You are Here : Home / USA News

ന്യുയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സുവര്‍ണ്ണ ജൂബിലി നിറവില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, September 27, 2017 10:15 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയും ഐ.പി.സി നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയനിലെ പ്രമുഖ സഭയുമായ ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി വളര്‍ച്ചയുടെ അമ്പതാം വര്‍ഷത്തില്‍ പ്രവേശിച്ചിരിക്കുന്നു. അറുപതുകളുടെ അവസാനത്തില്‍ മലങ്കരയുടെ മണ്ണില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറി പാര്‍ത്ത ചുരുക്കം ചില ദൈവ മക്കളുടെ ശ്രമഫലമായി സ്വന്ത ഭാഷയില്‍ ദൈവത്തെ ആരാധിക്കുവാനായി ആരംഭിച്ച കൂടിവരവാണ് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി (ICA) എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തക്കോസ്ത് സഭ.1968 ഫെബ്രുവരി 18 നാണ് സഭയുടെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ടുകള്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടിവന്നിരുന്ന സഭ 2015 മുതല്‍ ലോങ്ങ് ഐലണ്ടില്‍ ലെവി ടൌണ്‍ എന്ന പട്ടണത്തില്‍ സ്വന്തമായി വാങ്ങിയ വിസ്തൃതമായ മൂന്ന് ഏക്കര്‍ സ്ഥലത്ത് ദൈവ നാമ മഹത്വത്തിനായി നിലകൊണ്ടുവരുന്നു.

 

 

 

 

നൂറില്‍പരം കുടുംബങ്ങളില്‍ നിന്നായി മൂന്നൂറിലധികം വിശ്വാസികള്‍ സജീവ അംഗങ്ങളായിട്ടുള്ള ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭയുടെ സീനിയര്‍ ശുശ്രൂഷകനായി റവ. ഡോ. വില്‍സണ്‍ വര്‍ക്കിയും സെക്രട്ടറിയായി പി.എ.സാമുവേലും, ട്രഷററായി സാം ജോണും പ്രവര്‍ത്തിച്ചുവരുന്നു. ജൂബിലിയോടനുബദ്ധിച്ച് വിവിധ ജീവകാരുണ്യ പ്രേക്ഷിത പ്രവര്‍ത്തന പദ്ധതികള്‍ സഭയുടെ ചുമതലയില്‍ നടത്തുവാന്‍ സഭാ കൗണ്‍സില്‍ തീരുമാനിച്ചതായി ജൂബിലി കോര്‍ഡിനേറ്റര്‍ സാം തോമസ് അറിയിച്ചു. ഡിസംബര്‍ 30 ന് ശനിയാഴ്ച സുവര്‍ണ്ണ ജൂബിലി സ്‌തോത്ര ശുശ്രൂഷ സഭാങ്കണത്തില്‍ നടത്തപ്പെടും. ഇതിനുമുമ്പായി 15 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക ഉപവാസ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. അര്‍ഹരായ 10 യുവതികള്‍ക്ക് വിവാഹ സഹായം നല്‍കുക, ഭാരതത്തിലും വിവിധ സംസ്ഥാനങ്ങളിലുമായുള്ള 50 മിഷന്‍ സ്‌റ്റേഷനുകള്‍ ഏറ്റെടുത്ത് പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, വിധവകളായ 50 സഹോദരിമാര്‍ക്ക് എല്ലാ മാസവും അര്‍ഹമായ സാമ്പത്തിക സഹായം നല്‍കുക, എഴുപത് വയസിനു മുകളില്‍ പ്രായമുള്ള മാതാപിതാക്കളെ പ്രത്യേക ഉപഹാരം നല്‍കി ആദരിക്കുക തുടങ്ങിയവ ജൂബിലി വര്‍ഷത്തില്‍ നടത്തപ്പെടും. വിപുലമായ ക്രമീകരണങ്ങളാണ് ജൂബിലി കോര്‍ഡിനേറ്റര്‍ സാം തോമസിന്റെ നേതൃത്വത്തി ല്‍ നടത്തപ്പെടുന്നത്. ജൂബിലി കമ്മറ്റി അംഗങ്ങളായി റവ. ഡോ. വില്‍സണ്‍ വര്‍ക്കി, പി.എ.സാമുവേല്‍, സാം ജോണ്‍, സാം തോമസ്, ജോര്‍ജ്.വി.ഏബ്രഹാം, ജേക്കബ് അലക്‌സാണ്ടര്‍, തോമസ് കുര്യന്‍, സൂസന്‍ ജോര്‍ജ്, ഷെറിന്‍ കോശി എന്നിവരും റവ. മൈക്കിള്‍ ജോണ്‍സണ്‍, റവ.കെ.ഇ ഈപ്പന്‍, ബ്രദര്‍ കുര്യന്‍ തോമസ് എന്നിവര്‍ അഡ്വൈസറി ബോര്‍ഡംഗങ്ങളായും പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളുടെ ചരിത്രവും വിവരണങ്ങളും ഉള്‍പ്പെടുത്തി സഭയുടെ സ്മരണിക പ്രസിദ്ധീകരിക്കും. സുവനീര്‍ ചീഫ് എഡിറ്ററായി സാം തോമസും, ജിമ്മി അഗസ്റ്റിന്‍, സൂസന്‍ ജോര്‍ജ്, തങ്കമ്മ സാമുവേല്‍, പി.എ. സാമുവേല്‍, റവ. സാമുവേല്‍ ജോണ്‍, റവ.വില്‍സണ്‍ വര്‍ക്കി എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗങ്ങളായും പ്രവര്‍ത്തിക്കുന്നു. ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയുടെ മുന്‍കാല അംഗങ്ങളും, ഭാരവാഹികളും തങ്ങളുടെ കൈവശമുള്ള പൂര്‍വ്വകാല രേഖകളും, ചിത്രങ്ങളും മറ്റ് വിവരങ്ങളും ജൂബിലി സുവനീറില്‍ പ്രസിദ്ധീകരിക്കേണ്ടതിനായി അയച്ചുതരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

 

 

വിലാസം: India Christian Assembly 100 Periwinkle Rd, Levittown, NY 11756 Email: icasouvenir@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.