You are Here : Home / USA News

റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 07, 2017 11:25 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും, ചങ്ങനാശേരി എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജനറാളുമായിരുന്ന റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ഷിക്കാഗോയില്‍ ആഘോഷിച്ചു. ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ നാലാംതീയതി ഞായറാഴ്ച വൈകുന്നേരം 5.30-നു കൃതജ്ഞതാബലിയര്‍പ്പിച്ചുകൊണ്ട് ആഘോഷത്തിനു തുടക്കംകുറിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ഹാളില്‍ പൊതുസമ്മേളനം നടത്തി. ഗുഡ്‌വിന്‍, ജസ്റ്റീന, ഗ്രേസ്‌ലിന്‍ എന്നീ കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി സമ്മേളനം ആരംഭിച്ചു. ഷാജി കൈലാത്ത് അധ്യക്ഷത വഹിച്ചു. ഷീബാ ഫ്രാന്‍സീസ് സ്വാഗതം ആശംസിച്ചു.

 

 

 

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലറായ റവ.ഫാ. ജോണിക്കുട്ടി പുലിശേരില്‍ ഇതൊരു ഗുരുവന്ദനം ആണെന്നു തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. രൂപതാ വികാരി ജനറാളും, കത്തീഡ്രല്‍ വികാരിയുമായ റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കാക്കനാട്ടുള്ള ഓഫീസില്‍ നക്ഷത്ര ശോഭയോടെ തിളങ്ങി നില്‍ക്കുന്ന ബഹു. ജോര്‍ജ് അച്ചന് അതേ ശോഭയില്‍ അനേക വര്‍ഷങ്ങള്‍ ഇനിയും ശുശ്രൂഷ ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആശംസിച്ചു. കത്തീഡ്രല്‍ മതബോധന സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീന സി.എം.സി മഹത്വമുള്ള ഒന്നാണ് ചടങ്ങെന്ന് ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. എസ്.ബി അലുംമ്‌നി മുന്‍ പ്രസിഡന്റ് എബി തുരുത്തിയില്‍ ബഹു. അച്ചനെ നമുക്ക് നല്‍കിയതിലും അച്ചനിലൂടെ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയേണ്ട അവസരമാണെന്ന് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. എസ്.ബി അലുംമ്‌നി അംഗം ഡോ. മനോജ് നേര്യംപറമ്പില്‍ കേരളത്തിലേയും ഇന്ത്യയിലേയും സകല കോളജുകളേയും പ്രതിനിധാനം ചെയ്തും സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വക്താവ് എന്ന നിലയിലും ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങളും സേവനങ്ങളും സവിസ്തരം പ്രതിപാദിച്ച് സംസാരിച്ചു. കൂടാതെ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ബഹു. അച്ചന്‍ കാണിക്കുന്ന താത്പര്യവും ഊഷ്മളതയും പ്രത്യേകം തന്റെ ആശംസാ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

 

 

ബഹു. ജോര്‍ജ് അച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി സ്മാരകമായ എസ്.ബി അലുംമ്‌നിയുടെ ഷിക്കാഗോ ചാപ്റ്റര്‍ ഒരു പുതിയ അവാര്‍ഡ് "ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം' എന്ന പേരില്‍ സ്ഥാപിച്ചു. സണ്ണി വള്ളിക്കളമാണ് പുതിയ അവാര്‍ഡ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പൗരോഹിത്യ സുവര്‍ണ്ണജൂബിലി നിറവില്‍ നില്‍ക്കുന്ന ജൂബിലേറിയന്‍ ബഹു. ജോര്‍ജ് അച്ചന് എസ്.ബി അലുംമ്‌നിയുടെ ഷിക്കാഗോ ചാപ്റ്റര്‍ ഫലകം നല്‍കി ആദരിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. പൗരോഹിത്യത്തിന്റെ മാഹാത്മ്യത്തെപ്പറ്റി ഒരു ഉള്‍ക്കാഴ്ച നല്‍കുന്ന സമ്മേളനമായിരുന്നു ഇത്. കറതീര്‍ന്ന കാഴ്ചപ്പാടുകളുടെ സൂക്ഷിപ്പുകാരനായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ അച്ചന്‍ സഭയ്ക്കും സമൂഹത്തിനും വേണ്ടി കാലം കരുതിവെച്ച ഒരു ദൈവനിയോഗവും മുതല്‍ക്കൂട്ടുമാണ്.

 

 

കാലികമായ വെല്ലുവിളികളേയും അതിജീവിച്ച് ഈ അമ്പത് നീണ്ട വര്‍ഷക്കാലം തന്റെ പൗരോഹിത്യ ശുശ്രൂഷയില്‍ നിറംമങ്ങാതെ പിടിച്ചുനില്‍ക്കുവാന്‍ സാധിച്ചത് തന്റെ ജീവിതവിശുദ്ധിയും പ്രാര്‍ത്ഥനാ ചൈതന്യവും ക്രിസ്തുനാഥനോടുള്ള സ്‌നേഹവും കൊണ്ടാണ്. ബഹു ജോര്‍ജ് അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ വൈദീകര്‍ എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ക്ക് ക്രിസ്തുനാഥനെ പകര്‍ന്നു കൊടുക്കുവാനും മറ്റുള്ളവരോടു ബഹുമാനത്തോടും ആദരവോടുംകൂടി പെരുമാറുന്നവരും ആയിരിക്കണം എന്നു പറഞ്ഞു. റെറ്റി, ഷീബാ, ഗുഡ്‌വിന്‍ എന്നിവരുടെ ഗാനവും ജിസ്സ, ജെന്നി, ഗ്രേസ്‌ലിന്‍, ജെസ്‌ലിന്‍, ജൂലി എന്നിവരുടെ സംഘനൃത്തവും ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു. ജാസ്മിനും ഷെറിലും അവതാരകരായിരുന്നു. ഡിന്നറോടുകൂടി സമ്മേളനം പര്യവസനാച്ചു. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.