ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ 2015 ജൂണ്‍ 15 (തിങ്കള്‍) മുതല്‍ 18 (വ്യാഴം) വരെ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വെച്ച് വൈദീകര്‍ക്കും സന്യസ്തര്‍ക്കുമായി ധ്യാനം നടത്തപ്പെടും. എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവാണ് ധ്യാനപ്രസംഗങ്ങള്‍ നടത്തുന്നത്. സാര്‍വ്വത്രിക സഭ സമര്‍പ്പിത വര്‍ഷമായി ആചരിക്കുന്ന ഈ അവസരത്തില്‍ നടത്തപ്പെടുന്ന ഈ ധ്യാനത്തില്‍ സമര്‍പ്പിത ജീവിതത്തിന്റെ പ്രഭാപൂര്‍ണ്ണമായ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കി ശക്തിസംഭരിക്കാനും, ഇന്നിന്റെ പ്രതിസന്ധികള്‍ക്കിടയില്‍ സമര്‍പ്പിത ജീവിതം ആവേശത്തോടെ ജീവിക്കുവാനും, തികഞ്ഞ പ്രത്യാശയോടെ സ്വര്‍ഗ്ഗത്തെ ലക്ഷ്യംവെച്ചുകൊണ്ട് മുന്നേറുവാനും ധ്യാനം സഹായകരമാകും. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2015 മെയ് മാസം 31-ന് മുമ്പായി രൂപതാ കേന്ദ്രവുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.
Comments