You are Here : Home / USA News

അനീതിയെ എതിര്‍ക്കുന്നിടത്താണ് കല രൂപപ്പെടുന്നത്: എം.എന്‍ കാരശ്ശേരി

Text Size  

Story Dated: Saturday, May 27, 2017 07:21 hrs UTC

സ്വന്തം പ്രതിനിധി


ആലപ്പുഴ: സാഹിത്യത്തിനു കേരളത്തില്‍ പ്രാധാന്യം കുറഞ്ഞുവരികയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.എന്‍ കാരശ്ശേരി. സിനിമാനടനോ, സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ക്കോ കിട്ടുന്ന പ്രാധാന്യം പോലും ഇന്ന് സാഹിത്യകാരനു കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സാഹിത്യത്തിനും ജീവകാരുണ്യപ്രവര്‍ത്തനം ആവശ്യമാണ്. ഭാഷ നിലനില്‍പ്പിനായി പൊരുതുന്നു. ഭാഷ ആവശ്യമുള്ളവര്‍ കേരളത്തിനു പുറത്തുള്ളവരാണെന്നു മലയാളത്തിനു ലജ്ജാകരമാണ്.

സാഹിത്യമില്ലാതെ ജീവിക്കാന്‍ സാധ്യമല്ല. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം സാഹിത്യമാണ്.  

അനീതിയെ എതിര്‍ക്കുന്നിടത്താണ് കല രൂപപ്പെടുന്നത്. കേരളത്തിന്റെ സഹവര്‍ത്തിത്വം സാധ്യമാക്കുന്നത് ഇവിടെ ജാതിമത ഭേതമില്ലാതെ മലയാളം സംസാരിക്കുന്നു എന്നതുകൊണ്ടാണ്.  

മലയാളത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന പലതും ഇവിടെ നടക്കുന്നു. അതിനുള്ള ഒരേയൊരു പരിഹാരം സാഹിത്യമാണ്.
 
മറ്റു വിദേശമലയാളികള്‍ കാണിക്കുന്നതിനേക്കാള്‍ സ്‌നേഹം അമേരിക്കന്‍ മലയാളികള്‍ മലയാളത്തോട് കാണിക്കുന്നുണ്ടെന്നും കാരശ്ശേരി പറഞ്ഞു.

നവോദ്ധാനത്തിന്റെ വാക്ക് കവിതയിലാണെന്ന് തുടര്‍ന്നു സംസാരിച്ച കവി ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.
കവിത ഗദ്യത്തില്‍ എഴുതരുത്. കവിത വളര്‍ന്നതോടൊപ്പം മനുഷ്യാവകാശവും വളര്‍ന്നു. കവിത നീതി ബോധത്തെ തിരുത്തി. നമ്മെ കൂടുതല്‍ ബഹുസ്വര ജനാധിപത്യത്തിലേക്ക് നയിച്ചു.

എഴുത്തുകാര്‍ ഉണ്ടാക്കിയെടുത്തതാണ് സാംസ്‌കാരിക കേരളം. സമൂഹം തള്ളിമാറ്റിയവരെ സാഹിത്യം മുന്‍നിരയില്‍ എത്തിച്ചു.

ഫഷിസത്തിനു നിങ്ങളെ വരിനിര്‍ത്താനറിയാം. അതു ഞാന്‍ എന്റെ ബാങ്കില്‍ കണ്ടതാണ്. സര്‍ണപാത്രത്തില്‍ മൂടിയ സത്യത്തെ തുറന്നുകാണിക്കുന്നവരാണ് സാഹിത്യകാരന്‍മാരെന്നും ആലങ്കോട് പറഞ്ഞു.

മികച്ച കൃതിക്കുള്ള ഫൊക്കാനയുടെ പുരസ്‌കാരം കെവി മോഹന്‍കുമാര്‍ ഐഎഎസിനു കൈമാറി.

സതീഷ്ബാബു പയ്യന്നൂര്‍, കെവി മോഹന്‍കുമാര്‍ ഐഎഎസ്, അബ്ദുള്‍ പുന്നയൂര്‍കുളം,  അനിരുദ്ധന്‍, അശോകന്‍ നാലപ്പാട്ട്, സരിത നാലപ്പാട്ട് എന്നിവര്‍ സംസാരിച്ചു.