You are Here : Home / USA News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ചില പരിസ്ഥിതി ചിന്തകള്‍’

Text Size  

Story Dated: Wednesday, June 14, 2017 12:24 hrs UTC

മണ്ണിക്കരോട്ട്

 

ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ജൂണ്‍ സമ്മേളനം 11-ഞായര്‍ വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ‘ചില പരിസ്ഥിതി ചിന്തകള്‍’ എന്ന വിഷയത്തെക്കുറിച്ച് ജെയിംസ് ചാക്കൊ മൂട്ടുങ്കലിന്റെ പ്രഭാഷണവും ജോസഫ് തച്ചാറയുടെ ‘സര്‍പ്പം’ എന്ന കഥയുമായിരുന്നു ചര്‍ച്ചാവിഷയങ്ങള്‍. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. പ്രാരംഭമായി ഇന്ന് ലോകത്ത് പ്രത്യേകിച്ച് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചുരുക്കമായി സംസാരിച്ചു. തുടര്‍ന്ന് ചര്‍ച്ചാവിഷയമായ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ജെയിംസ് ചാക്കൊ മുട്ടുങ്കല്‍ പ്രബന്ധം അവതരിപ്പിച്ചു.

 

 

 

അന്തരിച്ച പ്രശ്ത കവി ഒ.എന്‍.വി. കുറുപ്പിന്റെ ഭൂമിയ്‌ക്കൊരു ചരമഗീതം എന്ന കവിതയിലെ പ്രസക്ത ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. മനുഷ്യനു ജീവിക്കാന്‍ വായു കഴിഞ്ഞാല്‍ ഏറ്റവും വലിയ ആവശ്യം ജലമാണ്. അത് ആവശ്യത്തിന് കിട്ടാനില്ല. കാലങ്ങളുടെ ഗതി മാറി. പൂവൊ കനിയൊ കതിരൊ പണ്ടത്തെപോലെ ഇന്ന് കാണാനില്ല. പുഴയില്‍ വെള്ളമില്ല. ഒ.എന്‍.വിയുടെ കവിതയിലെപ്പോലെ ഇന്ന് പ്രപഞ്ചത്തിന്റെ പ്രകൃതി അപ്പാടെ മാറിക്കൊണ്ടിരിക്കുന്നു. ജെയിംസ് പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു. കേരളത്തില്‍ “44 നദികളും 70 ലക്ഷം കിണറുകളും അതിലേറെ കുളങ്ങളും ഉണ്ടെന്ന് അഭിമാനിച്ച മലയാളികള്‍. കഴിഞ്ഞ 35 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളുടെ എണ്ണവും വ്യപ്തിയും ഇരട്ടിയിലധികമായി. 90 ശതമാനം പ്രകൃതി ദുരന്തങ്ങളും ജലവുമായി ബന്ധപ്പെട്ടതാണ്. ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഐ.പി.സി.സി. (Inter Governmental Pannel on Climet change) പ്രഖ്യാപിച്ചിരിക്കുന്നത്. ... ഒരാള്‍ക്ക് ഒരു ദിവസം കുടിക്കാനും കുളിക്കാനും എല്ലാംകൂടി 135 ലിറ്റര്‍ വെള്ളം മതിയെന്നാണ് ഡബ്ല്യു.എച്ച്.ഒ. യുടെ കണക്ക്. പക്ഷേ കേരളത്തില്‍ 335 ലിറ്റര്‍ വെള്ളമാണ് ശരാശരി ഒരാള്‍ ഒരു ദിവസം ഉപയോഗിക്കുന്നത്. ...

 

 

 

പ്രകൃതിയെ നശിപ്പിക്കുന്ന ഇന്നിന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ കേരളവും ഈ ലോകം മൊത്തവും വരുംനാളുകളില്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് പോകുമെന്നുള്ള കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.“ ജെയിംസ് അറിയിച്ചു. പരിസ്ഥിതി മലിനീകരണം, ചൂഷണം ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിഷ്ക്രിയത്വം എല്ലാം പ്രബന്ധകാരന്‍ പ്രസ്താവിച്ചു. ഒപ്പം ഈ പ്രശ്‌നങ്ങളുടെയൊക്കെ നിവാരണമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കാനും മറന്നില്ല. ചര്‍ച്ചയില്‍ ഓരോരുത്തരം നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ അനുഭവങ്ങളിലൂടെ വ്യക്തമാക്കി. തുടര്‍ന്ന് ജോസഫ് തച്ചാറ ‘സര്‍പ്പം’ എന്ന അദ്ദേഹത്തിന്റെ കഥ അവതരിപ്പിച്ചു. ഒരുദിവസം അന്തോണി എന്ന വയോധികന്‍ ദേവി ക്ഷേത്രത്തിനടുത്തുവച്ച് ഒരു സര്‍പ്പത്തെ കാണുന്നതും ദേവിയെ മനസ്സില്‍ ധ്യാനിച്ച് സര്‍പ്പ ദംശനത്തില്‍നിന്ന് രക്ഷപെടുകയും ചെയ്യുന്നതാണ് കഥ. ഇവിടെ അന്തോണിയുടെ മനസ്സിന്റെ ദുര്‍ബലത കഥാകൃത്ത് ചിത്രീകരിച്ചിട്ടുണ്ട്. നൈനാന്‍ മാത്തുള്ള ആയിരുന്നു മോഡറേറ്റര്‍. പൊതു ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോര്‍ജ്, തോമസ് വൈക്കത്തുശ്ശേരി, ടോം വിരിപ്പന്‍, ദേവരാജ് കാരാവള്ളില്‍, ഷിജു ജോര്‍ജ്, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ജി. പുത്തന്‍കുരിശ്, ടി. എന്‍. ശാമുവല്‍, തോമസ് ചെറുകര, അജി നായര്‍, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

 

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.