ആലപിച്ച ഓണപ്പാട്ട് ആസ്വാദ്യമായിരുന്നു. മയൂര സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച രണ്ടു ന‍ൃത്ത രൂപങ്ങള്‍ പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തി. എ പി.റ്റി. സര്‍വീസ് സി.ഇ.ഒ. ഏബ്രഹാം തോമസ് തന്‍റെ ഹൃദ്യവും ഹൃസ്വവുമായ ഓണസന്ദേശത്തില്‍ ഓണം ഗതകാലസ്മരണയുടെ തനിയാവര്‍ത്തനം മാത്രമല്ലെന്നും നാം ഇനിയും നേടിയെടുക്കേണ്ട ഒരു സാമൂഹ്യ, രാഷ്ട്രീയ സാമ്പത്തിക ക്രമത്തിലേക്കുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും, നഷ്ടവസന്തത്തില്‍ നിന്നും ഇനിയും ഉരിത്തിരിയുവാനുള്ള ഒരു സമൃദ്ധ വസന്തത്തിലേക്കുള്ള പ്രയാണത്തിനുള്ള പ്രേരകശക്തിയാവണം ഓരോ ഓണാഘോഷവുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അക്കാഡമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ആര്‍ട്ട്സ് പ്രിന്‍സിപ്പല്‍ എബി തര്യന്‍ സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നമ്മുടെ കലാ, സാംസ്കാരിക, ഭാഷാ മൂല്യങ്ങള്‍ നിലനിര്‍ത്തുവാന്‍ സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങലേകണമെന്നും കുട്ടികളെ പരിശീലിപ്പിക്കുവാന്‍‍ ലഭിക്കുന്ന സുവര്‍ണ്ണാവസരം വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

സ്വപ്ന രാജേഷ്(പ്രസിഡന്‍റ്, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി) ഷിനോ ജോസഫ്(പ്രസിഡന്‍റ് യോങ്കേഴ്സ് മലയാളി അസോസിയേഷന്‍) ജോസ് ഏബ്രഹാം(മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ്) ജോണ്‍ സി. വര്‍ഗീസ്(സലിം, ഫോമ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി) മധു കൊട്ടാരക്കര(പ്രസിഡന്‍റ്, ഇന്ത്യ പ്രസ് ക്ലബ്) മിത്രാസ് രാജന്‍, മിത്രാസ് ഷിരാസ്(ഫ്ലവേഴ്സ് ടി.വി.) ജോസഫ് ഇടിക്കുള( സംഗമം പത്രം), ഷിജോ പൗലോസ്(ഏഷ്യാനെറ്റ് ടി.വി.) ബിന്ദ്യ ശബരി( മയൂര സ്കൂള്‍ ഓഫ് ആര്‍ട്ട്സ്) എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ട്രൈസ്റ്റേറ്റിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സഗപനിക ഫുള്‍ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിച്ച ഗാനമേള എക്കാലത്തും മലയാളമനസ്സിനെ തൊട്ടുണര്‍ത്തിയിട്ടുള്ള ജനപ്രിയ ഗാനങ്ങളും സമകാലീന ഹിറ്റ് ഗാനങ്ങളും കോര്‍ത്തിണക്കി ഓണസന്ധ്യയെ തികച്ചും ഒരു ഗാനസന്ധ്യയാക്കി മാറ്റി.

 

 

 

അനുഗ്രഹീത ഗായകരായ ജെറി, അലക്സ്, രേഷു, എയ്മി, മേഴ്സി, മാര്‍ട്ടീന, ആഷ, ദീപ, ഗീത, ലീന എന്നിവരുടെ ഗാനങ്ങള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു. പിന്നണിയില്‍‍ എയ്മിയും അലക്സും ഡെലിക്സും കീബോര്‍ഡും, ജോര്‍ജും ആല്‍വിനും വയലിനും, റോണി ഡ്രംസും, സുബാഷ് തബലയും കൈകാര്യം ചെയ്തു. അറിയപ്പെടുന്ന തബല ആര്‍ട്ടിസ്റ്റും കൂടിയായ സിറിയക്ക് കുര്യന്‍ സൗണ്ട് സിസ്റ്റം വിദഗ്ദമായി കൈകാര്യം ചെയ്തു. എല്ലാ അര്‍ത്ഥത്തിലും മികവുറ്റ ഒരു ഗാനമേള ശ്രോതാക്കള്‍ക്കു കാഴ്ചവയ്ക്കുവാന്‍ സഗപനിക യ്ക്കു കഴിഞ്ഞു. സെക്രട്ടറി ബിനു പുളിക്കലിന്‍െറ നന്ദി പ്രകാശനത്തോടെ കേരളസമാജം ഓഫ് ന്യൂജേഴ്സിയുടെ 2017 ലെ ഓണാഘോഷത്തിനു തിരശ്ശീല വീണു. ജെംസണ്‍ കുറിയാക്കോസും ആശാ രവിചന്ദ്രയും മാസ്റ്റേഴ്സ് ഓഫ് സെറിമണീസ് ആയി പരിപാടികള്‍ ഭംഗിയായും ചിട്ടയായും അവതരിപ്പിച്ചു. ഡാലിയ ചന്ദ്രോത്ത്, മഞ്ജു പുളിക്കല്‍, രചന സുബാഷ്, ആശ ഹരി, അജു തര്യന്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പൂക്കളം ടീം രൂപകല്‍പ്പനചെയ്തു തയ്യാറാക്കിയ അതിമനോഹരമായ പൂക്കളം എല്ലാവരുടേയും സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.

 

റിപ്പോര്‍ട്ട് വര്‍ഗീസ് പ്ലാമ്മൂട്ടില്‍

 

ഫോട്ടോ ഷിജോ പൗലോസ്

 

For more photos of the event, please visit Kerala Samajam of NJ f.b. page:https://www.facebook.com/keralasamajamnj/photos/rpp.1492021454369422/1950390848532478/?type=3&theater

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.