ഫിലാഡല്‍ഫിയ: മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ വിമണ്‍സ് ഫോറത്തിന്റെ നേത്യത്വത്തില്‍ വനിതാദിനാഘോഷവും, സ്ത്രീകളൂടെ ആരോഗ്യത്തെകുറിച്ചുള്ള സെമിനാറും മാര്‍ച്ച് 8, ഞായറാഴ്ച മാപ്പ് ബള്ഡിങ്ങില് വച്ചു നടന്നു. ശ്രീദേവി അനൂപിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളിലേക്കു മാപ്പ് വുമണ്‍സ് ഫോറം ചെയര്പേര്സ്സണ് മിലി ഫിലിപ്പ് എല്ലാവരെയും സ്വാഗതം ചെയ്തു. കാലയവനികയ്ക്കുള്ളില്‍ മണ്മറഞ്ഞ് പോയ ബഹുമാന്യനായ കേരളനിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയനു ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷം, വരും കാല വുമന്‍സ് ഫോറം പ്രവര്‍ത്തനങ്ങളെയും, ആദ്യസംരംഭമായ വനിതാദിന ആഘോഷങ്ങളെയും പറ്റി മാപ്പ് പ്രസിഡന്റ് സാബു സ്കറിയ സംസാരിച്ചു.
സ്ത്രീകള്‍ ശ്രദ്ധ നല്‍കാതെ പോകുന്ന ആരോഗ്യ പ്രശ്നങ്ങളായ ഹൃദയരോഗങ്ങള്‍, കാന്‍സര്‍, സ്റ്റ്രോക് എന്നിവയെപ്പറ്റി സെമിനാര്‍ അവതരിപ്പിക്കുവാനായി ഹാനമാന്‍ യൂണിവേര്‍സ്സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം നഴ്സ് പ്രാക്ടീഷണറും, ഡ്രെക്സല്‍ യൂണിവേര്സിറ്റി കോളേജ് ഗസ്റ്റ് ലെക്ചററുമായ ബിനു ഷാജിമോനെ ലിസി കുര്യാക്കോസ് വേദിയിലേക്ക് ക്ഷണിച്ചു. വിഞ്ജാനപ്രദവും, ആരോഗ്യദായകവുമായ സെമിനാറിനു ശേഷം രാജേഷ് ജോണും ഇവാഞ്ജലീനാ ജോണും ചേര്‍ന്ന് പാടിയ യുഗ്മഗാനവും, സോയാനായരുടെ കവിത ആലാപനവും ഉണ്ടായിരുന്നു. കൂപ്പര്‍ യൂണിവേര്സ്സിറ്റി ഇന്റേര്‍ണല്‍ വിഭാഗം വൈദ്യവിദഗ്ധയായ ഡോ. ആനി. എം. എബ്രഹാമിനെ മുന്സെമിനാറിലെ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രിവന്ഷനെയും, സ്ക്രീനിംഗിനെയും പറ്റി സെമിനാര്‍ അവതരിപ്പിക്കുന്നതിനായി ഷേര്‍ളി സാബു സദസ്സിലേക്കു ക്ഷണിച്ചു.
തുടര്‍ന്നു ശ്രീദേവി അനുപ്, സുമോദ് നെല്ലിക്കാല, രാജേഷ് ജോണ്‍ എന്നിവരുടെ ഗാനങ്ങളും ഉണ്ടായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും വുമന്‍സ് ഫോറം കണ്‍വീനര്‍ സിലിജ ജോണ്‍ നന്ദി അറിയിച്ചു. ജൂലി വര്‍ഗീസ് ആയിരുന്നു ഈ ആഘോഷങ്ങളൂടെ അവതാരിക. വരുംമാസങ്ങളില്‍ മാപ്പ് നടത്തുവാന്‍ ഇരിക്കുന്ന പരിപാടികളെ പറ്റി ജനറല്‍ സെക്രട്ടറി സിജു ജോണ്‍ സൂചിപ്പിച്ചു. മാപ്പ് വുമണ്‍സ് ഫോറത്തിന്റെ നേത്യത്വത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ 'മേക് എ ഡിഫറന്‍സ്' എന്ന ലക്ഷ്യത്തിന്റെ തുടക്കം വന്‍ വിജയമായിരുന്നു.
Comments