You are Here : Home / USA News

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനവും പുസ്തക പ്രകാശനവും

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, April 03, 2017 12:15 hrs UTC

ഹ്യൂസ്റ്റന്‍ : മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയര്‍ച്ചയും വളര്‍ച്ചയും ബോധവല്‍ക്കരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക 20-ാം വാര്‍ഷിക സമ്മേളനം ഏപ്രില്‍ 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം, 5.30ന്, 435 മര്‍ഫി റോഡിലുള്ള ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നു. ഈ യോഗത്തില്‍ മുഖ്യാതിഥിയായി തിരുവല്ലാ മാര്‍ത്തോമ്മാ കോളേജ് പ്രൊഫസറായിരുന്ന ഡോക്ടര്‍ ഈപ്പന്‍ ഡാനിയേല്‍ പ്രഭാഷണം നടത്തും. കൂടാതെ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും. മലയാളം സൊസൈറ്റിയുടെ അംഗങ്ങള്‍ നൈസര്‍ഗിക ഭാഷാ സാഹിത്യ വാസനയുള്ളവരും ഗ്രന്ഥകര്‍ത്താക്കളും കേരളത്തിലേയും അമേരിക്കയിലേയും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ എഡിഷനുകളിലും സ്ഥിരമായി എഴുതുന്നവരും പ്രസിദ്ധരുമാണ്. അവരില്‍ ചിലരുടെ രചനകള്‍ ഉല്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സാഹിത്യ സമാഹാരം 'സര്‍ഗ്ഗദീപ്തി' യുടെ പ്രകാശനം സമ്മേളനത്തിന്റെ മുഖ്യ ഇനമാണ്. കഥ, കവിത, ലേഖനം, ചിത്രീകരണം തുടങ്ങിയ സാഹിത്യ സൃഷ്ടകളാല്‍ സമ്പന്നമാണ് സര്‍ഗ്ഗദീപ്തി എന്ന മലയാളം സൊസൈറ്റിയുടെ 20-ാം വാര്‍ഷികമായി വായനക്കാരുടേയും അനുവാചകരുടേയും സമക്ഷം സമര്‍പ്പിക്കുന്ന സാഹിത്യ സമാഹാരം. സര്‍ഗ്ഗദീപ്തിയുടെ മുഖ്യ പത്രാധിപര്‍ ടി.എന്‍.സാമുവല്‍, പത്രാധിപ സമിതി അംഗങ്ങള്‍ എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, തോമസ് വര്‍ഗ്ഗീസ്, ജോസഫ് പൊന്നോലി, തോമസ് വൈക്കത്തുശ്ശേരില്‍ എന്നിവരാണ്. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് വൈസ് പ്രസിഡന്റുമാര്‍ ജോളി വില്ലി, പൊന്നുപിള്ള, സെക്രട്ടറി ജോര്‍ജ് പുത്തന്‍ കുരിശ് എന്നിവരാണ്. മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രതിമാസ സമ്മേളനങ്ങളില്‍ കവിത, കഥ, ലേഖനം, നര്‍മ്മം, പ്രഭാഷണം തുടങ്ങിയ സാഹിത്യ ശാഖകള്‍ അവതരിപ്പിക്കുകയും അതിനെപ്പറ്റിയുള്ള ചര്‍ച്ചകളും ആസ്വാദനങ്ങളും വിമര്‍ശനങ്ങളും മലയാള ഭാഷാ സാഹിത്യത്തിന്റെ അമേരിക്കയിലെ വളര്‍ച്ചക്കും നിലനില്‍പ്പിനും സഹായമാകുന്നുണ്ടെന്ന് പരക്കെ അഭിപ്രായമുണ്ട്. ചര്‍ച്ചയിലും അവതരണങ്ങളിലും പ്രഭാഷണങ്ങളിലും ഏവര്‍ക്കും തുല്യ പരിഗണനയും തുല്യ സമയവും തുല്യ പങ്കാളിത്തവും നല്‍കാന്‍ അങ്ങേയറ്റം ശ്രദ്ധചെലുത്താറുണ്ടെന്ന് മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അഭിപ്രായപ്പെടുന്നു. മലയാളം സൊസൈറ്റിയുടെ 20-ാം വാര്‍ഷിക സമ്മേളനത്തിലേക്ക് എല്ലാ ഭാഷാ സാഹിത്യ സ്‌നേഹികളേയും സ്വാഗതം ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.