You are Here : Home / USA News

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് കിക്കോഫും കാതോലിക്കാ ദിനാഘോഷവും നടത്തപ്പെട്ടു

Text Size  

Story Dated: Saturday, April 08, 2017 09:35 hrs UTC

ഷൈനി രാജു

ന്യൂയോര്‍ക്ക്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് കിക്കോഫും, കാതോലിക്കാ ദിനാഘോഷങ്ങളും സമന്വയിപ്പിച്ചുകൊണ്ട് സ്റ്റാറ്റന്‍ ഐലന്‍റ് സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍വച്ചു നടത്തപ്പെട്ട ചടങ്ങ് വന്‍ വിജയമായിരുന്നു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവകവികാരി റവ. ഫാ. അലക്സ് കെ. ജോയി കാതോലിക്കേറ്റ് പതാക ഉയര്‍ത്തി പരിപാടികള്‍ക്കു തുടക്കം കുറിച്ചു. കാതോലിക്കാ മംഗളഗാനത്തിനു ശേഷം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികള്‍ അത് ഏറ്റു പറയുകയും ചെയ്തു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ. ഫാ. അലക്സ് കെ. ജോയി അധ്യക്ഷത വഹിച്ചു. ഫാമിലി കോണ്‍ഫ്രന്‍സ് സുവനിയര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് കാതോലിക്കാ ദിന സന്ദേശം നല്കി. സഭ ഇന്നു നേരിടുന്ന വെല്ലുവിളികളെ വിശ്വാസപൂര്‍വം നേരിടുവാന്‍ ഓരോ വിശ്വാസിയും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.

 

 

 

ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ഫാമിലി ആന്‍റ് യൂത്ത് കോണ്‍ഫ്രന്‍സിന്‍െറ വിജയത്തിനായി ഇടവക സന്ദര്‍ശനം നടത്തിയ കോണ്‍ഫ്രന്‍സ് ഭാരവാഹികളെ ഇടവക സെക്രട്ടറി ഡോ. സക്കറിയാ ഉമ്മന്‍ സ്വാഗതം ചെയ്തു. സുവനിയര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, കോണ്‍ഫ്രന്‍സ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, സുവനിയര്‍ കമ്മറ്റി അംഗമായ സജി പോത്തന്‍ എന്നിവര്‍ കോണ്‍ഫ്രന്‍സിന്‍െറ ഇതുവരെയുള്ള പുരോഗതിയെപ്പറ്റി അവലോകനം നടത്തി. കോണ്‍ഫ്രന്‍സിന്‍െറ വിജയത്തിനായി ഇടവക മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ള സേവനങ്ങളെ നന്ദി പൂര്‍വം സ്മരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

 

തുടര്‍ന്നും ഇടവകയുടെ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കോണ്‍ഫ്രന്‍സിനുള്ള ഇടവകയുടെ പേരിലുള്ള ഉപഹാരം ഇടവക ട്രസ്റ്റി ജേക്കബ് മാത്യുവില്‍നിന്നും സ്വീകരിച്ച് ഇടവക വികാരി ഫാ. അലക്സ് ജോയി ഭാരവാഹികള്‍ക്ക് കൈമാറി. എല്ലാ ഇടവകജനങ്ങളും ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ധാരാളം ഇടവക ജനങ്ങള്‍ സുവനിയറിനു കോംപ്ലിമെന്‍റു നല്‍കി സഹായിച്ചു. ഇടവകാംഗങ്ങളുടെ നിര്‍ലോഭമായ സഹകരണത്തിന് കോണ്‍ഫ്രന്‍സ് ടീം നന്ദി പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.