You are Here : Home / USA News

സൗണ്ട് ഓഫ് സൈലന്‍സ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു

Text Size  

Story Dated: Friday, October 06, 2017 12:02 hrs UTC

മനു തുരുത്തിക്കാടന്‍

 

ലൊസാഞ്ചലസ് : ഡോ. ബിജുവിന്റെ പുതിയ ചിത്രം 'സൗണ്ട് ഓഫ് സൈലന്‍സ്' ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച വിദേശ ഭാഷാ പുരസ്‌കാരത്തിനുള്ള മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. സാന്റാമോണിക്കയിലെ ഡിക്ക് ക്ലാര്‍ക്ക് തിയേറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ ജൂറി അംഗങ്ങളും മാധ്യമ പ്രവര്‍ത്തകരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ചെറുപ്പത്തില്‍ത്തന്നെ അനാഥനായ ഒരു കുട്ടി ബുദ്ധ സന്ന്യാസിയാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഡോ. ബിജുവിന്റെ മകന്‍ ഗോവര്‍ധന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഫ്‌ലോറിഡയില്‍ നിന്നുള്ള ഡോ. എ.കെ. പിള്ള നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ എം.ജെ. രാധാകൃഷ്ണനും സംഗീതം ഐസക്ക് തോമസ് കൊട്ടുകാപ്പിള്ളിയുമാണ്. ഹിമാചല്‍പ്രദേശിലെ കുളുവിലുള്ള വനമേഖലയിലായിരുന്നു പൂര്‍ണമായും ചിത്രീകരണം. സമുദ്രനിരപ്പില്‍നിന്ന് ഒന്‍പതിനായിരം അടി ഉയരമുള്ള പ്രദേശത്തെ ഗ്രാമവും ബുദ്ധമത പഗോഡയുമായിരുന്നു മുഖ്യ ലൊക്കേഷന്‍. ബുദ്ധസന്ന്യാസിമാരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

 

 

 

 

ടിബറ്റന്‍, ഹിന്ദി ഭാഷയിലുള്ള ചിത്രം. ഇംഗ്ലിഷ് സബ് ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിച്ചത്. വിവിധ രാജ്യങ്ങളിലെ പത്തോളം പ്രമുഖ ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള ചിത്രമായതിനാലാണ് നിര്‍മാണം ഏറ്റെടുത്തതെന്ന് ഡോ. പിള്ള പറഞ്ഞു. കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ശ്രീലങ്ക, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ റിലീസ് ചെയ്യും. മൂന്നു തവണ ദേശീയ അവാര്‍ഡ് ജേതാവായ ഡോ. ബിജു നിലവില്‍ കണ്ണൂര്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസറാണ്. എട്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബിജുവിന്റെ ആദ്യ അന്യഭാഷാ സംരംഭമാണ് സൗണ്ട് ഓഫ് സൈലന്‍സ്. ചിത്രത്തിന്റെ ടിബറ്റന്‍ ബന്ധം മൂലം ബെയ്ജിങ് മേളയിലേക്ക് തിരഞ്ഞെക്കപ്പെട്ടില്ല എന്ന് സംവിധായകന്‍ പറഞ്ഞു.

 

 

നവംബറില്‍ നോമിനേഷന്‍ അറിയാം. ഇന്ത്യയില്‍ നിന്നുള്ള ആദ്യകാല നടനും ജൂറി അംഗവുമായ നോയല്‍ ഡിസൂസ, ഐഎന്‍ഒസി ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സണ്‍ ചിക്കന്‍പാറയില്‍, വിന്‍സണ്‍ വര്‍ഗീസ്, നീല്‍ വിന്‍സെന്റ്, സോദരന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.