>ന്യൂയോര്‍ക്ക്: നൂപുരധ്വനികളുടെ മാന്ത്രിക പ്രപഞ്ചം തീര്‍ക്കാന്‍ പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ പത്മശ്രീ ശോഭനയും സംഘവും ന്യൂയോര്‍ക്കില്‍ എത്തുന്നു. മലയാളി ഹിന്ദു മണ്ഡലം (മഹിമ) സംഘടിപ്പിക്കുന്ന പരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ക്വീന്‍സിലുള്ള കെ.സി.എ.എന്‍.എ. ഹാളില്‍ പ്രമുഖ സാമൂഹിക സാംസ്ക്കാരിക സംഘടനകളുടേയും പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ നടന്നു. ഏപ്രില്‍ 19-ന് വൈകീട്ട് 5 മണിക്ക് ഫ്ളഷിംഗിലുള്ള ഗണേഷ് ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലാണ് ശോഭനയുടെ നേതൃത്വത്തില്‍ ''കൃഷ്ണ'' എന്ന സംഗീത നൃത്തശില്പം അരങ്ങേറുന്നത്. ബ്രോഡ്വേ തിയ്യേറ്റര്‍ ഷോകളുടെ മാതൃകയില്‍ അണിയിച്ചൊരുക്കുന്ന നൃത്തശില്പത്തിന് ഇതിനോടകം പാശ്ചാത്യ-പൗരസ്ത്യ വേദികളില്‍ വമ്പിച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ സംഗീതവും, ഓസ്കര് അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ശബ്ദവിന്യാസവും കൂടി ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ''കൃഷ്ണ'' സമ്മാനിക്കുക വ്യത്യസ്ഥതയാര്‍ന്ന അനുഭൂതിയായിരിക്കുമെന്ന് സംഘാടകര്‍ സാക്ഷ്യപ്പെടുത്തുന്നു. സാമൂഹിക-സാംസ്ക്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യവും കവിയുമായ കുന്നപ്പള്ളില്‍ രാജഗോപാലിന് ആദ്യ ടിക്കറ്റ് നല്കി മഹിമ പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന് തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മഹിമ സെക്രട്ടറി കൊച്ചുണ്ണി ഇളവന്‍മഠം കെ.സി.എ.എന്‍.എ. പ്രസിഡന്റ് ബിനോയ് ചെറിയാന് ടിക്കറ്റ് നല്കി. മഹിമ ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് സുധാകരന് പിള്ളയില്‍ നിന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ ടിക്കറ്റ് ഏറ്റുവാങ്ങി. എന്‍.ബി.എ. പ്രസിഡന്റ് രഘുവരന് നായര്‍ രാജു നാണുവില്‍ നിന്നും, എസ്.എന്‍.എ. സെക്രട്ടറി സജീവ് ചേന്നാട്ട് മഹിമ ബില്‍ഡിംഗ് ഫണ്ട് ചെയര്‍പെഴ്സണ്‍ ഡോ. ഗീതാ മേനോനില്‍ നിന്നും യഥാക്രമം ടിക്കറ്റുകള്‍ സ്വീകരിച്ചു. ചടങ്ങില്‍ മഹിമ സെക്രട്ടറി കൊച്ചുണ്ണി ഇളവന്‍മഠം സ്വാഗതവും ട്രഷറര്‍ രവി നായര്‍ നന്ദിയും പ്രകാശിപ്പിച്ചു.
നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി നടന്ന ചടങ്ങില്‍ വിവിധ സാംസ്ക്കാരികസംഘടനകളും വ്യക്തികളും മഹിമയുടെ പുതുസംരംഭത്തിന് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. വന്‍ വിജയമായ കിക്കോഫ് ചടങ്ങ് കൃത്യതയോടെയും സമയബന്ധിതമായും സംഘടിപ്പിച്ച ശ്രീമതി താമര രാജീവിന്റെ പ്രവര്‍ത്തന മികവ് ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. ശോഭനയുടെ ഈ നൃത്തസന്ധ്യയില്‍ പങ്കെടുത്ത് ഇത് ഒരു വന്‍ വിജയമാക്കണമെന്ന് മഹിമ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 845 399 8446, 516 395 1835, 914 621 1897.
Comments