പെന്‍സില്‍വാനിയ. അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് നടത്തുന്നതിനുളള വിപുലമായ ക്രമീകരണങ്ങള്‍ പുരോഗമിച്ചു വരുന്നു.
ആഗോള സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവായുടെ മഹനീയ സാന്നിദ്ധ്യം അതിഭദ്രാസനത്തിന്‍െറ ചരിത്രത്തിലാദ്യമായി ഈ ആത്മീയ കൂട്ടായ്മയുടെ ആദ്യാവസാനം ഉണ്ടായിരിക്കുമെന്നുളളത് തന്നെയാണ് ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്‍െറ പ്രത്യേകതകളില്‍ പ്രധാന ഘടകം.
പരിശുദ്ധ ബാവായോടൊപ്പം ചുരുങ്ങിയ ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നതിനും അതുവഴി ശ്ലൈഹീക വാഴ്വുകള്‍ സ്വീകരിച്ച് ആത്മീയ നിറവില്‍ സമ്പന്നരാകുവാനുളള ആ അസുലഭ സന്ദര്ഭത്തിനായി, സഭാ മക്കള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇതിനോടകം തന്നെ ഭദ്രാസനത്തിന്‍െറ വിവിധ ദേവാലയങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നുളളത് ഈ കുടുംബ മേളയുടെ വിജയത്തിനായുളള ശുഭ സൂചനയായി കണക്കാക്കുന്നുവെന്ന് ഭാരവാഹികള്‍ സൂചിപ്പിക്കുകയുണ്ടായി.
ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മേല്‍നോട്ടത്തില്‍, വെരി. റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ, സാജു പൌലോസ് മാരോത്ത് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും റവ. ഫാ. പോള്‍ ടി. പറമ്പത്ത്, കമാന്റര്‍ ജോബി ജോര്‍ജ് എന്നിവര്‍ കണ്‍വീനറന്മാരായും ഭദ്രാസന കൌണ്‍സില്‍ മെമ്പേഴ്സ് സബ് കമ്മറ്റി കോ ഓര്ഡിനേറ്ററന്മാരായും ഉളള കമ്മറ്റി, സഭാ ചരിത്രത്തില്‍ തന്നെ ഒരു നാഴിക കല്ലായി മാറുന്ന ഈ കുടുംബ സംഗമം വന്‍ വിജയമാക്കി തീര്‍ക്കുന്നതിനുളള വിപുലമായ ക്രമീകരണങ്ങള്‍ നടത്തി വരികയാണ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കുറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments