You are Here : Home / USA News

ആത്മീയ സ്വരസാഗരം ഒഴുക്കി 'സ്വരതരംഗം'

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Thursday, November 09, 2017 12:08 hrs UTC

ന്യൂയോര്‍ക്ക്: ആത്മീയ സൗന്ദര്യത്തിന്റെ നവ്യാനുഭൂതി സമ്മാനിച്ച് സൗഹൃദയ ക്രിസ്റ്റിയന്‍ ആര്‍ട്ട്‌സ് ഒരുക്കിയ ക്രൈസ്തവ ഗാനസന്ധ്യ 'സ്വരതരംഗം' നവംബര്‍ 29 ശനിയാഴ്ച്ച നടത്തപ്പെട്ടു. ശ്രുതിമധുരമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി ശ്രോതാക്കളില്‍ വേറിട്ട നാദവിസ്മയം തീര്‍ത്ത സ്വരതരംഗത്തിന് വേദിയായത് ന്യൂയോര്‍ക്ക് ട്രിനിറ്റി ലൂഥാന്‍ ചര്‍ച്ച് ആഡിറ്റോറിയമാണ്. പ്രശസ്ത സംഗീതസംവിധായകനും ഗാനരചയിതാവുമായ സാം കടമ്മനിട്ടയും ക്രൈസ്തവ സംഗീതലോകത്തെ പ്രശസ്ത ഗായകരായ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജനസഖ്യം വൈ.പ്രസിഡന്റ് റവ.സജു.ബി.ജോണ്‍, സിമി സജു, ലാജി തോമസ്, ജോമോന്‍ ഗീവര്‍ഗ്ഗീസ്, ആനി ടൈറ്റസ്, പ്രസാദ് എന്നിവരും വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ ആലപിച്ചു. വിവിധ വാദ്യോപകരണങ്ങള്‍കൊണ്ട് വൈവിധ്യമാര്‍ന്ന പ്രകടനം ഒരുക്കിയ റവ.ജോണി അച്ചന്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. വ്യത്യസ്തമായ പത്ത് ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ഗാനോപഹാരം ശ്രോതാക്കളില്‍ നവ്യാനുഭൂതി ഉളവാക്കി. മാന്ത്രികവിരല്‍ത്തുമ്പുകളാല്‍ കെസിയ എല്ലാ ഗാനങ്ങള്‍ക്കും കീബോര്‍ഡ് വായിച്ചു.

 

 

പ്രതികൂല കാലാവസ്ഥയിലും ധാരാളം പേര്‍ 'സ്വരതരംഗം' പ്രോഗ്രാമിന് എത്തിച്ചേര്‍ന്നത് പരിപാടിയുടെ വിജയത്തിന് കാരണമായി. പ്രാരംഭമായി സൗഹൃദയ ആര്‍ട്ട്‌സ് വൈ.പ്രസിഡന്റ് ഫിലിപ്പ് മാത്യു ഏവരേയും സ്വാഗതം ചെയ്തു. റവ.പി.എം.തോമസ് ഉത്ഘാടനം നിര്‍വഹിച്ച പ്രോഗ്രാമിന് സോണി ജോസഫ്, ആന്‍സി മത്തായി എന്നിവര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സമാപന പ്രാര്‍ത്ഥനയ്ക്ക് റവ.സജു.ബി.ജോണ്‍ നേതൃത്വം നല്‍കി. പരിപാടിയിലൂടെ സമാഹരിച്ച മുഴുവന്‍ തുകയും ഡല്‍ഹി ഇറ്റേണല്‍ പ്രയര്‍ ഫെല്ലോഷിപ്പ് നേതൃത്വം നല്‍കുന്ന മൗണ്ട് താമ്പോര്‍ സ്‌ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നു. 'സ്വരതരംഗം' വിജയകരമാക്കുവാന്‍ ലാജി തോമസ് നേതൃത്വം നല്‍കി. റിഥം സൗണ്ട്‌സിന്റെ ജോമോന്‍ ശബ്ദക്രമീകരണങ്ങള്‍ നിര്‍വഹിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും, ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്കും സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

 

 

എത്തിച്ചേര്‍ന്ന ഏവര്‍ക്കും സംഘാടകര്‍ സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു. 'സ്വരതരംഗം' ന്യൂയോര്‍ക്കില്‍ ഒരുക്കിയത് ഡിവൈന്‍ മ്യൂസിക്ക്, കെസിയ മെലഡീസ്, റിഥം സൗണ്ട്‌സ്, ഗ്ലോറിയ റേഡിയോ, നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയ അമേരിക്കന്‍ ഇമിഗ്രന്റ് ഫോര്‍ സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജോസഫ്.വി.തോമസ്(ആള്‍ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്), മാത്യു, പ്രതീഷ്(സീമാറ്റ് ഓട്ടോ സര്‍വീസ് സ്‌റ്റേഷന്‍) എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സര്‍മാരായും, സാബു ലൂക്കോസ്(ബ്ല്യൂ ഓഷ്യന്‍ വെല്‍ത്ത് സൊല്ല്യൂഷന്‍സ്), സ്റ്റാന്‍ലി മാത്യു(റോയല്‍ ഹോംസ് ആന്‍ഡ് കൊമേഴ്‌സ്യല്‍), സാം കൊന്നന്മൂട്ടില്‍(ബെന്റിലി ബ്രദേഴ്‌സ് ലീമൂസിന്‍ സര്‍വ്വീസ്), ഷാജി വര്‍ഗ്ഗീസ്(ഗ്രീന്‍ പോയിന്റ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ്) എന്നിവര്‍ സ്‌പോണ്‍സര്‍മാരായും ആവശ്യമായ സഹായങ്ങള്‍ ചെയ്തു. പരിപാടിയുടെ ദൃശ്യങ്ങള്‍ തൂലികയുടെ കുര്യന്‍ എടുത്തു സഹായിച്ചു. സ്വരതരംഗത്തിന് നേതൃത്വവും സഹായ സഹകരണങ്ങളും നല്‍കിയ ഏവര്‍ക്കും സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.