അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക്ക് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലിയാഘോഷം ആഗസ്റ്റ് 7,8(വെള്ളി, ശനി) ദിവസങ്ങളില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തുവാന്‍ ക്രമീകരിച്ചിരിക്കുന്നു. ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവായും, ശ്രേഷ്ഠ കാത്തോലിക്കാ, ആബൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായും, നേതൃത്വം കൊടുക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്, ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസിന് പുറമെ, സഭയിലെ മറ്റു മെത്രാപോലീത്തമാര്ക്കും, വന്ദ്യവൈദീകരും പങ്കെടുക്കും. ആഗസ്റ്റ് 2 ഞായറാഴ്ച വി.കുര്‍ബ്ബാനാനന്തരം, വികാരി റവ.ഫാ.പോള്‍ തോട്ടക്കാട്ട് കൊടി ഉയര്‍ത്തുന്നതോടെ, ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ആകമാന സുറിയാനി സഭയുടെ പരമോന്നത അദ്ധ്യക്ഷനായി തെരെഞ്ഞെടുത്തശേഷം ആദ്യമായി ഡാളസില്‍ എത്തിച്ചേരുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടുള്ള ബഹുമാനാര്‍ത്ഥം 'ഡാളസ് പാഠസ്' മാര്‍ഷല്‍ ലെയിന്‍, കരോള്‍ട്ടനില്‍ വെച്ച് നടത്തപ്പെടുന്ന ബാങ്ക്വറ്റ് ഡിന്നറിന് ഇടവകയിലേയും, സമീപ ഇടവകയിലേയും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേരും. എട്ടാം തീയ്യതി ശനിയാഴ്ച പരിശുദ്ധ പിതാവിന്റെ പ്രധാന കാര്‍മ്മികത്വത്തിലും, ശ്രേഷ്ഠ കാതോലിക്കാബാവാ, അഭിവന്ദ്യ മെത്രാപ്പോലീത്താമാര്‍, വന്ദ്യ വൈദീകര്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി.ബലി അര്‍പ്പിക്കും. ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സോവനീറിന്റെ പ്രകാശന കര്‍മ്മവും തദവസരത്തില്‍ നിര്‍വ്വഹിക്കും. സെന്റ് മേരീസ് പള്ളിയുടെ ചരിത്രത്തിന്റെ ഏടുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഈ ധന്യ മുഹൂര്‍ത്തങ്ങള്‍, ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പോടെ, പരിപാടികളുടെ വന്‍ വിജയത്തിനായി വികാരി റവ.ഫാ. പോള്തോട്ടക്കാട്ട്(ജനറല്‍ കണ്‍വീനര്‍, ജൂബിലി കമ്മറ്റി), ശ്രീ.അലക്സ് മാത്യൂസ്(കോര്‍ഡിനേറ്റര്‍), ശ്രീ. ജേക്കബ്ബ് സ്ക്കറിയ(സെക്രട്ടറി), ശ്രീ യല്‍ദോ ജേക്കബ്ബ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിങ്ങ് കമ്മറ്റിയും, സില്‍വര്‍ ജൂബിലി കമ്മറ്റിയും വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments