ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന് ഡാളസ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ ഉജ്വല തുടക്കം. ജൂലൈ എട്ടാംതീയതി ബുധനാഴ്ച വൈകുന്നേരം 5.30നു ഹോട്ടല്‍ അങ്കണത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ മുത്തുക്കുടകള്‍, കാതോലിക്കേറ്റ് പതാക, മുന്‍ കാതോലിക്കാബാവാമാരുടെ ചിത്രം, കൊടികള്‍ എന്നിവയേന്തിയ സഭാ വിശ്വാസികള്‍ കോണ്‍ഫറന്‍സിനു പ്രൗഢഗംഭീര തുടക്കം നല്കി. ഈ കോണ്‍ഫറന്‍സില്‍ എണ്ണൂറ് ആളുകള്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ബാവാ തിരുമേനി നേതൃത്വം നല്കി. ഫാമിലി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന മീറ്റിംഗില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഉദ്ഘാടന പ്രസംഗത്തില്‍ സഭയുടെ ദൗത്യം കുടുംബങ്ങളിലൂടെ ആരംഭിക്കണമെന്നും ദൈവം വസിക്കുന്ന ആലയമായി കുടുംബം മാറണമെന്നും ഉത്ബോധിപ്പിച്ചു.
തുടര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരികൊളുത്തി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് ഡയറക്ടര്‍ റവ.ഫാ. മാത്യു അലക്സാണ്ടര്‍ സ്വാഗതവും, സഭാ വൈദീക ട്രസ്റ്റി റവ.ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോയി പൈങ്ങോലില്‍, മുഖ്യ പ്രാസംഗികന് റവ.ഫാ. വര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്ന് മാജിക് ഷോ അരങ്ങേറി. കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ അറിയിച്ചതാണിത്.
Comments