You are Here : Home / USA News

രാജ്യാന്തര ജെസ്സപ്പ് നിയമ മൂട്ടിൽ ജഡ്ജിയായി ഡോ.തുഷാര ജെയിംസ്

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Monday, April 17, 2017 11:37 hrs UTC

വാഷിങ്ടൻ∙ ഏപ്രിൽ 9 മുതൽ 15 വരെ വാഷിങ്ടനിൽ നടന്ന 2017 ലെ ‘ജെസ്സപ്പ്’ കപ്പിനുവേണ്ടിയുള്ള ഫിലിപ്പ് സി. ജെസ്സപ്പ് രാജ്യാന്തര നിയമമൂട്ട് കോർട്ട് മത്സരത്തിൽ ജഡ്ജിയായി ഡോ. തുഷാര ജയിംസ് തിരഞ്ഞെടുക്കപ്പെട്ടു. 93 രാജ്യങ്ങളിൽനിന്നുള്ള 143 ടീമുകൾ പങ്കെടുത്ത 58-ാമത്തെ ജെസ്സപ്പ് രാജ്യാന്തര നിയമപോരാട്ടത്തിൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയും ഏക ഇന്ത്യൻ അഭിഭാഷകയുമാണ് ഡോ. തുഷാര ജെയിംസ്. സങ്കീർണ്ണമായ രാജ്യാന്തര നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ജെസ്സപ്പ് മൂട്ടിൽ ഈ വർഷത്തെ പ്രധാന വിഷയങ്ങൾ രാജ്യാന്തര ഭൂഗർഭ ജലസ്രോതസ്സുകളും അവയെച്ചൊല്ലിയുള്ള മനുഷ്യാവകാശ ലംഘനങ്ങളും അഭയാർത്ഥി നിയമങ്ങളും രാജ്യാന്തര തർക്കങ്ങളിലെ നഷ്ടപരിഹാര പ്രശ്നങ്ങളുമായിരുന്നു. ഡോ. തുഷാരയ്ക്ക് ജെസ്സപ്പ് മൂട്ട് ഒരു മധുരസ്മരണകൂടിയാണ്.

 

 

 

1997 ൽ വാഷിങ്ടനിൽ നടന്ന രാജ്യാന്തര ജെസ്സപ്പിൽ അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച തുഷാരയുടെ ടീം രാജ്യാന്തര തലത്തിൽ ‘‘സെമിഫൈനലിസ്റ്റ്’’ ആയിരുന്നു. കഠിനാധ്വാനത്തിന്റെയും അഗാധമായ നിയമപരിജ്ഞാനത്തിന്റെയും ഒത്തുചേരലാണ് ഓരോ ജെസ്സപ്പ് മൂട്ടും എന്ന് തുഷാര പറയുന്നു. വിവിധ രാജ്യങ്ങളിൽനിന്നുമുള്ള പ്രഗത്ഭരായ നിയമവിദ്യാർത്ഥികളും അഭിഭാഷകരും ജഡ്ജിമാരും രാജ്യാന്തര ജെസ്സപ്പിൽ വാഷിങ്ടനിൽ ഒത്തുചേരുന്നു. കേരളത്തിൽ അഭിഭാഷകയായി പ്രവർത്തിക്കുന്ന ഡോ. തുഷാര ജയിംസ് ആർബിട്രേഷൻ നിയമത്തിൽ ഡോക്ടറേറ്റും സൈബർ നിയമത്തിൽ പോസ്റ്റുഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. ദേശീയ അന്തർദേശീയ വേദികളിലും ദൃശ്യമാധ്യമങ്ങളിലും ധാരാളം നിയമപ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള ഡോ. തുഷാര ബിസിനസ്സ് നിയമങ്ങളെക്കുറിച്ച് രചിച്ച പുസ്തകം എം.ജി. യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാംപസ് എം.ബി.എ. പ്രോഗ്രാമിന് റഫറൻസ് പുസ്തകമായി നിർദ്ദേശിച്ചിരുന്നു.

 

 

 

മലയാള സാഹിത്യം ഏറെ ഇഷ്ടപ്പെടുന്ന തുഷാരയുടെ ‘എനിക്കും നിങ്ങൾക്കുമിടയിൽ’ എന്ന ചെറുകഥാസമാഹാരം ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ലെ ഏറ്റവും മികച്ച നിയമപ്രബന്ധത്തിനുള്ള പി. സുകുമാരൻ നായർ ലീഗൽ ലിറ്റററി അവാർഡ് ഡോ. തുഷാര ജയിംസിന് ഈയിടെ ഗവർണർ പി. സദാശിവം സമ്മാനിച്ചു. കോട്ടയം കൈപ്പുഴ കാരക്കാട്ട് കുടുംബാംഗമായ തുഷാര മുൻ കേരള ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ ഡയറക്ടർ ജെയിംസ് ജോസഫിന്റെയും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെയും, കേന്ദ്ര സർവ്വകലാശാലയുടെയും മുൻ വൈസ് ചാൻസിലറായ ഡോ. ജാൻസി ജെയിംസിന്റെ മകളും, എഞ്ചിനീയറും മറൈൻ കൺസൾട്ടന്റുമായ സുനിൽ സേവ്യറിന്റെ ഭാര്യയുമാണ്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ തുഷാരയ്ക്ക് രണ്ട ുമക്കളാണ്. എട്ടാംക്ലാസ്സുകാരി മിഷേലും, ആറാം ക്ലാസുകാരൻ കെവിനും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.