ന്യൂയോര്‍ക്ക് . നായര്‍ ബനവലന്റ് അസോസിയേഷന്, ഏപ്രില്‍ 12 ഞായറാഴ്ച്ച രാവിലെ 11 മുതല്‍ ഗ്ലെന്‍ ഓക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിഷു ആഘോഷിച്ചു. വിഷുക്കണിയോടെ പരിപാടികള്‍ ആരംഭിച്ചു. സുധാകരന് പിള്ളയും ട്രഷറര്‍ പ്രദീപ് മേനോനും ചേര്‍ന്ന് വിഷുക്കണിയും രംഗസജീകരണവും മനോഹരമാക്കി .പ്രാര്‍ത്ഥനാ ഗാനം ഡോ. സുവര്‍ണ്ണയുടെ നേതൃത്വത്തില്‍ എന്‍.ബി.എ. മലയാളം സ്കൂള്‍ കുട്ടികള്‍ ആലപിച്ചു. കണി കണ്ടശേഷം എന്‍ബിഎ കുടുംബത്തിലെ കാരണവരായ ഡോ.എ.കെ.ബി. പിള്ളയും ശ്രീമതി ലീലാമ്മയും ചേര്‍ന്ന് എല്ലാവര്ക്കും വിഷുക്കൈനീട്ടം നല്കി.
സെക്രട്ടറി ശോഭാ കറുവക്കാട്ടിന്റെ ആമുഖ പ്രസംഗത്തിന് ശേഷം പ്രസിഡന്റ് രഘുവരബന് നായര്‍ സ്വാഗതം ആശംസിക്കുകയും എല്ലാവര്ക്കും വിഷു ആശംസകള്‍ നേരുകയും ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത എന്‍ബിഎയുടെ സ്ഥാപക പ്രസിഡന്റ് ഡോ രാമചന്ദ്രന് നായര്‍ വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ച് വിശദീകരിക്കുകയും ഏവര്‍ക്കും വിഷുവിന്റെ സര്‍വ മംഗളങ്ങളും നേര്‍ന്നു. ഡോ. സ്വപ്നാ നായര്‍ വിഷു ആശംസകള്‍ നേര്‍ന്നു. എന്‍.ബി.എയുടെ വേദികളില്‍ നൃത്തച്ചുവട് വച്ചാണ് തന്റെ ബാല്യം കടന്നു പോയതെന്നും, ഇത്തരം ആഘോഷങ്ങളിലൂടെ ആര്‍ഷഭാരത സംസ്കാരം കുറച്ചെങ്കിലും വരും തലമുറയ്ക്ക് പകര്‍ന്നു നല്കാന് ആവും എന്നും ഡോ. സ്വപ്നാ നായര്‍ പറഞ്ഞു. ബോര്‍ഡ് ഓഫ് ട്രസ്റ്റിക്കു വേണ്ടി റിക്കാര്‍ഡിംഗ് സെക്രട്ടറി ജനാര്ദ്ദനന് തോപ്പില്‍ വിഷു ആശംസിച്ചുകൊണ്ട് സംസാരിച്ചു.
അസോസിയേഷന്റെ ഈ വര്‍ഷത്തെ സുവനീര്‍ പാഞ്ചജന്യം പ്രകാശനം ചെയ്തു. പ്രസിഡന്റ് രഘുവരന് നായര്‍ സുവനീറിന്റെ ഒരു കോപ്പി മുഖ്യാതിഥിയായ ഡോ. രാമചന്ദ്രന് നായര്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. ചീഫ് എഡിറ്റര്‍ കുന്നപ്പള്ളില്‍ രാജഗോപാലിന്റെയും എഡിറ്റര്‍ ജയപ്രകാശ് നായരുടെയും നേതൃത്വത്തിലാണ് സുവനീര്‍ അണിയിച്ചൊരുക്കിയത്. വീടുകളില്‍ പാചകം ചെയ്തുകൊണ്ടുവന്ന വിഷു സദ്യ വിഭവ സമൃദ്ധവും സ്വാദിഷ്ടവും ആയിരുന്നു. വിഷു സദ്യയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായി സുശീലാമ്മ പിള്ളയും പ്രമീള നായരും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു.
സദ്യക്ക് ശേഷം ആഘോഷങ്ങളുടെ രണ്ടാം പകുതിയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മോഹിനിയാട്ടം, ഭരത നാട്യം, സിനിമാറ്റിക് നൃത്തങ്ങള്‍ എന്നിവയോടൊപ്പം സംഗീതത്തിലും പ്രാഗല്ഭ്യം ഉണ്ടെന്നു എന്‍.ബി.എ.യിലെ കുട്ടികള്‍ തെളിയിച്ചു. ശബരിനാഥ് നായരും രാംദാസ് കൊച്ചുപറമ്പിലും, പ്രഭാകരന് നായരും ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.ജോയിന്റ് സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ഹരിലാല്‍ നായരും, വൈസ് പ്രസിഡന്റും കള്‍ച്ചറല്‍ കമ്മിറ്റി കോചെയറുമായ കലാ സതീഷും എം.സി.മാരായി പ്രവര്‍ത്തിച്ചു.
റിപ്പോര്‍ട്ട്. ജയപ്രകാശ് നായര്‍
Comments