You are Here : Home / USA News

'ഫാത്തിമാ മാതാവിനു' കൊപ്പേൽ സെന്റ് അൽഫോൻസായിൽ വരവേൽപ്പ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, June 20, 2017 11:35 hrs UTC

കൊപ്പേൽ: ഫാത്തിമയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളോടനുബന്ധിച്ചുള്ള ആഗോള പ്രയാണത്തിന്റെ ഭാഗമായി കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ എത്തിച്ചേർന്ന മാതാവിന്റെ തീര്‍ത്ഥാടന തിരുസ്വരൂപത്തിനു പ്രാർഥനാ നിർഭരമായ ആന്തരീഷത്തിൽ വിശ്വാസി സമൂഹം ഭക്തിനിർഭരമായി വരവേറ്റു. മാതാവിന്റെ തിരുസ്വരൂപവും, പ്രത്യക്ഷീകരണത്തിനു സാക്ഷികളായി വിശുദ്ധരായ ജസീന്ത, ഫ്രാൻസിസ്കോ മാർടോ എന്നിവരുടെ തിരുശേഷിപ്പുകളും ജൂൺ 9 ന് ഇടവക വികാരി ഫാ. ജോൺസ്റ്റി തച്ചാറയുടെ നേതൃത്വത്തിലാണ് ദേവാലയത്തിൽ സ്വീകരിച്ചത്. ജപമാല പ്രാർഥനകളോടെ ഒരുങ്ങിയ വിശ്വാസി സമൂഹം മാതൃസ്വരൂപത്തെ ദേവാലയത്തിലെ തിരുഹൃദയ കപ്പേളയിൽ വരവേറ്റു.

 

 

 

 

തുടർന്ന് ആഘോഷമായ പ്രദക്ഷിണത്തോടെ ദേവവാലയത്തിലേക്ക് ആനയിച്ചു അൾത്താരയിൽ പ്രതിഷ്ഠിച്ചു. വി. കുർബാനക്കു ശേഷം രാത്രി 10 മണി വരെ വിശ്വാസികൾക്കു മാതൃസ്വരൂപവും തിരുശേഷിപ്പുകളും വണങ്ങുന്നതിനു സൗകര്യമൊരുക്കിയിരിന്നു. ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങളിൽ ഇൻഡോർ രൂപതാ ബിഷപ്പ് മാർ. ചാക്കോ തോട്ടുമാരിക്കൽ മുഖ്യ കാർമ്മികനായിരുന്നു. പരിശുദ്ധ മാതാവ് നമുക്ക് പ്രിയങ്കരിയാണ്. പാപങ്ങളിൽനിന്നകന്നു പരിശുദ്ധ ജീവിതം നയിക്കുവാനും നമ്മുടെ ആത്മ രക്ഷ ഉറപ്പാക്കാനും, യേശുവിന്റെ അടുത്ത് നമ്മെ എത്തിക്കുവാനും മാതാവ് നിരന്തരം ശ്രമിക്കുന്നു എന്ന് മാർ. ചാക്കോ തോട്ടുമാരിക്കൽ വചന സന്ദേശ മദ്ധ്യേ പറഞ്ഞു . പ്രത്യക്ഷപ്പെടലിന്റെ പരമ്പരയിൽ മാതാവ് മൂന്നു കുട്ടികളിലൂടെ മാനവരരാശിക്ക്‌ നൽകുന്ന സന്ദേശത്തിന്റെ കാതൽ മാനസാന്തരപ്പെടുക , ലോകത്തിന്റെ പാപങ്ങൾക്ക് വേണ്ടി പ്രായശ്ചിത്തം ചെയ്യുക, ജപമാല ചൊല്ലി പ്രാർഥിക്കുക എന്നിവയാണ്.

 

 

 

നമ്മെയും ലോകത്തെയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുക. നോഹയുടെ പേടകത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ രക്ഷപെട്ടതുപോലെ അമ്മയുടെ വിമല ഹൃദയത്തിൽ 'അമ്മ നമുക്ക് അഭയം നൽകും. അഞ്ചു ആദ്യശനിയാഴ്ചകളിൽ കുമ്പസാരിച്ചു വി. കുർബാന കൈകൊണ്ടു അനുതപിച്ചു പ്രാർത്ഥിക്കുന്നവർക്ക് രക്ഷയുടെ വാഗ്ദാനം മാതാവ് നൽകിയിട്ടുണ്ട്. ഈ സന്ദേശം ഇന്നും പ്രസ്കതമാണ്. ഫാത്തിമാ മാതാവിന്റെ സന്ദേശം ലോകത്തിൽ എത്തിക്കുവാനും പ്രാവർത്തികമാക്കാനും വിശ്വാസികൾ പരിശ്രമിക്കണമെന്നും മാർ. ചാക്കോ തോട്ടുമാരിക്കൽ കൂട്ടി ചേർത്തു. ദേവാലയത്തിൽ എത്തിച്ചേർന്ന വിശ്വാസികൾക്ക് സ്വാഗതാമാശംസിച്ച ഫാ. ജോൺസ്റ്റി തച്ചാറ അനുദിന ജീവിതത്തിൽ ഫാത്തിമാ സന്ദേശത്തിന്റെ പ്രസക്തി ഏറിവരുകയാണെന്നും ഫാത്തിമാചരണ വർഷത്തിൽ അനുതാപവും പ്രാർഥനയും ഏറെ ആവശ്യമാണെന്നും വിശ്വാസികളെ ഓർമ്മിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.