You are Here : Home / USA News

സെന്റ് അൽഫോൻസായിൽ ഫാമിലി നൈറ്റും ജൂബിലേറിയന്‍ സംഗമവും അരങ്ങേറി

Text Size  

Story Dated: Saturday, December 30, 2017 02:18 hrs UTC

ഡാലസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ ക്രിസ്മസ് സമാപനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഫാമിലി നൈറ്റും ജൂബിലേറിയന്‍ ദമ്പതീസംഗമവും ശ്രദ്ധേയമായി. ഡിസംബർ 29 നു വെള്ളിയാഴ്ച വൈകിട്ടു ദേവാലയത്തിൽ ആരാധനക്കും ദിവ്യബലിക്കും ശേഷം സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ.

പുതുവർഷത്തിലേക്കു പ്രവേശിക്കുന്നതിനൊരുക്കമായി കടന്നുപോയ വർഷത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്കു നന്ദിയും കൃതജ്ഞതയുമർപ്പിച്ചാണ് കുടുംബദിനാചരണ സന്ധ്യയും ജൂബിലേറിയന്‍ ദമ്പതീ സംഗമവും സംഘടിപ്പിച്ചത്‌. അനുമോദന സമ്മേളനം വികാരി ഫാ. ജോൺസ്റ്റി തച്ചാറ ഉദ്ഘാടനം ചെയ്തു. വിവാഹത്തിന്റെ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരാണ് ജൂബിലേറിയന്‍ സംഗമത്തില്‍ പങ്കെടുത്തത്.

കുടുംബത്തിനും സമൂഹത്തിനും സഭക്കും ആത്മീയ ദീപ്തി പരത്തുന്ന ദീപസ്തംഭങ്ങളാകുവാവാൻ ദമ്പതിമാർക്കാകട്ടെയെന്നു ഫാ ജോൺസ്റ്റി ആശംസിച്ചു. കേക്ക് മുറിച്ചു മധുരം പങ്കുവച്ച ജൂബിലേറിയന്‍സിനു ഇടവകയുടെ പാരിതോഷികം ഫാ ജോൺസ്റ്റി സമ്മാനിച്ചു. ഇടവക സമൂഹത്തെ പ്രതിനിധീകരിച്ചു ജോബ് ജോൺ ജൂബിലേറിയന്സിനു ആശസകൾ അർപ്പിച്ചു. ഇടവകയിലെ ഈ വർഷത്തിലെ നവജാതരെയും തദവസരത്തിൽ അഭിനന്ദിച്ചു.

യുവജനഗായകസംഘം ആലപിച്ച ക്രിസ്മസ് കരോൾ ഗീതങ്ങകളും, ഇടവകയിലെ പന്ത്രണ്ടു പ്രാർഥനാ കൂട്ടായ്മകളിലെ ഗായകസംഘങ്ങളിൽനിന്നായി അൻപതോളം പേർ ചേർന്നാലപിച്ച ശ്രുതിമധുരമായ കുടുംബഗീതങ്ങളും, തിരുപ്പിറവിഗാനങ്ങളും രാവിനെ സംഗീതസാന്ദ്രമാക്കി. ക്രിസ്മസ് രാവിനെ ഭക്തിസാന്ദ്രമാക്കി തൂവെളള വസ്ത്രധാരികളായി കൊച്ചു കുട്ടികൾ അവതരിപ്പിച്ച 'സിങ്ങിങ്ങ് ഏഞ്ചല്‍സ്‌' കാരളും ശ്രദ്ധേയമായിരുന്നു.

by: മാർട്ടിൻ വിലങ്ങോലിൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.