You are Here : Home / USA News

വിശ്വാസത്തിലധിഷ്ഠിതമായ ജീവിതാനുഭവങ്ങളാണ് കുടുംബ ഭദ്രതയ്ക്ക് അടിസ്ഥാനം

Text Size  

Story Dated: Saturday, September 30, 2017 12:30 hrs UTC

ഷാജി രാമപുരം

 

ഡാലസ് : വിശ്വാസത്തിലധിഷ്ഠിതമായ ജീവിതാനുഭവങ്ങളാണ് കുടുംബ ഭദ്രതയ്ക്ക് അടിസ്ഥാനം എന്ന് പ്രമുഖ ഫാമിലി കൗണ്‍സിലറും ധ്യാനഗുരുവുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ ഉദ്‌ബോധിപ്പിച്ചു. മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ദേവാലയത്തില്‍ വെച്ച് നടന്ന നാലാമത് സീനിയര്‍ സിറ്റിസണ്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പുത്തന്‍പുരക്കലച്ചന്‍. വിശ്വാസം എന്നത് ദൈവത്തോടുള്ള ആശ്രയം വയ്ക്കലും, പറ്റിച്ചേരലും ഒപ്പം ബുദ്ധിക്കപ്പുറത്തേക്കുള്ള ഒരു യാത്രയും കൂടിയാണ്. വയോജനങ്ങള്‍ സമൂഹത്തില്‍ ദൈവിക വിശ്വാസം പങ്കുവയ്ക്കുന്നവരായിത്തീരണമെന്ന് ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ ഓര്‍മ്മിപ്പിച്ചു.

 

 

 

 

ദൈവത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ദാഹം മാന്‍ നീര്‍ത്തോടുകളിലേക്ക് ദാഹത്തോടെ പോകുന്നതു പോലെ ഈ കാലഘട്ടത്തില്‍ വളരെ കൂടുതലായി ഉണ്ടാവണമെന്ന് പ്രമുഖ പ്രഭാഷകനും ഷിക്കാഗോ മാര്‍ത്തോമ ഇടവക വികാരിയും ആയ റവ. എബ്രഹാം സ്‌കറിയ അഭിപ്രായപ്പെട്ടു. വയോജനങ്ങള്‍ സമൂഹത്തിന് ഒരിക്കലും ബാധ്യതയല്ല മറിച്ച് ഒരനുഗ്രഹമാണ്. വൃദ്ധജനങ്ങള്‍ പലപ്പോഴും ഉപേക്ഷിക്കപ്പെടുന്നു. കബളിക്കപ്പെടുന്നു. നിന്ദിക്കപ്പെടുന്നു. ബൈബിളിലെ ഇസ്സഹാക്കിന്റെയും കാലേബിന്റെയും ജീവിതമാതൃകകള്‍ വയോജനങ്ങള്‍ക്ക് എക്കാലത്തും ധൈര്യവും പ്രത്യാശയും നല്‍കുന്നതാണെന്ന് കോണ്‍ഫറന്‍സ് പ്രസിഡന്റും ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരിയും ആയ റവ. പി. സി. സജി സൂചിപ്പിച്ചു. ഭദ്രാസനത്തിന്റെ വിവിധ ഇടവകളില്‍ നിന്നായി 450 യോളം അംഗങ്ങളും വൈദീകരും പങ്കെടുത്ത കോണ്‍ഫറന്‍സ് ഒരു ചരിത്ര നിമിഷമായി മാറി എന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

 

 

 

 

നാല് ദിവസമായി നടന്ന കോണ്‍ഫറന്‍സില്‍ ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, സെക്രട്ടറി റവ. ഡെന്നിസ് ഫിലിപ്പ്, ട്രഷറര്‍ ഫിലിപ്പ് തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം അനുഗ്രഹമായിത്തീര്‍ന്നു.\റവ. മാത്യു സാമുവേല്‍, റവ. വിജു വര്‍ഗീസ്, റിന്‍സി മാത്യു, പ്രീനാ മാത്യു എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഈശോ മാളിയേക്കല്‍, തോമസ് സക്കറിയ, ഏബ്രഹാം മാത്യു, അലക്‌സ് ചാക്കോ, ചാക്കോ ജോണ്‍സണ്‍, വിജയ രാജു, ലീല അലക്‌സാണ്ടര്‍, ബാബു സി. മാത്യു, ഏബ്രഹാം മാത്യു, ജോജി ജോര്‍ജ്, മറിയാമ്മ ഡാനിയേല്‍, സി. എം. മാത്യു പ്രഫ. സോമന്‍ ജോര്‍ജ്, പി. ടി. മാത്യു എന്നിവരാണ് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.